ഭോപ്പാല്‍: രാജ്യത്ത് ആദിവാസികള്‍ എന്ന് ആരുമില്ലെന്ന പരാമര്‍ശവുമായി മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നാലാല്‍ ശാക്യ. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ജന്‍ ജാതിയ ഗൗരവ് ദിവസ്’ (ആദിവാസി അഭിമാന ദിനം) എന്ന ചടങ്ങിനിടെയായിരുന്നു ഗുണ ജില്ലയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ പന്നാലാല്‍ ശാക്യയുടെ ഈ പരാമര്‍ശം.
‘ഈ രാജ്യത്ത് ആദിവാസി എന്ന് ആരുമില്ല. ആളുകള്‍ എവിടെ നിന്ന് വരുന്നു അല്ലെങ്കില്‍ എവിടെ താമസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഗിരിവാസികള്‍, കാടുകളില്‍ താമസിക്കുന്നവര്‍ ആദിവാസികള്‍, ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ഗ്രാമവാസികള്‍, നഗരങ്ങളില്‍ താമസിക്കുന്നവര്‍ നഗരവാസികള്‍ എന്നിങ്ങനെയാണത്.
താമസസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നമ്മുടെ രാജ്യത്ത് സമൂഹത്തെ തരംതിരിച്ചിരിക്കുന്നത്. ഒരാള്‍ താന്‍ ആദിവാസി ആണെന്ന് അവകാശപ്പെട്ടാല്‍, പിന്നെ നമ്മളൊക്കെ ആരാണ്? നമ്മള്‍ പുറത്തുനിന്ന് വന്നവരാണോ?’ എന്നാണ് ശാക്യ പറഞ്ഞത്.
ശാക്യയുടെ പരാമര്‍ശം സംസ്ഥാനത്ത് വിവാദത്തിന് കാരണമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ‘ആദിവാസി’ – ‘വനവാസി’ എന്ന തര്‍ക്കം ഇതോടെ വീണ്ടും സജീവമായിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദിവാസി സമൂഹങ്ങളെ ബഹുമാനിക്കുന്നതായി ബി.ജെ.പി പരസ്യമായി അവകാശപ്പെടുമ്പോഴും, അവരുടെ തന്നെ ഒരു എം.എല്‍.എ ആദിവാസികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയാണെന്ന് ശാക്യയുടെ പ്രസ്താവനയോട് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഉമംഗ് സിംഗാര്‍ പ്രതികരിച്ചു. ബിജെപിയുടെ ‘ജന്‍ ജാതിയ ഗൗരവ് ദിവസ്’ ആഘോഷങ്ങളെയും സിംഗാര്‍ ചോദ്യം ചെയ്തു.
‘ആദിവാസി വിഭാഗത്തോടുള്ള ബിജെപിയുടെ മനോഭാവം ശാക്യയുടെ പരാമര്‍ശങ്ങള്‍ തുറന്നുകാട്ടിയിരിക്കുന്നു. ഒരു വശത്ത്, ഗോത്ര അഭിമാന ദിനം ആഘോഷിക്കുന്നതായി അഭിനയിച്ച് ആദിവാസി വിഭാഗത്തിന്റെ പേരില്‍ പൊള്ളയായ രാഷ്ട്രീയം കളിക്കുകയും ചെയ്യുകയാണ് ബിജെപി. മറുവശത്ത്, രാജ്യത്ത് ആദിവാസി വിഭാഗക്കാര്‍ ആരും ഇല്ലെന്ന് അവകാശപ്പെടുന്ന തങ്ങളുടെ എം.എല്‍.എ പന്നാലാല്‍ ശാക്യയിലൂടെ, ഈ വിഭാഗത്തിന്റെ അസ്തിത്വത്തെത്തന്നെ നിഷേധിക്കുകയാണ്,’ സിംഗാര്‍ പറഞ്ഞു.
ആദിവാസി വിഭാഗം എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള ഒരു ‘ഉപകരണം മാത്രമല്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ക്കും അന്തസ്സിനും അസ്തിത്വത്തിനും വേണ്ടി ഉറച്ചുനില്‍ക്കുന്ന ഒരു ജനവിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി അസ്തിത്വത്തെയും സ്വത്വത്തെയും ചോദ്യം ചെയ്ത എം.എല്‍.എയ്ക്കെതിരെ എപ്പോള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സിംഗാര്‍ ആവശ്യപ്പെട്ടു.
നേരത്തെയും പന്നാലാല്‍ ശാക്യയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2017-ല്‍, ഇറ്റലിയില്‍ വെച്ച് അനുഷ്‌ക ശര്‍മ്മയെ വിവാഹം കഴിച്ച ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ദേശസ്നേഹത്തെ അദ്ദേഹം ശാക്യ ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് കാമുകന്മാര്‍ പാടില്ലെന്ന 2018ല്‍, ഗുണയിലെ ഒരു സര്‍ക്കാര്‍ കോളേജ് പരിപാടിക്കിടെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. കാമുകന്‍മാരുണ്ടാവുന്നത് പാശ്ചാത്യ സംസ്‌കാരമാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
18 മുതല്‍ 30 വയസ്സുവരെയുള്ള എല്ലാ യുവാക്കള്‍ക്കും നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഒരു ‘ആഭ്യന്തര യുദ്ധം’ ഉണ്ടായേക്കാമെന്നും ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യം ഉടലെടുത്തേക്കാമെന്നും പറഞ്ഞുകൊണ്ടായിരുന്നു പന്നാലാല്‍ ശാക്യ ഈ ആവശ്യം ഉന്നയിച്ചത്.
Content Highlight: ‘No Adivasis in the country’: BJP MLA Pannalal Shakya’s remark at Tribal Pride Day event
