ലോക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇതിഹാസം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024-25 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു താരത്തിന്റെ വിരമിക്കല്‍. അന്ന് വിരാടിന്റെ തീരുമാനത്തെക്കുറിച്ച് ഒരുപാട് സീനിയര്‍ താരങ്ങള്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് ഇപ്പോള്‍ ഒരിക്കല്‍ കൂടി തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇതിഹാസം കപില്‍ ദേവ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിലൂടെ വിരാട് കോഹ്‌ലിയാണ് ഏറ്റവും വലിയ തെറ്റ് ചെയ്തതെന്ന് കപില്‍ ദേവ് പറഞ്ഞു. പത്ത് വര്‍ഷം കഴിയുമ്പോള്‍ തന്റെ തീരുമാനത്തില്‍ അദ്ദേഹം ദുഖിക്കുമെന്നും 25 വയസുള്ള ഒരു താരത്തിനെ പോലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിരാടിന് വെല്ലുവിളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരാട് കോഹ്‌ലി
‘വിരാട് കോഹ്‌ലിയാണ് ഏറ്റവും വലിയ തെറ്റ് ചെയ്തത്, അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പത്ത് വര്‍ഷം കഴിയുമ്പോള്‍ തന്റെ തീരുമാനത്തില്‍ അദ്ദേഹം ദുഖിക്കും. വിരമിക്കാനുള്ള തീരുമാനം എടുക്കേണ്ടിയിരുന്നില്ല. കോഹ്‌ലിക്ക് ഫിറ്റ്നസ് വലിയ കരുത്താണ്. മറ്റേതൊരു താരത്തേക്കാളും മികച്ച ഫിറ്റ്‌നസാണ് അദ്ദേഹത്തിന്റേത്. 25 വയസുള്ള ഒരു താരത്തോട് പോലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് കഴിയും. ദേഷ്യപ്പെട്ട് വിരമിക്കുന്ന തീരുമാനം എടുക്കുന്നത് ശരിയല്ല.
മൊഹീന്ദര്‍ അമര്‍നാഥിനെപ്പോലെയാകണം താരങ്ങള്‍. നിരവധി തവണ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും അദ്ദേഹം തിരിച്ചെത്തുകയും വിമര്‍ശകര്‍ക്ക് തന്റെ പ്രകടനത്തിലൂടെ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്,’ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായികരുന്നു വിരാട്. രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിരാടിന്റെയും പടിയിറക്കം.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും
നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രോ-കോ സജീവം. വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പാണ് ഇരുവരുടേയും ലക്ഷ്യം. 2023ല്‍ അപരാജിതമായ മുന്നേറ്റം നടത്തിയെങ്കിലും ലോകകപ്പ് ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. എന്നാല്‍ അന്ന് നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണ് വിരാടും രോഹിത്തും.
Content Highlight: Kapil Dev Criticize Virat Kohli’s Test Cricket Retirement
