സ്‌റ്റൈലിഷ് ചിത്രങ്ങളുടെ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത് നവംബര്‍ 19നായാണ്. ബിഗ് ബി, ബാച്ചലര്‍ പാര്‍ട്ടി, സാഗര്‍ ഏലിയാസ് ജിക്കി, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അമല്‍ നീരദ് മറ്റൊരു ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. 2012ല്‍ പുറത്തിറങ്ങിയ ബാച്ചലര്‍ പാര്‍ട്ടിയുടെ സ്പിരിച്ചവല്‍ സ്വീക്വലായ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവാണ് വരുന്ന വ്യാഴാഴ്ച റിലീസിനൊരുങ്ങുന്നത്.

ചിത്രത്തിന്റെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളും ട്രെയ്‌ലറും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്. ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, നസ്ലെന്‍, ചന്തു സലീം കുമാര്‍, ലാല്‍, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: Facebook.com

ചിത്രം പരാജയമാകുമെന്ന് പലരും മുന്‍വിധിയെഴുതുന്നുണ്ടെങ്കിലും ചിത്രത്തിലെ വന്‍താരനിരയിലാണ് പ്രേക്ഷക പ്രതീക്ഷ. മുന്‍നിര താരങ്ങളും യുവതാരങ്ങളും അടങ്ങുന്ന ചിത്രം അമല്‍ നീരദ് എങ്ങനെയായിരിക്കും ഒരുക്കിയത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. ഇപ്പോഴിതാ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിനെ കുറിച്ചും ഇത്തരത്തില്‍ താരസമ്പന്നമായ ചിത്രം മലയാളത്തില്‍ സംഭവിക്കുന്നതിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ ആക്ടേഴ്‌സിനും ടെക്‌നീഷ്യന്‍സിനും ഒരു അമല്‍ നീരദ് ചിത്രത്തില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും. അതുകൊണ്ട് തന്നെ നമുക്കേറ്റവും വൈബ് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ ജെല്‍ ചെയ്യാന്‍ പറ്റുന്ന ആളുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് വലിയൊരു കാര്യം തന്നെയാണ്. എനിക്ക് തോന്നുന്നത് മലയാള സിനിമയിലാണ് ഇങ്ങനെ വലിയ ക്യാന്‍വാസില്‍ വലിയ ആക്ടേഴ്‌സ് അല്ലെങ്കില്‍ ടാലന്റഡ് ആക്ടേഴ്‌സിന്റെ ഒരു കൂട്ടായ്മ എപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നത്.

നമ്മുടെ മുന്നില്‍ അതിനുള്ള ഉദാഹരണങ്ങളുണ്ട്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രങ്ങളാണെങ്കിലും, ത്രില്ലറോ ആക്ഷനോ തുടങ്ങി ഏത് ഴോണറിലുള്ള സിനിമകളാണെങ്കിലും ഇത്രയും വലിയ സ്റ്റാര്‍സിന്റെ ഒരു കോമ്പോ മലയാള സിനിമയില്‍ എടുത്തുപറയത്തക്ക രീതിയില്‍ കാണാന്‍ സാധിക്കും. ആ രീതിയില്‍ കാണാന്‍ പറ്റിയ മറ്റൊരു സിനിമയായിരിക്കും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. എല്ലാവരുടെയും ഒരു കൂട്ടായ്മ ഇതിലുണ്ട്. ഒരാള്‍ക്ക് മേല്‍ക്കൈ എന്നതിനപ്പുറം ആ സിനിമയുടെ ടോട്ടാലിറ്റിക്ക് വേണ്ടി ഞങ്ങളെല്ലാവരും ഒന്നിച്ച് ചേര്‍ന്ന് നില്‍ക്കുന്നു എന്നതാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ പ്രത്യേകത,’ കുഞ്ചാക്കോ പറഞ്ഞു.

Content Highlight: Kunchako Boban talks about star cast in bachelor Party Deux movie directed by Amal Neerad