സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. മോളിവുഡിലെ ബ്രാന്‍ഡ് ഡയറക്ടര്‍മാരിലൊരാളായ അമല്‍ നീരദ് അണിയിച്ചൊരുക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയുണര്‍ത്തുന്ന ഒന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലാണ് ഇപ്പോള്‍ തിയേറ്ററുകളിലെത്തുന്നത്.

സമീപകാലത്ത് ഏറ്റവുമധികം താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. നസ്‌ലെന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്‌, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഹന്‍സിക ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ.

ചിത്രത്തില്‍ നസ്‌ലെന്റെ പെയറായിട്ടാണ് ഹന്‍സിക വേഷമിടുന്നത്. സോഷ്യല്‍ മീഡിയ റീല്‍ കണ്ടിട്ടാണ് അമല്‍ നീരദ് തന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തതെന്ന് താരം പറയുന്നു. അത്രയും വലിയ ക്രൂവും സ്റ്റാര്‍ കാസ്റ്റുമുള്ള ചിത്രത്തിന്റെ ഭാഗമായപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നെന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഈ പടത്തില്‍ മേക്കപ്പില്ലാതെയാണ് ഞാന്‍ അഭിനയിച്ചത്. റിയല്‍ ലൈഫില്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ക്യമാറക്ക് മുന്നിലും എത്തിയത്. നാച്ചുറല്‍ ലുക്ക് വേണമെന്നായിരുന്നു അമല്‍ സാര്‍ ആവശ്യപ്പെട്ടത്. എന്റെ ഈ ചുരുണ്ട മുടിയും മുഖത്തെ ചെറിയ ചുളിവും എല്ലാം കൃത്യമായി ക്യാമറയില്‍ കിട്ടിയിട്ടുണ്ട്. റോ ആയി നില്‍ക്കുന്നത് പുതിയൊരു എക്‌സ്പീരിയന്‍സായിരുന്നു.

മാക്‌സിമം ഭംഗിയായി നില്‍ക്കണം എന്നൊന്നും എനിക്കുണ്ടായിരുന്നില്ല. എല്ലാത്തിനെക്കാളും അമല്‍ നീരദ് സാറിന്റെ ഫ്രെയിമില്‍ നില്‍ക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഞാന്‍ നല്ല ഹാപ്പിയാണ്. മേക്കപ്പിട്ട് ഒരു ഷോട്ടുമില്ല. നാച്ചുറലായി നില്‍ക്കുന്നതിന്റെ ബ്യൂട്ടിയാണ് ഈ സിനിമയില്‍ കാണിച്ചിട്ടുള്ളത്,’ ഹന്‍സിക കൃഷ്ണ പറയുന്നു.

ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായല്ല അമല്‍ നീരദ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ഒരുക്കുന്നത്. ആദ്യഭാഗത്തെപ്പോലെ ഒരു ഗ്യാങ്ങിന്റെ കഥയാണ് ഇതെന്ന് ട്രെയ്‌ലറടക്കം എല്ലാ അപ്‌ഡേറ്റുകളും നല്‍കുന്നുണ്ട്. ബോഗെയ്ന്‍വില്ലക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഹിറ്റാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. നവംബര്‍ 19ന് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ തിയേറ്ററുകളിലെത്തും.

Content Highlight: Hansika Krishna saying she didn’t do any makeup for Bachelor Party D’Eux