മലയാളത്തില്‍ കരിയറാരംഭിച്ച് തമിഴില്‍ തന്റേതായ സ്ഥാനം നേടിയ നടിമാരുടെ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് അനിഷ്മ അനില്‍കുമാര്‍. ഗിരീഷ് എ.ഡി പരിചയപ്പെടുത്തിയ അനിഷ്മ ഈ വര്‍ഷം തമിഴില്‍ ഭാഗമായ മൂന്ന് സിനിമകളും വലിയ വിജയം സ്വന്തമാക്കി. മൂന്ന് സിനിമകളിലും താരത്തിന്റെ പ്രകടനവും പലരും എടുത്തു പറഞ്ഞിരുന്നു.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മൊത രാത്രിയിലും അനിഷ്മയുടെ പ്രകടനം ഗംഭീരമായിരുന്നു. മുത്തുസെല്‍വി എന്ന കഥാപാത്രം സിനിമാപേജുകളിലും നിരൂപകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി. മൊത രാത്രിയും അതിലെ പ്രകടനവും ഇത്രയും വലിയ ചര്‍ച്ചയാകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് അനിഷ്മ പറഞ്ഞിരുന്നു.

കരിയറില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് ഐ ആം കാതലനിലൂടെയാണെന്നും താരം പറയുന്നു. നസ്ലെനായിരുന്നു ആ ചിത്രത്തില്‍ നായകനെന്നും ഒന്നിച്ച് അഭിനയിച്ചത് നല്ല അനുഭവമായിരുന്നെന്നും അനിഷ്മ കൂട്ടിച്ചേര്‍ത്തു. പ്രേമലുവിന് മുന്നേ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു അതെന്നും റിലീസാകാന്‍ വൈകിയെന്നും താരം പറഞ്ഞു. മാഡിസം ഡിജിറ്റലിനോട് സംസാരിക്കുകയായിരുന്നു താരം.
‘നസ്ലെന് എനിക്ക് എന്നും ഒരു ഇന്‍സ്പിരേഷനാണ്. ഐ ആം കാതലന്‍ ചെയ്യുന്ന സമയത്ത് നസ്ലെന് സ്റ്റാറാണ്. തമിഴില്‍ ഓരോ പടവും ചെയ്യുന്ന സമയത്ത് അവിടെയുള്ളവര്‍ നസ്ലെനെക്കുറിച്ചാണ് സംസാരിച്ചത്. അതൊക്കെ കാണുമ്പോള്‍ ശരിക്കും ഇന്സ്പെയറാകാറുണ്ട്. അവന്റെ ഗ്രോത്ത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

സെലക്ട് ചെയ്യുന്ന സ്ക്രിപ്റ്റുകളും ചെയ്യുന്ന റോളുമെല്ലാം കിടിലനാണ്. എല്ലാ സീനുകളിലേക്കും എളുപ്പത്തില്‍ ട്രാന്‍സ്ഫോം ചെയ്യാന്‍ നസ്ലെനുള്ള കഴിവും എടുത്തുപറയണം. ഇപ്പോള്‍ ദേ തമിഴിലും അവന് എത്തിയിരിക്കുകയാണ്. സൂര്യ സാറിന്റെ വില്ലനായിട്ട്. ആ ടീസര്‍ കാണുമ്പോള്‍ തന്നെ ഞാന്‍ ഞെട്ടിപ്പോയി,’ അനിഷ്മ പറഞ്ഞു.
സംവിധായകന് ഗിരീഷ് എ.ഡിയെക്കുറിച്ചും താരം സംസാരിച്ചു. പൂവന് സിനിമയുടെ ഓഡിഷന്റെ സമയത്ത് ഗിരീഷ് എ.ഡിയോട് ചാന്‍സ് ചോദിക്കണമെന്നുണ്ടായിരുന്നെന്നും എന്നാല്‍ പേടി കാരണം അത് നടന്നില്ലെന്നും അനിഷ്മ പറഞ്ഞു. എല്ലാവര്ക്കും റിലേറ്റബിളാകുന്ന കഥാപാത്രങ്ങളാണ് ഗിരീഷ് എ.ഡിയുടെ പ്രത്യേകതയെന്നും താരം പറയുന്നു.
Content Highlight: Anishma Anilkumar about the shooting experience with Naslen
