രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ‘സീൻ’. സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പുതന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 200 കോടി രൂപയും ചിത്രം സ്വന്തമാക്കി.
സൂര്യ ഇൻമ്പരാജ് എന്ന കഥാപാത്രമായി എത്തുമ്പോൾ, ഈശ്വർ എന്ന വില്ലൻ വേഷത്തിലാണ് നസ്ലെൻ അഭിനയിക്കുന്നത്. മായ എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘സീൻ’ എന്ന ചിത്രത്തിനുണ്ട്.

സീൻ. Photo. IMDb
ഇപ്പോഴിതാ ‘സീൻ’ സിനിമയിലെ നസ്രിയയുടെ അഭിനയത്തെക്കുറിച്ചും ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. ചിത്രത്തിൽ നസ്രിയ വളരെ ഒതുക്കിയാണ് ആദ്യം അഭിനയിച്ചിരുന്നതെന്നും കുറച്ചുകൂടി തുറന്ന് പെർഫോം ചെയ്യാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും ജിത്തു പറയുന്നു. പലതവണ പ്രോത്സാഹിപ്പിച്ച ശേഷമാണ് നസ്രിയ കൂടുതൽ ഓപ്പണായി അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ അഭിനേതാക്കൾക്കും ഒരേ രീതിയിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയില്ലെന്നും നസ്രിയയുടെ സ്വാഭാവികമായ പ്രതികരണങ്ങളാണ് സിനിമയിൽ ആ കഥാപാത്രത്തെ കൂടുതൽ രസകരമാക്കിയതെന്നും ജിത്തു എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന അഭിമുഖത്തിൽ പറഞ്ഞു.
‘നസ്രിയ പെർഫോം ചെയ്യുന്ന സമയത്ത് ഭയങ്കരമായിട്ട് അണ്ടർ പെർഫോം ചെയ്യുകയായിരുന്നു. ഒതുക്കിവെച്ചാണ് ചെയ്തത്. കുറച്ചുകൂടി തുറന്ന് ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു. അങ്ങനെ പുഷ് ചെയ്ത് പുഷ് ചെയ്താണ് ചെയ്യിപ്പിച്ചത്. കുറച്ചുകൂടി കൺട്രോൾഡ് ആയിട്ട് പെർഫോം ചെയ്യാനും അവൾ ശ്രമിച്ചിരുന്നു.
എല്ലാ ആർട്ടിസ്റ്റുകൾക്കും അങ്ങനെ ക്യൂട്ടായിട്ട് അഭിനയിക്കാൻ പറ്റില്ല. നാച്ചുറലായി അങ്ങനെ പെരുമാറുകയും അത് കാണുമ്പോൾ നമുക്ക് അരോചകമായി തോന്നാതിരിക്കുകയും ചെയ്യുന്ന ആളുകൾക്കേ അത് സാധിക്കൂ. നസ്രിയയുടെ റിയാക്ഷനുകളെല്ലാം സ്വാഭാവികമായിട്ടുള്ളതാണ്. അതുകൊണ്ടാണ് സിനിമയിൽ അത് നമുക്ക് അത്രയും രസമായി തോന്നുന്നത്’, ജിത്തു മാധവൻ പറഞ്ഞു.
ചിത്രത്തിൽ നസ്രിയ മേക്കപ്പ് ഉപയോഗിക്കാതെയാണ് അഭിനയിച്ചതെന്നും അതിന് തയ്യാറായത് വലിയ കാര്യമാണെന്നും സംവിധായകൻ പറഞ്ഞു. സിനിമയിൽ നസ്രിയയ്ക്ക് നിരവധി ക്ലോസപ്പ് ഷോട്ടുകളുണ്ടായിരുന്നു. മേക്കപ്പില്ലാതെ ഇത്രയും ക്ലോസപ്പ് ഷോട്ടുകളിൽ അഭിനയിക്കാൻ തയ്യാറാകാൻ ആത്മവിശ്വാസം വേണമെന്നും ജിത്തു കൂട്ടിച്ചേർത്തു.
‘നസ്രിയയ്ക്ക് മേക്കപ്പ് ഒന്നുമുണ്ടായിരുന്നില്ല. അതിന് സമ്മതിച്ചത് തന്നെ വലിയൊരു കാര്യമായിട്ടാണ് ഞാൻ കാണുന്നത്. അത്രയും ക്ലോസപ്പ് ഷോട്ടുകൾ അവർക്കുണ്ടായിരുന്നു. “മേക്കപ്പില്ലാത്ത എന്റെ മുഖത്താണോ ക്യാമറ വെക്കുന്നത്” എന്നായിരുന്നു നസ്രിയ ചോദിച്ചിരുന്നത്. അത്രയും ക്ലോസപ്പുകളായിരുന്നു കൂടുതലും. അതിന് കോൺഫിഡൻസ് വേണം. അങ്ങനെ ചെയ്യാൻ തയ്യാറാകുക എന്നത് തന്നെ വലിയ കാര്യമാണ്. അത് ഈസിയല്ല.

ജിത്തു മാധവൻ. Photo. Screnn Grab/ Youtube
ഒരാളുടെ കംഫർട്ട് ലെവലിനപ്പുറത്തേക്ക് നമുക്ക് അവരെ പുഷ് ചെയ്യാൻ പറ്റില്ല. ഒരാൾ കംഫർട്ടബിൾ അല്ലെങ്കിൽ നമ്മൾ ഒരിക്കലും അതിന് ശ്രമിക്കില്ല. മേക്കപ്പില്ലാതെ തന്നെ അഭിനയിക്കണമെന്ന് നസ്രിയയോട് വാശിപിടിക്കാനും എനിക്ക് കഴിയില്ല. പക്ഷേ, ഒരുപാട് തവണ പറഞ്ഞപ്പോൾ നസ്രിയ അതിന് തയ്യാറായി. അവൾക്ക് അതിനുള്ള കോൺഫിഡൻസ് ഉണ്ടായിരുന്നു’, ജിത്തു മാധവൻ പറഞ്ഞു.
Content Highlight: Director Jithu Madhavan talks about Nazriya’s performance in the film ‘Scene’ and his experiences during the shoot.
