ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിനോടുള്ള സമീപനത്തെക്കുറിച്ച് സംസാരിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. എം.എസ്. ധോണിയിടെ കാലഘട്ടത്തില്‍ അദ്ദേഹം താരങ്ങള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കണമെന്നും അവസരങ്ങള്‍ ലഭിച്ചിട്ടും താരങ്ങള്‍ പരാജയപ്പെട്ടാല്‍ അവര്‍ മുന്നോട്ട് പോകുന്നതിന് അര്‍ഹരല്ലെന്നും വിശ്വസിച്ചതായി കൈഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ കുല്‍ദീപിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണെന്നും ഒരു മത്സരത്തിന്റെ അടിസ്ഥാനത്തില്‍ കുല്‍ദീപിനെ വിലയിരുത്തരുതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘എം.എസ്. ധോണി പറഞ്ഞത്, തന്റെ താരങ്ങള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കണമെന്നാണ്. അത്രയധികം അവസരങ്ങള്‍ നല്‍കിയിട്ടും മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍, തങ്ങള്‍ അതിന് അര്‍ഹരല്ലെന്ന് താരങ്ങള്‍ തന്നെ തിരിച്ചറിയുന്ന സാഹചര്യമുണ്ടാകണം.

എന്നാല്‍ കുല്‍ദീപിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. ഒരു താരത്തിന് നാലോ അഞ്ചോ മത്സരങ്ങളില്‍ അവസരം നല്‍കിയിട്ടും മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍, അയാളുടെ പ്രകടനം വിലയിരുത്തി മറ്റൊരാള്‍ക്ക് അവസരം നല്‍കാം.

കുല്‍ദീപ് യാദവ്

ഒരു ടീം മുന്നോട്ടുപോകേണ്ടത് ഇങ്ങനെയാണ്. എന്നാല്‍ ഒരു മത്സരത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുല്‍ദീപിനെ വിലയിരുത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു മത്സരം കളിച്ച ശേഷം രണ്ടോ മൂന്നോ മാസത്തോളം ടീമിനൊപ്പം യാത്ര ചെയ്യുകയും പിന്നീട് വീണ്ടും ഒരു മത്സരത്തില്‍ മാത്രം അവസരം ലഭിക്കുകയും ചെയ്താല്‍, ഇത്തരമൊരു സാഹചര്യത്തില്‍ ഒരു താരത്തിന്റെ ആത്മവിശ്വാസം ഒരിക്കലും ഉയര്‍ന്ന നിലയിലായിരിക്കില്ല,’ തന്റെ യൂട്യൂബ് ചാനലില്‍ കൈഫ് പറഞ്ഞു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ബെയ് ഓവലില്‍ നടന്ന മത്സരത്തില്‍ 224 റണ്‍സിന്റ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 333 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ 26.4 ഓവറില്‍ 89 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് കിവികള്‍ കരുത്ത് കാട്ടിയത്. ഏകദിന ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.

മത്സരത്തില്‍ കുല്‍ദീപ് യാദവ് എട്ട് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 73 റണ്‍സായിരുന്നു താരം വഴങ്ങിയത്. 9.13 എന്ന എക്കോണമിയിലായിരുന്നു കുല്‍ദീപിന്റെ ബൗളിങ്. നവംബര്‍ 15ന് നടക്കുന്ന അവസാന ഏകദിനത്തില്‍ താരത്തിന് അവസരം ലഭിക്കുമോ എന്നത് കണ്ടറിയണം.

Content Highlight: Mohammed Kaif Talking About Kuldeep Yadav