ന്യൂദൽഹി: എസ്.ഐ.ആറിൽ പേര് ഒഴിവാക്കപ്പെട്ട ശേഷം ഫോം ആറ് ഉപയോഗിച്ച് വീണ്ടും അപേക്ഷിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ.

നിലവിൽ പാർലമെന്റ് മണ്ഡലത്തിലെയോ നിയമസഭാ മണ്ഡലത്തിലെയോ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും അപേക്ഷയിൽ ശരിയായ വിവരങ്ങൾ നൽകിയിരിക്കുന്നവർക്കുമാണ് ഈ ഉറപ്പ് ബാധകമാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഈ വിശദീകരണത്തിന് പ്രാദേശിക ഭാഷകളിലടക്കം പ്രചാരം നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഫോം ആറിലൂടെ വീണ്ടും അപേക്ഷ നൽകിയാൽ 1950 ലെ ജനാധിപത്യ നിയമത്തിലെ സെക്ഷൻ 31 പ്രകാരം പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് കമ്മീഷന്റെ വിശദീകരണമെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

‘മുൻ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും എസ്.ഐ. ആറിന്റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയ അപേക്ഷകർക്ക് വീണ്ടും പേര് ചേർക്കുന്നതിനായി ഫോം ആറ് വഴി അപേക്ഷിക്കുന്നത് പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമോ എന്ന ആശങ്കകൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദീകരണം. ‘ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

കരട് പട്ടികയിൽ പേര് വരാത്ത ഒരാൾ വീണ്ടും ഫോം ആറിലൂടെ അപേക്ഷ നൽകിയെന്ന ഒറ്റക്കാരണത്താൽ അയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകില്ല ഇ.സി.ഐ കൂട്ടിച്ചേർത്തു.

സ്ഥലത്തില്ലാത്തവർ , താമസം മാറിയവർ, മരിച്ചവർ അല്ലെങ്കിൽ ഒന്നിലധികം തവണ പേര് വന്നെന്ന കാരണത്താൽ പട്ടികയിൽ നിന്നും വിട്ടുപോയ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടെത്തുണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ഇ.ആർ.ഒ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ), എ.ഇ.ആർ.ഒ (അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ) അല്ലെങ്കിൽ ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ) എന്നിവർക്ക് എന്യൂമറേഷൻ ഫോം നല്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും കമ്മീഷൻ അറിയിച്ചു.

‘വോട്ടർ പട്ടികയിൽ പേര് ആവർത്തിക്കുന്നത് തടയാൻ കൃത്യമായ ശ്രദ്ധ ചെലുത്തണം. യോഗ്യതയുള്ള ഒരു വോട്ടർക്കും പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കും.’ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Content Highlight: sir updates; voters can reapply via form 6 without fear of prosecution, Election Commission assures Supreme Court