രാമായണം കേവലം ഭാര്യയെ വീണ്ടെടുക്കാൻ നടത്തിയ ഒരു യുദ്ധത്തിന്റെ കഥ മാത്രമല്ല, മറിച്ചു അധിനിവേശത്തിന്റെ കൂടി കഥയാണ്. ലോകം മുഴുവൻ കീഴടക്കണം എന്നാഗ്രഹിച്ച, രാമന്റെ പൂർവപിതാവായ മന്ധാതാവ് മുതൽ രാമൻ വരെ അധിനിവേശത്തോടുള്ള താത്പര്യം നിലനിൽക്കുന്നു.

രാമനിലെത്തുമ്പോൾ അത് ചില മരുന്നുകളിലെന്ന പോലെ ഷുഗർ കോട്ടഡ് ആകുന്നു എന്ന് മാത്രം. എല്ലാ അധിനിവേശങ്ങളിലും, എല്ലാ യുദ്ധങ്ങളിലും, കൂടുതലും മറ്റ് രാജ്യങ്ങൾക്കെതിരെയും, ചിലപ്പോഴൊക്കെ സ്വന്തം ജനതയ്‌ക്കെതിരെ പോലും അധികാരം/ സൈനികശക്തി കൈയ്യിലുള്ളവർ ഉപയോഗിക്കുന്ന ചില യൂണിവേഴ്സൽ ആയിട്ടുള്ള രീതികളുണ്ട്.

മനുഷ്യൻ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ കാലത്തോളം പഴക്കം അധികാരത്തിന്റെ വടംവലികൾക്കും ഉണ്ടാകാം. അവിടുന്നിപ്പോൾ എ.ഐ യുഗം വന്നെത്തി നിൽക്കുമ്പോളും മനുഷനിലെ അധികാരവാജ്ഞയും, അതിൽ അധികാരം ഉള്ളവന് അധിനിവേശത്തോടുള്ള, കീഴടക്കലിനോടുള്ള അഭിനിവേശവും കുറയുന്നില്ല.

അധിനിവേശം എന്നത് ബാഹ്യമായ ഒരു ആക്രമണം മാത്രമല്ല മറിച്ച്, ഒരു രാജ്യത്തിനുള്ളിലെ ഒരു പ്രത്യേക ജനവിഭാഗത്തെയോ രാഷ്ട്രീയപ്രസ്ഥാനത്തെയോ ഭരണകൂടം ദേശീയസുരക്ഷയ്ക്ക് ഭീഷണിയായി നിർവചിക്കുകയും അവരെ നിയന്ത്രിക്കാൻ അസാധാരണമായ സുരക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രക്രിയയും കൂടിയാണ്, ഇതിനെ ആന്തരിക അധിനിവേശം എന്ന് പറയാം. ഇവ രണ്ടും പ്രാചീന കാലത്തും ഇന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് രാമായണത്തെ മുൻനിർത്തി ഇവിടെ പരിശോധിക്കപ്പെടുന്നത്.

2026ൽ രാമായണം സിനിമ ഇറങ്ങുന്നു, തുടർന്ന് സിനിമയിലെ രാവണന്റെ പോയിന്റ് ഓഫ് വ്യൂ വിൽ നിന്നു കൊണ്ട് എഴുത്തുകളും റിവ്യൂകളും വരുന്നുണ്ട്. സ്വാഭാവികമായും ഇത് കാണുന്ന സംഘ പുത്രന്മാർക്ക് പൊളിയുന്നു. രാവണൻ അടിമുടി ഫ്രോഡ് ആണെന്നും പറഞ്ഞ് അവരും ‘അറിയാവുന്ന പോലെ’ എഴുത്തുകുത്തുമായി ഇറങ്ങുന്നു.

ഇവിടെ സംഘപരിവാർ ഉപയോഗിക്കുന്ന ചില സിംപിൾ ടെക്‌നിക്കുകളുണ്ട്, ചോദ്യങ്ങളുണ്ട്. എന്നിട്ട് അവര് തന്നെ അതിനൊക്കെ ഉത്തരവും തരും. ഉദാഹരണത്തിന് , എന്ത്‌ കൊണ്ടാണ് രാമ രാവണ യുദ്ധം ഉണ്ടായത്? റെഡി മെയ്ഡ് സംഘ് ഉത്തരം ഇതാണ്, സീതയെ തട്ടിക്കൊണ്ട് പോയത് കൊണ്ട്. ഒറ്റ നോട്ടത്തിൽ, ഒറ്റ കേൾവിയിൽ ശരിയാണെന്നു തോന്നുന്ന ഇത്തരം സിംപിൾ ബട്ട് പവർഫുൾ ടാക്ടിക്കൽ സംഗതികൾ ഉപയോഗിക്കാൻ ഇവരെ കണ്ടു പഠിക്കണം.

സത്യത്തിൽ എന്താണ് രാമ രാവണ യുദ്ധത്തിന്റെ കാരണം?

രാവണന്റെ അധികാരപരിധിയിലുള്ള, രാവണന്റെ അർദ്ധസഹോദരൻ ഖരൻ ഭരിക്കുന്ന ഭൂപ്രദേശത്തു വച്ചു രാവണന്റെ സഹോദരിയെ ലക്ഷ്മണൻ ശരീരികമായി ആക്രമിക്കുകയും ചോദിക്കാൻ വന്ന ഖരനെയും 14000 വരുന്ന രാക്ഷസ സൈന്യത്തെയും രാമൻ വധിക്കുകയും ചെയ്തതാണ് രാമ രാവണ യുദ്ധത്തിന്റെ മൂലകാരണം.

