‘അത്ഭുതദ്വീപ് 2’ൽ പൃഥ്വിരാജിന് പകരമാണ് താൻ അഭിനയിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്ന് നടൻ സാഗർ സൂര്യ. ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ താൻ ഭാഗമാണെന്ന് അറിയിച്ചിരുന്നുവെന്നും പൃഥ്വിരാജ് ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ടോ എന്നുപോലും അറിയില്ലെന്നും സാഗർ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടൻ പറഞ്ഞു.
‘അത്ഭുതദ്വീപ് 2ൽ പൃഥ്വിരാജിന് പകരം ഞാനാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ ഞാനതിലുണ്ടെന്ന് പറഞ്ഞിരുന്നു. ഇനി അതിൽ രാജു ചേട്ടൻ കാമിയോ റോളിൽ വരുന്നുണ്ടോ എന്നുപോലും എനിക്കറിയില്ല. ആ പ്രോസസിനെക്കുറിച്ച് എനിക്ക് അറിയില്ല.

കുരുതി. Photo. Facebook.com
ഈ മാസം തന്നെ ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്നാണ് കരുതുന്നത്. കുറച്ച് വലിയ സിനിമയാണ്. എക്സ്പിരിമെന്റൽ ടൈപ്പിലുള്ള ചിത്രമാണ്. ഞാനുമൊക്കെ ഇങ്ങനെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് റിസ്കുമുണ്ട്. പക്ഷേ നന്നായി വരുമെന്ന് വിശ്വസിക്കാം. ചെയ്തുവരുമ്പോഴല്ലേ അറിയാൻ കഴിയൂ’, സാഗർ സൂര്യ പറഞ്ഞു.
തന്റെ കരിയറിൽ പൃഥ്വിരാജ് നൽകിയ പിന്തുണയെക്കുറിച്ചും സാഗർ സംസാരിച്ചു. ‘കുരുതി’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് തനിക്ക് നല്ലൊരു കഥാപാത്രം നൽകിയതെന്നും താരം പറഞ്ഞു.
‘രാജു ചേട്ടനോടൊരു കടപ്പാടുണ്ട്. ‘കുരുതി’ എന്ന സിനിമയിൽ എനിക്ക് നല്ലൊരു ക്യാരക്ടർ റോൾ തരുന്നത് രാജു ചേട്ടനാണ്. അതിനുശേഷമാണ് എനിക്ക് നല്ല കഥാപാത്രങ്ങൾ വന്നുതുടങ്ങിയത്. അന്ന് രാജു ചേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് അദ്ദേഹത്തോട് എനിക്ക് പ്രത്യേകമായൊരു കടപ്പാടുണ്ട്’, സാഗർ പറഞ്ഞു.
കുരുതിയിൽ നസ്ലെനൊപ്പം അഭിനയിച്ചിരുന്നതിനെ കുറിച്ചും സാഗർ പറഞ്ഞു. എല്ലാവരും പരസ്പരം പിന്തുണച്ചാണ് മുന്നോട്ടുപോകുന്നതെന്നും പ്രേക്ഷകർക്ക് നല്ലൊരു സിനിമാനുഭവം നൽകാനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.

കുരുതി. Photo.IMDb
‘കുരുതിയിൽ ഞാനും നസ്ലെനുമൊക്കെ ഒരുമിച്ചുണ്ടായിരുന്നു. അന്നുതന്നെ രാജു ചേട്ടൻ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ അതിനുശേഷം എനിക്ക് നല്ല റോളുകൾ കിട്ടിയിരുന്നില്ല. ‘പണി’ സിനിമയ്ക്ക് ശേഷമാണ് നല്ല കഥാപാത്രങ്ങൾ കിട്ടിത്തുടങ്ങിയത്. ഇപ്പോൾ എല്ലാവരും ഒരു ടീമാണ്. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സപ്പോർട്ട് ചെയ്ത് നല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ട്. നമുക്ക് പറ്റുന്ന രീതിയിൽ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാൻ കഴിയട്ടെ. അതിനുള്ള ശ്രമമാണ് ഇതെല്ലാം’, സാഗർ സൂര്യ പറഞ്ഞു.
Content Highlight: Actor Sagar Surya says he did not get good roles after the movie ‘Kuruthi’
