ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരത്തിൽ കിവികളെ എറിഞ്ഞു വീഴ്ത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്. ഇന്ത്യ മുന്നോട്ട് വെച്ച 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 48.1 ഓവറിൽ 187 റൺസിന് പുറത്തായി. സ്വന്തം മണ്ണിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്. 2019ൽ ഇന്ത്യയോട് തന്നെയാണ് കിവീസ് അവസാനമായി ഒരു ഹോം പരമ്പര തോറ്റത്.

ഏകദിനത്തിൽ ന്യൂസിലാൻഡിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഡിഫൻസ് ചെയ്തിരിക്കുന്നത്. 1990ൽ 221 റൺസായിരുന്നു ഇതിന് മുമ്പ് ഇന്ത്യ കിവീസിന്റെ മണ്ണിൽ ഡിഫൻഡ് ചെയ്തിരുന്നത്. ഇപ്പോൾ നീണ്ട 36 വർഷം പഴക്കമുള്ള റെക്കോഡും ശ്രേയസ് അയ്യരും സംഘവും തകർത്തിരിക്കുകയാണ്.

ഇതാദ്യമായല്ല, അയ്യരുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ലോവസ്റ്റ് ഡിഫൻഡിങ്ങിലൂടെ ടീമുകൾ വിജയം കൈവരിക്കുന്നത്. ഇന്റർനാഷണൽ ടി-20യിലും ഐ.പി.എല്ലിലും ഏറ്റവും കുറഞ്ഞ ടോട്ടൽ പ്രതിരോധിച്ചുകൊണ്ട് വിജയിച്ച ക്യാപ്റ്റനും അയ്യരാണ്.

ഈ വർഷം ജപ്പാനെതിരെ നടന്ന മത്സരത്തിലായിരുന്നു അയ്യരുടെ കീഴിൽ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നത്. മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ ജപ്പാനെതിരെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32 റൺസാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ജപ്പാൻ ഇന്നിങ്‌സ് 30 റൺസിൽ അവസാനിക്കുകയായിരുന്നു. 2008ൽ ബെർമുഡക്കെതിരെ 42 റൺസിന്റെ ടോട്ടൽ ഡിഫൻഡ് ചെയ്ത അയർലാൻഡിന്റെ റെക്കോഡ് ആയിരുന്നു ശ്രേയസ് അയ്യരും സംഘവും തകർത്തെറിഞ്ഞത്.

ഐ.പി.എല്ലിലെ ലോവസ്റ്റ് ടോട്ടൽ ഡിഫൻഡ് ചെയ്ത് വിജയിച്ച ക്യാപ്റ്റനെന്ന നേട്ടവും ശ്രേയസ് അയ്യരുടെ പേരിലാണ്. 2025 ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അയ്യരുടെ നേട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു അയ്യരുടെ കീഴിൽ പഞ്ചാബ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നത്.

കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 16 റൺസിനായിരുന്നു പഞ്ചാബിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.3 ഓവറിൽ 111 റൺസിന് പുറത്താവുകയായിരുന്നു. ഈ മത്സരം കൊൽക്കത്ത അനായാസമായി വിജയിക്കുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അയ്യരുടെ തന്ത്രങ്ങളിൽ പഞ്ചാബ് ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

കൊൽക്കത്തയെ വെറും 95 റൺസിന് പുറത്താക്കിയായിരുന്നു അയ്യരുടെ നേതൃത്വത്തിൽ പഞ്ചാബ് ഐ.പി. എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ ഡിഫൻസ് ചെയ്ത് ചരിത്രമെഴുതിയത്.

പഞ്ചാബ് ബൗളിങ്ങിൽ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സൗത്ത് ആഫ്രിക്കൻ ഓൾറൗണ്ടർ മാർക്കോ യാൻസനും മിന്നിത്തിളങ്ങിയപ്പോൾ കൊൽക്കത്തയുടെ ബാറ്റിങ് നിര തകർന്നു വീഴുകയായിരുന്നു.

കൊൽക്കത്തയ്‌ക്കെതിരെയുള്ള ഈ വിജയം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ സംബന്ധിച്ച് ഒരു അഭിമാന നിമിഷം കൂടിയായിരുന്നു. 2024ൽ കൊൽക്കത്തയെ മൂന്നാം ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു അയ്യർ. എന്നാൽ തൊട്ടടുത്ത വർഷത്തെ ലേലത്തിൽ കിരീടം നേടിയ ക്യാപ്റ്റനെ കൊൽക്കത്ത കൈവിടുകയായിരുന്നു.

ലേലത്തിൽ 26. 75 കോടിക്കാണ് ശ്രേയസിനെ പഞ്ചാബ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. പഞ്ചാബിനൊപ്പം ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ നീണ്ട 11 വർഷങ്ങൾക്ക് ശേഷം ടീമിനെ പ്ലേ ഓഫിലേക്ക് നയിക്കാനും അയ്യർക്ക് സാധിച്ചിരുന്നു.

ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പം പുതിയ ചരിത്ര വിജയങ്ങൾ സ്വന്തമാക്കിക്കൊണ്ട് അയ്യർ കുതിക്കുകയാണ്. സൂര്യകുമാർ യാദവിന്റെ പകരക്കാരനായാണ് അയ്യർ കുട്ടി ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞത്. ഏകദിനത്തിൽ ഗിൽ ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി പോയതിന് പിന്നാലെയാണ് അയ്യർ ഇന്ത്യയുടെ ക്യാപ്റ്റനായത്. ക്യാപ്റ്റനായ രണ്ടാം മത്സരത്തിൽ തന്നെ ന്യൂസിലാൻഡിലും ചരിത്രം സൃഷ്ടിക്കാൻ അയ്യർക്ക് സാധിച്ചു.

 

Content Highlight: Shreyas Iyer huge records in lowest score games in cricket