സഹോദരിയെ അപമാനിച്ചത് വഴി രാവണന് ഇഷ്യൂ പേർസണൽ ആകുന്നു, കൂടാതെ സൈന്യത്തെ ആക്രമിച്ചു സൈന്യധിപനെ വധിച്ചത് രാവണന്റെ ടെറിറ്റോറിയൽ സോവേറെയ്‌ജിന്റിയെ നേരിട്ട് വെല്ലുവിളിക്കുക എന്ന ഗുരുതരമായ രാഷ്ട്രീയ പ്രശ്നവും ആയിത്തീരുന്നു.

വനവാസത്തിനിടയിൽ, പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് രാവണന്റെ സഹോദരി ശൂർപ്പണഖ അവിടെയെത്തുന്നു. രാമനെ കണ്ടപ്പോൾ അവർ ആകർഷിക്കപ്പെടുന്നു. രാമനോട് തന്റെ പ്രണയവും വിവാഹാഭിലാഷവും പ്രകടിപ്പിക്കുന്നു.

എന്നാൽ രാമൻ താൻ സീതയുടെ ഭർത്താവാണെന്നും ഏകപത്നീവ്രതം പാലിക്കുന്നവനാണെന്നും പറഞ്ഞ് അവരുടെ അഭ്യർത്ഥന നിരസിക്കുന്നു. പിന്നീട് ലക്ഷ്മണന്റെ അടുത്തേക്ക് പോകാൻ രാമൻ അവരോട് പറയുന്നു. ഇത്രയും പറഞ്ഞ രാമൻ ഡീസന്റ് പുരുഷോത്തമൻ ആണ്, ആയിക്കോട്ടെ.

ഇതിന് ശേഷം രാമൻ നല്ലൊരു കുത്തിത്തിരുപ്പ് വർത്തമാനം പറയുന്നുണ്ട്. അതായത് തന്റെ അനിയൻ ലക്ഷ്മണന് ഭാര്യയില്ല, ബ്രോ അങ്ങോട്ട് പോയി സെറ്റായിക്കോ എന്ന്. ഡീസന്റ് പുരുഷോത്തമൻ കള്ളം പറയുന്നതാണെന്നു നമുക്ക് അറിയാമെങ്കിലും ശൂർപ്പണഖയ്ക്ക് അറിയില്ല.

അവർ അത് വിശ്വസിച്ചു ലക്ഷ്മണന്റെ അടുത്തേക്ക് പോയി. ലക്ഷ്മണൻ നമ്മുടെ ചില സർക്കാർ ഓഫീസിലെപ്പോലെ തിരിച്ച് പുള്ളിക്കാരിയെ രാമന്റെ അടുത്തേക്ക് തന്നെ വിട്ടു.

സത്യത്തിൽ ചേട്ടനും അനിയനും കൂടെ ഒരു തരം eve-teasing ആണ് നടത്തിയത്. സ്വാഭാവികമായും ശൂർപ്പണഖയ്ക്ക് ദേഷ്യം വന്നു സീതയുടെ നേർക്കു ചെന്നു. രാമൻ തടഞ്ഞു. അത്രെയും സെറ്റാണ്.

പക്ഷെ രാമൻ വേറൊരു കാര്യം കൂടി ലക്ഷ്മണനോട് പറഞ്ഞു. ‘പുരുഷശ്രേഷ്ഠനായ ലക്ഷ്മണാ, ഈ രാക്ഷസിയെ വികൃതയാക്കുന്നത് ഉചിതമാണ്.” എന്ന MCP ഡയലോഗ്! ലക്ഷമണൻ ഇത് കേട്ട പാതി കേഴ്ക്കാത്ത പാതി വളെടുക്കുന്നു ശൂർപ്പണഖയുടെ മൂക്കും ചെവിയും മുറിക്കുന്നു. നല്ല ബെസ്റ്റ് മര്യാദാ പുരുഷോത്തമനും പറ്റിയ ബ്രോയും!

ഇനി ഇതെല്ലാം നടക്കുന്നത് എവിടെയാണെന്ന് മനസിലാക്കേണ്ടതുണ്ട്. വാൽമീകി രാമായണത്തിലെ വിവരണപ്രകാരം, ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും ചെവിയും മുറിക്കുന്നത് രാവണന്റെ അധികാരപരിധിയുമായി ബന്ധപ്പെട്ടിരുന്ന ജനസ്ഥാന (Janasthana) പ്രദേശത്താണ്.

രാവണന്റെ സഹോദരനായ ഖരൻ ഭരിച്ചിരുന്ന ദണ്ഡകാരണ്യത്തിലെ സ്ഥലമാണ് ജനസ്ഥാനം. അപ്പോൾ അയോദ്ധ്യയിലെ രാജകുമാരന്മാർ നിൽക്കുന്ന സ്ഥലം രാവണന്റെ കീഴിലാണ്.

അവരവിടെ കെട്ടുന്ന കുടിൽ മറ്റൊരു രാജാവിന്റെ അധീനതയിൽ ഉള്ള സ്ഥലത്താണ്. വേറൊരു രാജ്യത്ത് കേറി അവിടുത്തെ രാജാവിന്റെ സഹോദരിയുടെ മൂക്കും ചെവിയും മുറിക്കുക. ചോദിക്കാൻ വന്ന സഹോദരനെയും സൈന്യത്തെയും കൊല്ലുക. ( മിത്രങ്ങൾക്ക് ഞാൻ ഇത്രേ ചെയ്തുള്ളൂ, എന്നിട്ടാണ് ഇവന്മാരിങ്ങനെ ബഹളം വയ്ക്കുന്നത് എന്ന് കിലുക്കത്തിൽ രേവതിയുടെ ടോണിൽ വായിക്കാം) ഇത് അധിനിവേശമാണ്, ആദ്യം നിരായുധയായ സ്ത്രീയുടെ നേരെ ആയുധം പ്രയോഗിക്കാൻ അനിയനോട് പറയുന്നത് മര്യാദ പ്രൊ മാക്സ് രാമനാണ്.

അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു സ്ത്രീ തന്റെ അഭിലാഷം തുറന്നു പറഞ്ഞാൽ താത്പര്യമില്ലെങ്കിൽ റിജക്റ്റ് ചെയ്യാം, പറഞ്ഞു മനസ്സിലാക്കാം. അല്ലാതെ കലുങ്കേലിരുന്നു കമന്റ് അടിക്കുന്ന പെർവേർട്ടുകളുടെ നിലവാരത്തിൽ ഭാര്യയുള്ള ഒരാളെ ചൂണ്ടി, അവന് ഭാര്യയില്ല അവനുമായിട്ട് സെറ്റായിക്കോ എന്നൊക്കെപ്പറയുന്നത് ഒരു മാതിരി പരിപാടിയാണ്. ഒടുവിൽ അപമാനിതയായ ശൂർപണഖ പ്രതികരിക്കുമ്പോൾ കുറ്റം അവരിലേക്ക് ആരോപിക്കുന്നു.

ഇവിടെ രാവണന്റെ അധികാരപരിധിയിൽ കടന്നു കയറി കുടിൽ കെട്ടുക, അത് പിന്നെ അവർ വലിയ ഇഷ്യൂ ആക്കിയില്ല. എന്നിട്ട് ഭരിക്കുന്ന ആളുടെ പെങ്ങൾ അവരുടെ അഭിലാഷം തുറന്നു പറയുമ്പോൾ മോക്ക് ചെയ്യുക, അവരുടെ സ്ത്രീത്വത്തെ അപമാനിക്കുക, ഒടുവിൽ ശരീരികമായി ആക്രമിക്കുക, അതും അവരുടെ അധീനതയിലുള്ള ഭൂപ്രദേശത്തു കടന്നു കയറി.

ഒന്നാമതായി ഇത് അധിനിവേശമാണ്. രണ്ടാമതായി അവിടം ഭരിക്കുന്നവർക്ക് നൽകിയ അപമാനം കൂടിയാണ്. അപ്പോൾ രാജസാഹോദരിക്കേറ്റ അപമാനം അക്ഷന്തവ്യമായി രാവണന് തോന്നുന്നതിൽ ന്യായമുണ്ട്. അപ്പോൾ പറഞ്ഞു വന്നതിന്റെ സാരമിതാണ്, സീതാപഹരണം അല്ല യുദ്ധത്തിന്റെ മൂലകാരണം, ഇപ്പോൾ ഈ പറഞ്ഞ മര്യാദ പ്രൊ മാക്സ് രാമനും അനിയനും കൂടി ചെയ്തു കൂട്ടിയ കൊള്ളരുതായ്മയാണ്.

പക്ഷെ ചരിത്രത്തിനും പുരാണത്തിനുമൊക്കെയുള്ള ഒരു കുഴപ്പം, ഒടുവിൽ എന്നും ശരി ആയിട്ടു വരുന്നത്, രേഖപ്പെടുത്തപ്പെടുന്നത് വിജയിയുടെ ശരി ആയിരിക്കും എന്നുള്ളതാണ്.

ആ രേഖപ്പെടുത്തപ്പെട്ടതിന്റെ റീ റീഡിങ്ങിലൂടെ, പുതുവായനാകളിലൂടെയാണ് നമുക്ക് മറഞ്ഞിരിക്കുന്ന സത്യങ്ങളിലേക്ക് എത്താനാവുക. അത് കൊണ്ട് തന്നെ ഇവിടെ പ്രചുര പ്രചാരം നേടിയ ഒരു വാദം സീതാപഹരണമാണ് രാമ രാവണ യുദ്ധത്തിന് കാരണമായത് എന്നതാണ്. അതല്ല എന്ന് നാം മനസിലാക്കേണ്ടതുണ്ട്.

ഒടുവിൽ രാമനും ലക്ഷ്മണനും കൂടി തന്നെയിട്ട് തട്ടിക്കളിച്ചു അപമാനിക്കുകയാണെന്ന് മനസ്സിലാക്കിയ ശൂർപ്പണഖ സീതയെ ആക്രമിക്കാൻ മുതിരുന്നു, അത് രാമൻ തടയുകയും ചെയ്യുന്നു.

ഇത്രയും കിലുക്കത്തിൽ കിട്ടുണ്ണി പറയുന്ന പോലെ വളരെ ശരിയാണ്. പക്ഷെ പിന്നീട് മര്യാദ പ്രൊ മാക്സ് രാമൻ അനിയനോട് പറയുന്നത്, ‘പുരുഷശ്രേഷ്ഠനായ ലക്ഷ്മണാ, ഈ രാക്ഷസിയെ വികൃതയാക്കുന്നത് ഉചിതമാണ്.’ എന്നാണ്. ഏത്? നിരായുധയായ ഒരു സ്ത്രീയെ, ഒരു രാജകുമാരിയെ അവരുടെ കീഴിലുള്ള പ്രദേശത്ത് വെച്ച് ശാരീരികമായി ആക്രമിക്കാൻ ആജ്ഞ കൊടുക്കുന്ന ‘മര്യാദ രാമൻ’.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറയുന്ന പോലെ, ലക്ഷ്മണൻ ഇത് കേൾക്കാൻ വെയിറ്റ് ചെയ്ത് നിന്നിരുന്നത് പോലെ, അപ്പോൾ തന്നെ വാളെടുത്തു ശൂർപ്പണഖയുടെ മൂക്കും ചെവികളും മുറിക്കുന്നു. വായിക്കുമ്പോൾ നമുക്ക് തന്നെ തോന്നുന്നുണ്ടല്ലോ, ലക്ഷ്മണനെന്താ വയ്യേ എന്ന്! മറ്റൊരു രാജാവിന്റെ, അതായത്, രാവണന്റെ ഭരണത്തിന്റെ കീഴിലുള്ള സ്ഥലത്ത് കേറി ഇമ്മാതിരി കൊള്ളരുതായ്മ കാണിച്ചതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം.

