സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി മധ്യപ്രദേശ് ക്യാപ്റ്റന്‍ രജത് പാടിദാര്‍. അസമിനെതിരായ മത്സരത്തില്‍ വെറും 48 പന്തില്‍ നിന്ന് 13 സിക്‌സറും എട്ട് ഫോറും ഉള്‍പ്പെടെ 135 റണ്‍സ് നേടി പുറത്താകാതെ രജത് കിടിലന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. 281.5 എന്ന തീപ്പൊരി സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയാണ് പാടിദാര്‍ അസം ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയത്.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡും പാടിദാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് പാടിദാറിന് സാധിച്ചത്. മധ്യപ്രദേശിനായി ഇതുവരെ ഒരു താരവും എത്തിച്ചേരാത്ത ഉയരത്തിലാണ് പാടിദാര്‍ ചെന്നത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ പാടിദാറിന്റെ സെഞ്ച്വറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അസമിനെ 17.4 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് വിജയം സ്വന്തമാക്കാനും മധ്യപ്രദേശിന് സാധിച്ചു.

പാടിദാറിന് പുറമെ 38 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 61 റണ്‍സ് നേടിയ ശിവാങ് കുമാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഓപ്പണര്‍ അങ്കുഷ് സിങ് 23 റണ്‍സും നേടി ടോട്ടലിലേക്ക് സംഭാവന നല്‍കി.

അസമിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി ആകാശ് സെന്‍ഗുപ്ത മികവ് പുലര്‍ത്തിയപ്പോള്‍ മൃന്‍മോയ് ദത്ത രണ്ട് വിക്കറ്റും ജിതുമോനി കാളിത ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ അസമിന് വേണ്ടി ഉയര്‍ന്ന റണ്‍സ് നേടിയത് 32 റണ്‍സ് നേടി ശിബ്ശങ്കര്‍ റോയിയാണ്. 20 റണ്‍സ് നേടി സാഹില്‍ ജെയ്‌നും ടോട്ടലില്‍ പങ്കാളിയായി. മറ്റാര്‍ക്കും ടീമിവന് വേണ്ടി മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.

മധ്യപ്രദേശിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആവേശ് ഖാന്‍, രാഹുല്‍ ബതം എന്നിവര്‍ രണ്ടാ വിക്കറ്റ് വീതം നേടി.

Content Highlight: Rajat Patidar becomes the first player to score a century for Madhya Pradesh in the Syed Mushtaq Ali Trophy