ഗസസിറ്റി: തെക്കന്‍ ഗസയിലെ ഖാന് യൂനിസിലുള്ള നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് 18 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കാന്‍ അനുവദിക്കണമെന്നും 18 രാജ്യങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. തുര്‍ക്കിക്ക് പുറമെ അള്‍ജീരിയ, ജിബൂട്ടി, ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്, ലിബിയ, മൗറിറ്റാനിയ, ഒമാന്‍, പാകിസ്ഥാന്, ഫലസ്തീന്, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ആക്രമണത്തെ അപലപിച്ചു. ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രത്യേക സംരക്ഷണം നല്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീനിലെ സാധാരണക്കാര്‍ക്ക് നേരെ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളെയും മന്ത്രിമാര്‍ അപലപിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന കൂടാരങ്ങള്‍ക്കും മറ്റ് അഭയസ്ഥാനങ്ങള്ക്കും നേരെയുള്ളവ അടക്കമുള്ള ആക്രമണങ്ങളെയാണ് പ്രസ്താവനയില്‍ അപലപിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെയും, ഗസയില്‍ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
മാനുഷിക സഹായങ്ങള്‍, അഭയത്തിനായുള്ള സാമഗ്രികള്‍, വൈദ്യസഹായങ്ങള്‍ എന്നിവയുടെ മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ അതീവ ആശങ്കയുണ്ടാക്കുന്നു. ശൈത്യകാലം അടുക്കുന്തോറും ഗസയിലെ സാഹചര്യം കൂടുതല്‍ വഷളാവുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
അഭയ കേന്ദ്രങ്ങള്‍ ഇല്ലാതാവുകയും ജലവിതരണ, ശുചിത്വ, ആരോഗ്യ സംവിധാനങ്ങള്‍ തകരുകയും ചെയ്യുന്നത് സാധാരണക്കാര്‍, പ്രത്യേകിച്ച് കുട്ടികളും ശിശുക്കളും, അതിശൈത്യം കാരണം മരിക്കാന്‍ ഇടയാക്കുന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് എത്തിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
അന്താരാഷ്ട്ര സമൂഹത്തിന്റെയും ബോര്‍ഡ് ഓഫ് പീസിന്റെയും അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാനും ഇസ്രഈലിനോട് പ്രസ്താവന ആവശ്യപ്പെട്ടു. ഷാം എല്‍-ഷെയ്ഖ് കരാര്‍, ട്രംപിന്റെ സമഗ്ര പദ്ധതി, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803 (2025) എന്നിവ പ്രകാരമുള്ള ബാധ്യതകള്‍ ഉടന്‍ നിറവേറ്റണമെന്നും 18 രാജ്യങ്ങള്‍ ഇസ്രഈലിനോട് ആവശ്യപ്പെട്ടു. യു.എന്‍ ഏജന്‍സികള്‍ക്കും മാനുഷിക സംഘടനകള്‍ക്കും തടസ്സങ്ങളില്ലാതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രഈല്‍ നീക്കുന്നുണ്ടെന്നും അതിന്റെ പ്രതിബദ്ധതകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് യുഎസിനോടും സമാധാന ബോര്‍ഡിനോടും 18 രാജ്യങ്ങളുടെ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
Content Highlight: 18 countries condemn Israeli strike on Gaza hospital, urge ceasefire compliance