ശൂർപ്പണഖ ഇത് ചെന്ന് തന്റെ സഹോദരങ്ങളും ദണ്ഡകാരണ്യം ഭരിച്ചിരുന്നവരുമായ ഖരനോടും ദൂഷണനോടും പറയുന്നു. അവർ സൈന്യവുമായി രാമനുമായി യുദ്ധത്തിന് വരികയും യുദ്ധത്തിൽ രാമൻ അവരെ കൊല്ലുകയും ചെയ്യുന്നു.

അപ്പോൾ പ്രശ്നത്തിന്റെ ഗ്രാവിറ്റി മാറുന്നു. സഹോദരിയെ അപമാനിച്ചത് ചോദിക്കാൻ ചെന്ന രാവണന്റെ അർദ്ധസഹോദരന്മാരായ ഖരനെയും ദൂഷണനേയും കൊന്നതും തനിക്ക് നേരിട്ട അപമാനവും രാവണനോട് പറയുന്നു.

പക്ഷെ ഇതിന് മുൻപ് തന്നെ നേരത്തേ പറഞ്ഞ യുദ്ധത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട അകമ്പനൻ (രാവണന്റെ അമ്മാവൻ) ഇക്കാര്യവും 14000 വരുന്ന രാക്ഷസസൈന്യത്തെ രാമൻ വധിച്ച കാര്യവും രാവണനെ അറിയിച്ചിരുന്നു. അകമ്പനാണ് സീതയെ അപഹാരിക്കാമെന്നുള്ള ഐഡിയ രാവണന് പറഞ്ഞു കൊടുക്കുന്നത്. ഈ സംഭവങ്ങളാണ് കഥയിലേക്കുള്ള രാവണന്റെ എൻട്രിക്ക് കാരണം.

തുടർന്ന് രാവണൻ സീതയെ ബലമായി തന്റെ പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് തട്ടിക്കൊണ്ട് പോകുന്നു. രാമനും ലക്ഷ്മണനും ചെയ്തത് പോലെ തന്നെയുള്ള ഒരു സ്ത്രീവിരുദ്ധത ഇവിടെ രാവണനും ചെയ്യുന്നു. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരെ തട്ടിക്കൊണ്ടു പോയി തടവിൽ എന്ന പോലെ പാർപ്പിക്കുക.

ഖരന്റെയും ദൂഷണന്റെയും പതിനാലായിരത്തോളം രാക്ഷസസൈന്യത്തിന്റെയും നാശം രാവണന് വലിയ തിരിച്ചടിയായിരുന്നു. ജനസ്ഥാനത്ത് തന്റെ അധികാരത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന സൈനികശക്തിയെ രാമൻ തകർത്തിരുന്നു.

രാവണൻ നേരിട്ട് രാമനെ നേരിടാൻ തയ്യാറാകുന്നില്ല. പകരം രാമന്റെ ഏറ്റവും വലിയ വൈകാരിക ബന്ധമായ സീതയെ ലക്ഷ്യമിടുന്നു. ഇവിടെ അയാളുടെ തന്ത്രം ഇങ്ങനെയാണ്. രാമന്റെ ഭാര്യയെ അപഹരിക്കുക. രാമനെ ഭാര്യാവിയോഗത്തിൽ ദുഃഖിതനാക്കുക. ആ ദുഖം രാമന്റെ യുദ്ധശേഷിയെ ദുർബലപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുക.

പിന്നീട് രാമനെ ആക്രമിച്ച് പരാജയപ്പെടുത്തുക. ഖരൻ രാവണന്റെ സഹോദരനാണ്. ദൂഷണനും ത്രിശിരസ്സും ജനസ്ഥാനത്തെ സൈന്യത്തിലെ പ്രധാനികളാണ്. അവർ കൊല്ലപ്പെട്ടതോടെ രാവണന്റെ സൈനികാധികാരത്തിനും രാഷ്ട്രീയപ്രതാപത്തിനും തിരിച്ചടിയുണ്ടായി.

ആദ്യം മറ്റൊരു രാജ്യത്തിന്റെ ഭാഗമായ സ്ഥലത്ത് അതിക്രമിച്ച് കയറിയതും അങ്ങനെ പ്രശ്നങ്ങൾക്ക് തുടക്കമിടുന്നതും രാമനും ടീമുമാണ്. സിനിമയിൽ രാമൻ ഒരു ഇഷ്യൂ വരുമ്പോൾ, ദേവാസുരത്തിലെ നീലകണ്ഠൻ മംഗലശ്ശേരി ചേർത്ത് അഭിമാനത്തോടെ പറയുന്ന പോലെ ഇക്ഷ്വാഹു വംശജനായ ഞാൻ എന്ന് അഭിമാനവിജ്രുംഭിതനായി പറയുന്ന ആളാണ്.

അപ്പോൾ കക്ഷിക്കാ പാരമ്പര്യത്തിൽ നല്ല അഭിമാനമുണ്ട്. ഇക്ഷ്വാകു വംശത്തിലെ വലിയ പുള്ളികളായിരുന്ന സഗരൻ, രഘു, മന്ധാതാവ് എന്നിവരൊക്കെ അധിനിവേശത്തിന്റെ ആളുകളായിരുന്നു എന്നും ഓർക്കുക.

