ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് റൊണാൾഡീഞ്ഞോ. കളിക്കളത്തിൽ പല വലിയ പ്രതിഭയുള്ള താരങ്ങൾക്കൊപ്പം കളിച്ച അനുഭവ സമ്പത്തും റൊണാൾഡീഞ്ഞോക്കുണ്ട്. തന്റെ കരിയറിൽ ഇതുവരെ കളിക്കളത്തിൽ ഒരുമിച്ച് സാധിക്കാതെ പോയ താരം ആരാണെന്ന് റൊണാൾഡീഞ്ഞോ വ്യക്തമാക്കിയിരുന്നു.
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചില്ലെന്നാണ് ബ്രസീലിയൻ ഇതിഹാസം പറഞ്ഞത്. റൊണാൾഡോക്കൊപ്പം ഒരു മികച്ച കൂട്ടുകെട്ട് താൻ ആഗ്രഹിച്ചിരുന്നുവെന്നും റൊണാൾഡീഞ്ഞോ പറഞ്ഞിരുന്നു. എ.ബി. ടോക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റൊണാൾഡീഞ്ഞോ ഇക്കാര്യം വ്യക്തമാക്കിയത്.
‘മെസിക്കും റൊണാൾഡോക്കുമൊപ്പം (നസാരിയോ) ഞാൻ ഒരുപാട് കളിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് കളിക്കാൻ സാധിക്കാതിരുന്നത് ക്രിസ്റ്റ്യാനോക്കൊപ്പമാണ്. കരിയറിൽ അവനോടൊപ്പം കളിക്കാനുള്ള അവസരം നഷ്ടമായി. ആ കൂട്ടുകെട്ട് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയൊരു അനുഭവം എനിക്ക് ലഭിക്കാതെ പോയി,’ റൊണാൾഡീഞ്ഞോ പറഞ്ഞു.

ക്ലബ്ബ് കരിയറിൽ ബാഴ്സലോണ, പി.എസ്.ജി, എ.സി. മിലൻ എന്നീ വമ്പൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയ അനുഭവസമ്പത്തുള്ള താരമാണ് റൊണാൾഡീഞ്ഞോ. എന്നാൽ ഒരിക്കൽ പോലും റൊണാൾഡൊക്കൊപ്പം ഒരേ ടീമിൽ കളിക്കാനുള്ള ഭാഗ്യം ബ്രസീലിയൻ ഇതിഹാസത്തിന് ലഭിക്കാതെ പോയി.
2010-11 ചാമ്പ്യൻസ് ലീഗ് സീസണിൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും നേർക്കുനേർ എത്തിയിട്ടുണ്ട്. ബ്രസീലിയൻ ഇതിഹാസം എ.സി മിലാനിൽ കളിക്കുമ്പോൾ റൊണാൾഡോ റയൽ മാഡ്രിഡിന്റെ താരമായിരുന്നു.
ബ്രസീലിനൊപ്പമാണ് റൊണാൾഡോ നസാരിയോയും റൊണാൾഡീഞ്ഞോ ഒരുമിച്ച് കളത്തിലിറങ്ങിയത്. 2002ൽ ബ്രസീൽ അഞ്ചാം ലോക കിരീടം സ്വന്തമാക്കുമ്പോൾ ഇരുവരും ബ്രസീലിന്റെ പ്രധാന താരങ്ങളായിരുന്നു.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലായിരുന്നു റൊണാൾഡീഞ്ഞോ മെസിക്കൊപ്പം പന്തുതട്ടിയത്. 2003ലാണ് റൊണാൾഡീഞ്ഞോ ബാഴ്സയിലെത്തുന്നത്. 23ാം വയസിൽ കറ്റാലന്മാർക്കായി കളത്തിലിറങ്ങിയ ബ്രസീലിയൻ ഇതിഹാസം അഞ്ച് സീസണുകളിലാണ് ടീമിന്റെ നിറ സാന്നിധ്യമായത്. 2008ലാണ് റൊണാൾഡീഞ്ഞോ ബാഴ്സ വിട്ട് എ.സി. മിലാനിൽ ചേർന്നത്.
റൊണാൾഡീഞ്ഞോ ബാഴ്സയ്ക്കൊപ്പം മൂന്ന് കിരീട നേട്ടങ്ങളിലാണ് പങ്കാളിയായത്. രണ്ട് ലാ ലിഗ, ഒരു ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് സ്പാനിഷ് മണ്ണിൽ റൊണാൾഡീഞ്ഞോ കൈപ്പിടിയിലാക്കിയത്. ബാഴ്സയ്ക്കൊപ്പം 207 മത്സരങ്ങളിൽ കളിച്ച റൊണാൾഡീഞ്ഞോ 98 ഗോളുകളാണ് നേടിയിട്ടുള്ളത്.
Content Highlight: Brazil Legend Ronaldinho talks about Cristiano Ronaldo
