നേപ്പിൾസ്: ഗസയിലെ യുദ്ധക്കെടുതികൾക്കിടയിൽ തങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന ഫലസ്തീനിയൻ അമ്മമാരുടെ വേദന ലോകത്തിന് മുന്നിൽ തുറന്നുകാട്ടി ഇറ്റാലിയൻ കലാകാരന്റെ വ്യത്യസ്തമായ പ്രതിഷേധം.
ഉണ്ണിയേശുവിനെ കൈകളിലേന്തി നിൽക്കുന്ന കന്യാമറിയത്തിന്റെ ചിത്രത്തിന്റെ ഉപരിതലം കീറിമാറ്റുമ്പോൾ, അതിനുള്ളിൽ ഗസയിലെ തകർച്ചകൾക്കിടയിൽ കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്ന ഫലസ്തീനിയൻ അമ്മയുടെ ചിത്രം തെളിഞ്ഞുവരുന്ന രീതിയിലാണ് കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.
ഇറ്റാലിയൻ ഫോട്ടോ ജേർണലിസ്റ്റും വിഷ്വൽ ആർട്ടിസ്റ്റുമായ എഡ്വാർഡോ കാസ്റ്റാൾഡോയാണ് ‘ഹോളി മദേഴ്സ് ഓഫ് ഗസ നമ്പർ 20’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
നവംബർ 11-ന് ഇറ്റലിയിലെ നേപ്പിൾസിലുള്ള ചരിത്രപ്രസിദ്ധമായ പാപ്പക്കോഡ ചാപ്പലിലാണ് ഈ സൃഷ്ടി അനാച്ഛാദനം ചെയ്തത്.
കാസ്റ്റാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, കന്യാമറിയത്തിന്റെ ചിത്രത്തിന്റെ ഒരു ഭാഗം അടർത്തിമാറ്റുമ്പോൾ ഫലസ്തീനിയൻ ഫോട്ടോ ജേർണലിസ്റ്റ് ഒമർ എൽ ഖത്ത പകർത്തിയ ഗസയിലെ അമ്മയുടെ ചിത്രം വെളിപ്പെടുന്നത് കാണാം.
കുഞ്ഞിനെ കൈകളിലേന്തുന്ന മറിയത്തിന്റെ പരിചിതമായ മതപരമായ ബിംബവും, യുദ്ധത്തിന്റെ ഭീകരത നേരിടുന്ന ഫലസ്തീനിയൻ സ്ത്രീകളുടെ യാഥാർഥ്യങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് ഈ സൃഷ്ടി അടയാളപ്പെടുത്തുന്നത്.
പരമ്പരാഗതമായി മതപരമായ ഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇടങ്ങളിലേക്ക് ഗസയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വേദനകളെ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വിശുദ്ധ ചിത്രം കീറുന്നത് അനിവാര്യമായ ഒരു ദുഖത്തിന്റെ പ്രവൃത്തിയായി മാറുന്നുവെന്നും, അത് മുറിവുണക്കുകയും നമ്മെ ഒന്നിപ്പിക്കുകയും അനുകമ്പയിലേക്ക് നയിക്കുകയും ചെയ്യുന്ന മുറിവാണെന്നും കാസ്റ്റാൾഡോ പ്രതികരിച്ചതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള യുപി മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
നേപ്പിൾസിലെ പള്ളികളിലേക്കും ചരിത്രപ്രസിദ്ധമായ തെരുവുകളിലേക്കും ഗസയിൽ നിന്നുള്ള ചിത്രങ്ങൾ എത്തിക്കുന്ന ‘ഹോളി മദേഴ്സ് ഓഫ് ഗസ’ എന്ന അദ്ദേഹത്തിന്റെ വിപുലമായ പ്രോജക്റ്റിന്റെ ഭാഗമാണിത്. നേപ്പിൾസ് നഗരത്തെ ‘സയണിസ്റ്റ് വിരുദ്ധ’ നഗരമായാണ് കാസ്റ്റാൾഡോ വിശേഷിപ്പിച്ചിട്ടുള്ളത്.
നേരത്തെ ഓഗസ്റ്റിൽ, ഫലസ്തീനിയൻ ഫോട്ടോഗ്രാഫർ ബിലാൽ ഖാലിദ് ഗസയിൽ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തി ഈ പരമ്പരയിലെ നാല് സൃഷ്ടികൾ അദ്ദേഹം പുറത്തുവിട്ടിരുന്നു.
നേപ്പിൾസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്വാർഡോ കാസ്റ്റാൾഡോ മുൻപ് മിഡിൽ ഈസ്റ്റിൽ ഫോട്ടോ ജേർണലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയെ മതപരമായ ബിംബങ്ങളുമായും പൊതു ഇടങ്ങളിലെ കലയുമായും സംയോജിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെതിരായ പ്രക്ഷോഭം പകർത്തിയ ‘ഡോൺ ഓഫ് എ റെവല്യൂഷൻ’ എന്ന ഫോട്ടോ സ്റ്റോറിക്ക്, 2012-ലെ വേൾഡ് പ്രസ് ഫോട്ടോ മത്സരത്തിൽ സ്പോട്ട് ന്യൂസ് വിഭാഗത്തിൽ അദ്ദേഹത്തിന് മൂന്നാം സമ്മാനം ലഭിച്ചിരുന്നു.
Content Highlight: Italian artist peels back layers of sacred imagery to reveal the pain of mothers in Gaza.