ഇതിൽ തന്നെ മന്ധാതാവ് ലോകം മുഴുവൻ ആധിപത്യം നേടണമെന്ന് പറഞ്ഞ് നടന്ന കക്ഷിയായിരുന്നു. അപ്പോൾ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന രാമന് സീതയെ വീണ്ടെടുക്കുക എന്നതിലുപരി ലങ്ക ഒരു അധിനിവേശ ലക്ഷ്യവും ആയിത്തീരുന്നുണ്ട്.

ഇനി ഈ യുദ്ധകാരണം സീതാപഹരണം ആണെന്ന് ഒരു പ്രബലവാദമുണ്ടല്ലോ. അതെന്നും വിജയിയുടെ അല്ലെങ്കിൽ കരുത്തൻ എന്ന് കരുതുന്നയാളുടെ, പ്രബലമായ ഭരണകൂടത്തിന്റെയൊക്കെ വാദങ്ങളാണ് മേൽക്കോയ്മ നേടുക.അന്നും ഇന്നും മേൽപ്പറഞ്ഞ കാര്യത്തിന് മാറ്റമുണ്ടായിട്ടില്ല.

ഭരണകൂടത്തിന് താത്പര്യമുള്ള കാര്യങ്ങൾക്ക് വേണ്ടി, അതിപ്പോ അധിനിവേശം ആണെങ്കിലും ആഭ്യന്തര കാര്യമാണെങ്കിലും അവർ കാരണങ്ങൾ കണ്ടു പിടിക്കുകയും ആ തീരുമാനം നെഗറ്റീവ് ആയി ബാധിക്കുന്ന ആളുകളെക്കൊണ്ട് പോലും വിശ്വസിപ്പിക്കാൻ ഭരണകൂടത്തിന് വഴികളുണ്ട്.

ഗ്യാസ്‌ലൈറ്റിംഗ് (Gaslighting) എന്നൊരു സംഗതിയുണ്ട്. മറ്റൊരാളുടെ മനസിനെ സമർത്ഥമായി മാനിപ്പുലേറ്റ് ചെയ്തു, ‘താൻ പറയുന്നതാണ് ശരി, നീ കരുതുന്നത് തെറ്റാണ്’ എന്ന് അവരെക്കൊണ്ട് പോലും വിശ്വസിപ്പിക്കുന്ന ഒരു മാനസിക പീഡന തന്ത്രമാണിത്.

ലളിതമായി പറഞ്ഞാൽ, ഇരയാക്കപ്പെടുന്ന വ്യക്തിയുടെ സ്വന്തം ഓർമകളിലും ബുദ്ധിശക്തിയിലും സ്വന്തം സത്യത്തിലും ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന ഒരു ചതിയാണിത്.

രാജ്യങ്ങൾ പരസ്പരം പഴിചാരുന്നതിനും തങ്ങളുടെ കുറ്റങ്ങൾ മറച്ചുവെക്കുന്നതിനും ‘ഗ്യാസ്‌ലൈറ്റിംഗ്’ (Gaslighting) തന്ത്രം വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് വ്യക്തി ബന്ധത്തിൽ മാത്രമല്ല പ്രവർത്തിക്കുന്നത്.

രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഇതിനെ പലപ്പോഴും Information Warfare, Psyops /Psychological Operations, അല്ലെങ്കിൽ Blame Shifting എന്നൊക്കെയാണ് പറയുക. അത് ആദിരാമായണത്തിന്റെ കാലം മുതൽ ഇന്നും നില നിൽക്കുന്ന ഒരു കാര്യമാണ്.

ഉദാഹരണത്തിന് അമേരിക്ക ഇറാഖിനെ ആക്രമിക്കുമ്പോൾ പറഞ്ഞ കാരണം ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൈവശം ആണവ, രാസ, ജൈവ ആയുധങ്ങൾ പോലുള്ള കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്നും, അത് അമേരിക്കയ്ക്കും ലോക സമാധാനത്തിനും വലിയ ഭീഷണിയാണെന്നും ആയിരുന്നു. ഒടുവിൽ ഇറാഖിനെ നാമാവിശേഷമാക്കിയിട്ടും ഒരു ആയുധവും കണ്ടെത്തിയില്ല. ഇതിനെയാണ് blame shifting എന്ന് പറയുന്നത്.

അധിനിവേശത്തിലെ Psyops / blame shifting ന് ഏറ്റവും അടുത്ത കാലത്തെ ഉദാഹരണമാണ് ഫലസ്തീൻ വിഷയത്തിലെ പുതിയ സംഭവ വികാസങ്ങൾ. 2023 ഒക്ടോബർ ഏഴിന് ഇസ്രഈലിനെതിരെ ഹമാസ് വലിയ തോതിലുള്ള അപ്രതീക്ഷിത സായുധ ആക്രമണം നടത്തി. ഇസ്രാലിലെ വിവിധ പ്രദേശങ്ങളിലേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചു.

അതിർത്തിവേലി തകർത്ത് ഹമാസ് സായുധസംഘങ്ങൾ കരമാർഗം ഇസ്രഈലിലേക്ക് കടന്നു. ഏകദേശം 1,200 പേർ കൊല്ലപ്പെട്ടു. 250-ഓളം പേരെ ബന്ദികളാക്കി ഗസയിലേക്ക് കൊണ്ടുപോയി. ഇസ്രഈലിന്റെ ദീർഘകാല അധിനിവേശത്തിനെതിരായ പ്രതിരോധം. ഗസയുടെ ഉപരോധത്തിനെതിരായ പ്രതിഷേധം.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റ വികസനവും സൈനിക നടപടികളും. അൽ അഖ്സ മസ്ജിദുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ. ഇസ്രഈൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുക എന്നിവയായിരുന്നു ഹമാസ് ലക്ഷ്യം വച്ചത്.

