കൊച്ചി: സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത് അപ്രായോഗികവും അതിര് കവിഞ്ഞ നടപടിയുമാണെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ ഡി.ജെ പാര്‍ട്ടികളെയും നൈറ്റ് ലൈഫിനെയും പോലീസ് ലക്ഷ്യമിടുന്നതിന്റെ അടിസ്ഥാനമെന്താണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

ഡി.ജെ പാര്‍ട്ടികള്‍ എന്നാല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ഇടങ്ങളാണെന്ന് മുദ്രകുത്തുന്നത് ശരിയല്ല. ഇത്തരം മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ ആകരുത് പോലീസ് നടപടികളെന്നും കേരള ഹൈക്കോടതി വാക്കാല്‍ നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

മദ്യവില്‍പ്പനയ്ക്ക് അനുമതിയുള്ളതും രാത്രി വൈകിയും പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ളതുമായ സ്ഥാപനങ്ങളില്‍ നടക്കുന്ന ഡി.ജെ പാര്‍ട്ടികളുടെ സമയക്രമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിന് അധികാരമില്ലെന്ന് നവംബര്‍ 10-ന് ഒരു സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്.

ഈ കേസ് നവംബര്‍ 20 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാന്‍ നിലവില്‍ എന്തെങ്കിലും നിയമമുണ്ടോ എന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നൈറ്റ് ലൈഫിനെയും ലഹരിമരുന്ന് ഉപയോഗത്തെയും ഒരേ കാര്യം പോലെ കാണുന്ന മുന്‍വിധികളില്‍ നിന്നാണ് പോലീസിന്റെ നടപടികള്‍ ഉണ്ടായതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഡിജെ പാര്‍ട്ടികളെ മാത്രം പ്രത്യേകം ലക്ഷ്യമിടുന്നതിന്റെ അടിസ്ഥാനമെന്താണ്. ഡിസ്‌ക് ജോക്കിംഗ് (ഡി.ജെ) എന്നത് ഒരു തൊഴിലാണെന്നും, അതിനെ അങ്ങനെ തന്നെ കാണണമെന്നും കോടതി അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘എന്തുകൊണ്ടാണ് ഡി.ജെ പാര്‍ട്ടികളെ മാത്രം ലക്ഷ്യമിടുന്നത്? ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ അവിടെ മദ്യം വിളമ്പാന്‍ അനുവാദമുണ്ട്. മദ്യപാനത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല, കാരണം അതില്‍ നിന്ന് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നുണ്ട്…

അപ്പോള്‍, ബാറുകളില്‍ ആരും നൃത്തം ചെയ്യാനോ സംഗീതം കേള്‍ക്കാനോ പാടില്ലെന്ന് പറയണോ? സംഗീതം കേള്‍ക്കുന്നതും നൃത്തം ചെയ്യുന്നതും ലഹരിമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുമെന്ന് എങ്ങനെ പറയാന്‍ കഴിയും? പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേ?’ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ബാറുകളില്‍ ആരും നൃത്തം ചെയ്യാനോ സംഗീതം കേള്‍ക്കാനോ പാടില്ലെന്ന് പറയണോ? സംഗീതം കേള്‍ക്കുന്നതും നൃത്തം ചെയ്യുന്നതും ലഹരിമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുമെന്ന് എങ്ങനെ പറയാന്‍ കഴിയും? പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകള്‍ നൃത്തം ചെയ്യാറില്ലേയെന്നും ഹൈക്കോടതി ചോദിച്ചതായും ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നത്തെ കാലത്ത് പ്രെഡിക്റ്റീവ് പോലീസിംഗ്, പ്രിവന്റീവ് പോലീസിംഗ്, പ്രീഎംറ്റീവ് പോലീസിംഗ് തുടങ്ങിയ രീതികളുണ്ട്… എന്നാല്‍, നിയമപാലനവും ‘പോലീസ് രാജ്’ എന്ന അവസ്ഥയും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്നും കോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിട്ടും കൊച്ചി ‘റാഡിസണ്‍ ബ്ലൂ’ ഹോട്ടലില്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഡി.ജെ പാര്‍ട്ടി നടത്തുന്നതിന് കേരള പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹോട്ടല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡി.ജെ പാര്‍ട്ടിക്ക് സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഹോട്ടലിന് പൊലീസ് നല്‍കിയ നോട്ടീസ് ഈ മാസം പത്തിന് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

കുറ്റകൃത്യങ്ങള്‍ തടയുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെങ്കിലും, കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന വെറും സംശയത്തിന്റെ പേരില്‍ ലൈസന്‍സുള്ള ബാറുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയില്ലെന്ന് ഈ മാസം പത്തിന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. യഥാര്‍ത്ഥ യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ ലക്ഷ്യമിടുന്നതിന് പകരം, മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ന് ഡിവിഷന്‍ ബെഞ്ചും നീരീക്ഷിച്ചു.

‘ആളുകള്‍ നൃത്തം ചെയ്യുന്നു എന്നതുകൊണ്ട് മാത്രം അവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയുമോ? മതപരമായ ആഘോഷങ്ങള്‍ ഉള്‍പ്പെടെ, നിയമലംഘനങ്ങള്‍ എവിടെ നടന്നാലും പോലീസ് നടപടിയെടുക്കണം.

ഈ കേസിലെ പ്രശ്‌നം മുന്‍ധാരണകളാണ്. മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തരുത്. പോലീസിന് മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല,’ എന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Nightlife cannot be banned; why link DJ parties to drugs?: Kerala High Court