തിരുവനന്തപുരം: ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയുടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളില്‍ അനുമതി നല്‍കിയ നടപടിയെ അപലപിച്ച് പ്രതിപകക്ഷ നേതാവ് പിണറായി വിജയന്‍. കുട്ടികളില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യമാണ് ഈ നടപടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ വര്‍ഗീയത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികള്‍ക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ യു.ഡി.എഫ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനില്‍ക്കുന്നത് അത്യന്തം അപകടകരമായ നീക്കമാണ്.

ആര്‍.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികള്‍ക്കായി പുറത്തിറക്കുന്ന മയില്‍പ്പീലി മാസികയുടെ യങ് സ്‌കോളര്‍ പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളില്‍ അനുമതി നല്‍കിയ നടപടി, പിഞ്ചുമനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ്,’ പിണറായി കുറിച്ചു.

ആര്‍.എസ്.എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതേ വ്യക്തിയെ തന്നെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സ്‌കൂള്‍ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാരിന്റെയും അറിവോടെയാണ് ഈ നഗ്‌നമായ സംഘപരിവാര്‍ പ്രീണനം നടക്കുന്നത് എന്നത് വ്യക്തമാണെന്നും പിണറായി പറഞ്ഞു.

2017-ലാണ് മയില്‍പ്പീലി ഈ പരീക്ഷ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലം ഇത്തരം വര്‍ഗീയ അജണ്ടകള്‍ക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ യാതൊരു ഇടവും നല്‍കിയിരുന്നില്ലെന്ന് പിണറായി അവകാശപ്പെട്ടു. നമ്മുടെ കുഞ്ഞുങ്ങളെ വര്‍ഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാന്‍ അനുവദിക്കില്ല എന്ന ആ ഉറച്ച ജാഗ്രതയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാറ്റില്‍പ്പറത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംഘപരിവാര്‍ അജണ്ടകള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടി കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഒരിക്കലും അംഗീകരിച്ചു തരില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ ഉത്തരവ് പിന്‍വലിച്ചോടിയതുകൊണ്ട് ചെയ്ത തെറ്റ് ഇല്ലാതാവുന്നില്ല.

കുഞ്ഞുമനസ്സുകളില്‍ വര്‍ഗീയത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികള്‍ക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പു പറയണം. കരിക്കുലം കമ്മിറ്റിയിലെ ആര്‍.എസ്.എസ് പ്രതിനിധിയുടെ നോമിനേഷന്‍ ഉടനടി റദ്ദാക്കുകയും വേണം. കേരളത്തിന്റെ അഭിമാനമായ മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഈ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുക തന്നെ ചെയ്യും,’ പിണറായി കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi Vijayan Criticize Kerala Government on About Mayilpeeli Scholarship