ആക്രമണത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ യുദ്ധപ്രഖ്യാപനം നടത്തി. ഗസയിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ ആരംഭിച്ചു. ഗസയിലേക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയുടെ വിതരണം തടസപ്പെടുത്തി കരയുദ്ധം ആരംഭിച്ചു.

ഹമാസിനെ പൂർണമായി തകർക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി ഗസയിൽ വൻതോതിലുള്ള സാധാരണക്കാരുടെ മരണവും കുടിയൊഴിപ്പിക്കലും അടിസ്ഥാനസൗകര്യങ്ങളുടെ നാശവും സംഭവിച്ചു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണം പിന്നീട് ഫലസ്തീൻ ജനതയ്ക്കെതിരായ രാഷ്ട്രീയമായ blame shifting, securitization, information warfare എന്നിവയ്ക്ക് ശക്തമായ ഉപകരണമായി മാറുകയാണ് ഉണ്ടായത്.

ആക്രമണം ഇസ്രഈൽ തിരക്കഥ ആയിരുന്നില്ല, പക്ഷെ ആ ആക്രമണത്തെത്തുടർന്ന് ഇസ്രഈൽ നടത്തിയ തന്ത്രപരമായ ആശയവിനിമയവും അന്താരാഷ്ട്ര പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും വിവരയുദ്ധത്തിന്റെ കൃത്യമായ ഉദാഹരമാണ്. ഇസ്രഈൽ അധിനിവേശം ഒരു അന്താരാഷ്ട്ര നിയമപ്രശ്നമാണ്.

ഗസ വംശഹത്യ

എന്നാൽ അതിനെ ഇസ്രഈലിന്റെ നിലനിൽപ്പിനുതന്നെയുള്ള ഭീഷണിയായി മാത്രം അവതരിപ്പിക്കുമ്പോൾ, അസാധാരണമായ സൈനിക നടപടികൾക്ക് രാഷ്ട്രീയ പിന്തുണ നേടാൻ സാധിക്കുന്നു. ഇവിടെ ഹമാസിനെതിരായ നടപടിയുടെ പേരിൽ ഒരു ജനതയുടെ അടിസ്ഥാനാവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നു എന്നതാണ്. കാരണം ഈ പ്രശ്നങ്ങളുടെ തുടക്കം 2023 ഒക്ടോബറിലല്ല.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഫലസ്തീൻ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള മാൻഡേറ്റ് പ്രദേശമായി. 1917-ലെ ബാൽഫർ പ്രഖ്യാപനത്തിൽ ഫലസ്തീനിൽ ജൂത ജനതയ്ക്ക് ഒരു ദേശീയ ഭവനം സ്ഥാപിക്കുന്നതിനെ ബ്രിട്ടീഷ് സർക്കാർ പിന്തുണച്ചു.

ഇതിന് പിന്നാലെ യൂറോപ്പിൽനിന്നുള്ള ജൂത കുടിയേറ്റം വർധിച്ചു. യൂറോപ്പിലെ ജൂതവിരുദ്ധതയും നാസി പീഡനവും ഹോളോകോസ്റ്റും ജൂതർക്കായി സുരക്ഷിതമായ ഒരു ദേശീയ ഭവനം വേണമെന്ന ആവശ്യത്തിന് കൂടുതൽ ശക്തി നൽകി.

1947-ലെ ഐക്യരാഷ്ട്രസഭാ വിഭജനപദ്ധതി പ്രകാരം ബ്രിട്ടീഷ് മാൻഡേറ്റ് ഫലസ്തീൻ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടു. ജൂത രാഷ്ട്രം, ഏകദേശം 55 ശതമാനം ഭൂവിഭാഗം. അറബ് രാഷ്ട്രം, ഏകദേശം 45 ശതമാനം ഭൂവിഭാഗം. ജറുസലേം, അന്താരാഷ്ട്ര ഭരണത്തിൻകീഴിൽ.

ഇതൊരിക്കലും ജനസംഖ്യാ ആനുപാതികം പോലുമായിരുന്നില്ല. വിഭജനപദ്ധതി അറബ് നേതൃത്വവും അറബ് രാഷ്ട്രങ്ങളും അംഗീകരിച്ചില്ല. സയണിസ്റ്റ് നേതൃത്വം പദ്ധതി അംഗീകരിച്ചു.

1947 അവസാനത്തോടെ തുടങ്ങിയ ആഭ്യന്തര സംഘർഷത്തിനിടയിൽത്തന്നെ ഫലസ്തീൻ ജനതയുടെ വലിയൊരു വിഭാഗം വീടുകൾ വിട്ടുപോയിരുന്നു.1948-ലെ യുദ്ധകാലത്ത് ഏകദേശം 7.5 ലക്ഷം ഫലസ്തീനികൾ അഭയാർഥികളായി.

ഇതാണ് നക്ബ എന്നറിയപ്പെട്ടത്. ദുരന്തം എന്നാണ് നക്ബയുടെ അർത്ഥം. 400-ലധികം ഫലസ്തീൻ ഗ്രാമങ്ങൾ ജനവാസം നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു എന്നതാണ് പൊതുവായി ഉദ്ധരിക്കപ്പെടുന്ന ചരിത്രരേഖകളിലെ കണക്ക്. നിരവധി നഗരങ്ങളിലെ അറബ് ജനസംഖ്യ ഗണ്യമായി കുറഞ്ഞു. ഫലസ്തീനികളുടെ വീടുകളും ഭൂമികളും സ്വത്തുക്കളും നഷ്ടപ്പെട്ടു.

