പേരും പ്രശസ്തിയും ലഭിക്കുന്നതിന് മുമ്പുതന്നെ നാട്ടിൽ അറിയപ്പെടുന്ന ഡാൻസറായിരുന്നു താനെന്ന് നടി ഷംന കാസിം. കുട്ടിക്കാലത്ത് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് രണ്ടും മൂന്നും സ്റ്റേജ് ഷോകൾ വരെ ചെയ്യാറുണ്ടായിരുന്നു. അന്ന് നൃത്തം പഠിപ്പിച്ചതും പരിശീലനത്തിനൊപ്പം കർശനമായി ശ്രദ്ധിച്ചതുമെല്ലാം അമ്മയായിരുന്നുവെന്നും ഷംന പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയുടെ അഭിമുഖത്തിൽ കുട്ടിക്കാലത്തെ നൃത്ത ഓർമകളും വിവിധ ഭാഷകളിലെ സിനിമാ അനുഭവങ്ങളും പങ്കുവെക്കുകയാണ് താരം.
‘പേരും പ്രശസ്തിയും വരുന്നതിന് മുമ്പുതന്നെ കണ്ണൂരിൽ ഞാൻ സ്റ്റാറായിരുന്നു. ന്യൂ ഇയറിനൊക്കെ രണ്ടോ മൂന്നോ സ്റ്റേജ് ഷോകൾ ചെയ്യുമായിരുന്നു. അവിടുത്തെ മിക്കവാറും അമ്പലങ്ങളിലും ഡാൻസ് ചെയ്തിട്ടുണ്ട്. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയവരുടെ പാട്ടുകൾക്കാണ് നൃത്തം ചെയ്യുക. അത് പഠിക്കാൻ അന്ന് വിസിആർ കാസറ്റുകളാണ് തരുന്നത്. ഞാൻ ഡാൻസ് പ്രാക്ടീസ് ചെയ്യുമ്പോൾ മമ്മി പച്ചക്കറി വെട്ടിക്കൊണ്ട് അരികിൽ ഇരിക്കും. ഒരു വടിയും കൈയിലുണ്ടാകും. സ്റ്റെപ്പ് തെറ്റുമ്പോൾ അത് എടുത്തെറിയും’, ഷംന പറഞ്ഞു.

നൃത്തത്തിലെ തന്റെ ഗുരു അമ്മ തന്നെയാണെന്നും താരം ഓർത്തെടുത്തു. ഹിപ്പ് മൂവ്മെന്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിച്ചത് അമ്മയായിരുന്നു. ഭരതനാട്യത്തിന് മാത്രമാണ് പ്രത്യേകം അധ്യാപിക ഉണ്ടായിരുന്നതെന്നും ഷംന വ്യക്തമാക്കി.
‘ഹിപ്പ് മൂവ്മെന്റ്സ് ഒക്കെ പറഞ്ഞുതന്നത് മമ്മിയാണ്. ഭരതനാട്യത്തിന് മാത്രമാണ് വേറെ ടീച്ചർ ഉണ്ടായിരുന്നത്. അല്ലാത്ത ഡാൻസിലെ എന്റെ ഗുരു മമ്മി തന്നെയാണ്’, ഷംന കൂട്ടിച്ചേർത്തു.
വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തനിക്ക് തമിഴിലും തെലുങ്കിലുമാണ് കൂടുതൽ കംഫർട്ട് തോന്നിയിട്ടുള്ളത്. ആ ഭാഷകളിൽ കൂടുതൽ തവണ ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളതുകൊണ്ടാകാം അങ്ങനെ തോന്നുന്നതെന്നും താരം പറയുന്നു. തമിഴ് പഠിക്കാൻ താരതമ്യേന എളുപ്പമായിരുന്നെങ്കിലും തെലുങ്ക് സിനിമയിലെ ആദ്യ അനുഭവം അത്ര എളുപ്പമായിരുന്നില്ലെന്നും നടി വ്യക്തമാക്കി.
‘അഭിനയിക്കുമ്പോൾ എനിക്ക് കൂടുതൽ കംഫർട്ട് തോന്നിയിട്ടുള്ളത് തമിഴിലും തെലുങ്കിലുമാണ്. അവിടെ കൂടുതൽ ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളതുകൊണ്ടാകാം. തമിഴ് പഠിക്കാൻ കുറച്ചുകൂടി എളുപ്പമാണ്. തെലുങ്ക് ആദ്യമായി ചെയ്തപ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു. ‘ചിന്താമണി കൊലക്കേസി’ന്റെ റീമേക്കിൽ ഭാവന ചെയ്ത കഥാപാത്രമാണ് ഞാൻ തെലുങ്കിൽ ആദ്യമായി അവതരിപ്പിച്ചത്. അതിനുശേഷം ഇനി ആ ഇൻഡസ്ട്രി വേണ്ട എന്നൊക്കെ തീരുമാനിച്ചിരുന്നു. പിന്നീട് രണ്ടുമൂന്നുവർഷത്തിനുശേഷം വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിച്ചു’, ഷംന പറഞ്ഞു.

ഇന്നത്തെപ്പോലെ വലിയ തയ്യാറെടുപ്പുകളോടെയായിരുന്നില്ല അന്ന് സിനിമയിലേക്ക് എത്തിയതെന്നും ഓരോ അനുഭവങ്ങളിലൂടെയാണ് കാര്യങ്ങൾ പഠിച്ചതെന്നും താരം കൂട്ടിച്ചേർത്തു. തെലുങ്ക് പഠിപ്പിക്കാൻ ആളുകളെ ഏർപ്പെടുത്തിയതോടെ പതിയെ ആ ഭാഷയുമായി അടുപ്പമുണ്ടാക്കാൻ കഴിഞ്ഞെന്നും ഷംന പറഞ്ഞു.
Content Highlight: Actress Shamna Kasim stated that she was a well-known dancer in her hometown even before gaining fame and recognition.