ഇത്രയും ചരിത്രപശ്ചാത്തലമുള്ള ഒരു പ്രശ്നത്തെ ചുരുക്കി, 2023 ലെ ഹമാസ് ആക്രമണത്തിലേക്ക് മാത്രം ശ്രദ്ധ കൊണ്ട് വരിക. ഇങ്ങനെയാണ് blame shifting ഇന്ന് നടക്കുന്നത്. Securitization എന്നൊരു കാര്യം കൂടി ഇവിടെ നടക്കുന്നുണ്ട്. (ഇത് International Relations-ലെ Copenhagen School വികസിപ്പിച്ച പ്രധാനപ്പെട്ട ആശയമാണ്) ഫലസ്തീനികളുടെ പ്രതിഷേധം, ഭൂമിയുടെ അവകാശം, രാഷ്ട്രീയാവശ്യങ്ങൾ എന്നിവയെ സുരക്ഷാഭീഷണി, തീവ്രവാദം, ദേശീയസുരക്ഷാ പ്രശ്നം എന്നിങ്ങനെ ചിത്രീകരിച്ചു രാഷ്ട്രീയപ്രശ്നത്തെ സുരക്ഷാഭീഷണിയാക്കി ചിത്രീകരിക്കുന്ന ജോലിയാണിത്.

ഫലസ്തീനിലെ സംഘർഷത്തിന്റെ കാഴ്ചകൾ

ഒരു പ്രശ്നത്തെ സാധാരണ രാഷ്ട്രീയപ്രശ്നമായി കാണാതെ രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി അവതരിപ്പിക്കുന്ന പ്രക്രിയയാണ് Securitization. ഒപ്പം ഫലസ്തീനികളുടെ ഭൂമിയുടെയും സ്വയംനിർണയത്തിന്റെയും പ്രശ്നങ്ങളെ സുരക്ഷാഭീഷണിയുടെ ചട്ടക്കൂടിലേക്ക് മാത്രം ചുരുക്കുകയും ചെയ്യുന്നു.

ഇത് ഒരു ജനതയ്ക്ക് നേരെയുമാകാം. രാമായണത്തിന്റെ കാലത്ത് അത് ശൂദ്രന് നേർക്കായിരുന്നു. അതുക്കും മേലെ അദർ ആയി മുദ്ര കുത്തിയിരുന്നത് ചില വിഭാഗം മനുഷ്യരെ ചണ്ടാളർ എന്ന് വിളിച്ചു കൊണ്ടും, മറ്റൊരു രാജവംശത്തെ മുഴുവൻ, രാക്ഷസരെ മുഴുവൻ തിന്മയായി ടാഗ് ചെയ്തു കൊണ്ടുമാകാം.

ഇനി സമകാലിക ഇന്ത്യയുടെ കാര്യമെടുക്കുക ഇതേ കാര്യങ്ങൾ ഇവിടെയും നടക്കുന്നുണ്ട് ഇതൊരു geographical റീജിയണിൽ തന്നെ നടക്കണം എന്നില്ല. മുൻപ് പറഞ്ഞ Securitization എന്ന സംഗതിയിൽ, Internal Securitization എന്നൊരു കാര്യം കൂടി ഉൾപ്പെടുന്നുണ്ട്. ഒരു ഭരണകൂടത്തിന് സ്വന്തം രാജ്യത്തെ ജനതയുടെ ഒരു വിഭാഗത്തെ തന്നെ Internal Threat (ആന്തരിക ഭീഷണി) ആയി നിർവചിക്കാനും, അവരുടെ രാഷ്ട്രീയ ആവശ്യങ്ങളെയും പ്രതിഷേധങ്ങളെയും ദേശീയസുരക്ഷയ്ക്കുള്ള ഭീഷണിയായി അവതരിപ്പിക്കാനും കഴിയുന്ന അവസ്ഥയെയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.

Internal Securitization എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നത് ?

1. ഒരു വിഭാഗത്തെ തിരിച്ചറിയുന്നു
ഒരു പ്രദേശത്തെ ജനതയെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ പ്രത്യേക വിഭാഗമായി അടയാളപ്പെടുത്തുന്നു.

2. Internal Enemy ആയി ചിത്രീകരിക്കുന്നു
അവരെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി ചിത്രീകരിക്കുന്നു.

3. ഭീഷണിയുടെ ഭാഷ സൃഷ്ടിക്കുന്നു
രാജ്യദ്രോഹം, വിഘടനവാദം, ദേശീയസുരക്ഷ, ആഭ്യന്തരശത്രു തുടങ്ങിയ പ്രയോഗങ്ങൾ വ്യാപകമാകുന്നു.

4. അസാധാരണ നടപടികൾ ന്യായീകരിക്കുന്നു
നിരീക്ഷണം, അറസ്റ്റ്, സൈനികവത്ക്കരണം, ആശയവിനിമയ നിയന്ത്രണം തുടങ്ങിയ നടപടികൾക്ക് ന്യായീകരണം ലഭിക്കുന്നു.

5. രാഷ്ട്രീയ എതിർപ്പിന്റെ ഇടം ചുരുങ്ങുന്നു
വിമർശനവും പ്രതിഷേധവും സാധാരണ ജനാധിപത്യ പ്രവർത്തനങ്ങളായി കാണാതെ സുരക്ഷാപ്രശ്നങ്ങളായി പരിഗണിക്കപ്പെടാം.

ഇന്ത്യയിൽ ഇത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരെ പ്രയോഗിക്കപ്പെടുന്ന, സംഘപരിവാർ നോർമലൈസ് ചെയ്യാൻ ശ്രമിക്കുന്ന കാര്യമാണ്. 2024 ഡിസംബറിലെ NCRB യുടെ Prison Statistics India കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ആകെ തടവുകാരുടെ എണ്ണം 5,11,542 ആണ്.

ഇതിൽ 1,79,923 പേർ ദളിതരും മുസ്‌ലിങ്ങളുമാണ്. അതായത് തടവിൽ കഴിയുന്നവരിൽ 35 ശതമാനത്തിലധികം പേരും ദളിതരും മുസ്‌ലിംങ്ങളുമാണ്. ഏകദേശം 30% പേർ ഒരു വർഷത്തിലധികമായി വിചാരണ കാത്ത് ജയിലിൽ കഴിയുന്നു. 2.4% പേർ അഞ്ചുവർഷത്തിലധികവും. അതായത് കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ ഒരാൾക്ക് വർഷങ്ങളോളം തടവുശിക്ഷയ്ക്ക് സമാനമായ ജീവിതം അനുഭവിക്കേണ്ടിവരുന്നു.

ഇതിൽ ജാതിയും മതവും എങ്ങനെയാണ് പ്രവർത്തിക്കുന്നത്? Structural Inequality എന്നൊരു സംഗതിയുണ്ട്. ഒരു ദരിദ്രനായ ദളിത് അല്ലെങ്കിൽ മുസ്‌ലിം വ്യക്തിക്ക് അറസ്റ്റ് നേരിടേണ്ടിവരുന്നു. (കേരളത്തിന്റെ സാഹചര്യമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.) കുടുംബത്തിന് അഭിഭാഷകനെ ഏർപ്പെടുത്താൻ സാമ്പത്തികശേഷിയില്ല.

സൗജന്യ നിയമസഹായം ഫലപ്രദമായി ലഭിക്കണമെന്നില്ല. ജാമ്യം ലഭിച്ചാലും ജാമ്യത്തുക അല്ലെങ്കിൽ ജാമ്യക്കാർ കണ്ടെത്താൻ കഴിയാതെ വരാം.വിചാരണ നീണ്ടുപോകുന്നു. വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നു.

ബാബറി മസ്ജിദ് തകർത്തതിന് ശേഷം, സംഘപരിവാർ ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ മുസ്‌ലിം സമൂഹത്തെ അദർ ആക്കി നിറുത്താൻ ഉപയോഗിക്കുന്ന ചില പ്രധാന നറേറ്റീവുകൾ ഉണ്ട്. മുസ്‌ലിങ്ങളെ ദേശീയതയോടും രാജ്യസ്നേഹത്തോടും ബന്ധപ്പെടുത്തി സംശയത്തിൽ നിർത്തുക.

പൗരത്വവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ രാജ്യവിരുദ്ധതയുമായി ബന്ധിപ്പിക്കുക. സുപ്രീം കോടതി പോലും ഇല്ലെന്ന് അംഗീകരിച്ച, ലവ് ജിഹാദ് പോലുള്ള രാഷ്ട്രീയ ആഖ്യാനങ്ങളിലൂടെ ഒരു മതവിഭാഗത്തെ സംഘടിത ഭീഷണിയായി ചിത്രീകരിക്കുക. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റാരോപണങ്ങളെ ചിലപ്പോൾ വിശാലമായ മുസ്ലിം സമൂഹത്തെക്കുറിച്ചുള്ള സംശയങ്ങളിലേക്ക് വ്യാപിപ്പിക്കുക.

ഇതൊക്കെ അത്യന്തികമായി ഒരു പൊതുസംശയം ഒരു വിഭാഗത്തിന് നേരെ ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നു. മാത്രവുമല്ല, സമ്പന്നനോ മേല്പറഞ്ഞ ചാപ്പ കുത്തലുകളിൽ പെടുകയോ ചെയ്യാത്ത ഒരാൾക്ക് മികച്ച അഭിഭാഷകനെയും ജാമ്യക്കാരനെയും കണ്ടെത്താൻ കഴിയുമ്പോൾ ഇങ്ങനെ ടാഗ് ചെയ്യപ്പെടുന്ന ഒരാൾക്ക് അതിന് കഴിയാതെ ജയിലിൽ തുടരേണ്ടിവരുന്നുവെങ്കിൽ, നിയമപരമായ തുല്യത യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും ലഭിക്കുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ഇതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ എന്നതാണ് മേൽപ്പറഞ്ഞ കണക്കുകൾ സൂചിപ്പിക്കുന്നത്.

ദളിതരുടെ കാര്യത്തിൽ Internal Securitization, ജാതിവിവേചനത്തിനെതിരായ രാഷ്ട്രീയ പ്രതിരോധത്തെയും സാമൂഹികനീതിക്കുവേണ്ടിയുള്ള സമരങ്ങളെയും ചില സന്ദർഭങ്ങളിൽ രാജ്യസുരക്ഷയുടെയും ആഭ്യന്തരക്രമത്തിന്റെയും പ്രശ്നങ്ങളാക്കി മാറ്റുന്നു.

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കേസ് (2018) ഇതിനൊരു ഉദാഹരണമാണ്.

2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ നടന്ന ദളിത് അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾ ഉണ്ടായി. തുടർന്ന്, ദളിത് പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ബുദ്ധിജീവികളും അന്വേഷണത്തിന്റെ ഭാഗമായി, ചിലർക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടുകയും യു.എ.പി.എ പോലുള്ള മനുഷ്യവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കൊറേഗാവ് ഭീമ യുദ്ധസ്മാരകം

ഇവിടെ ശ്രദ്ധിക്കേണ്ട തിരക്കഥയുടെ രീതി, ജാതിവിവേചനത്തിനെതിരായ പ്രതിരോധം നടക്കുമ്പോൾ മാവോയിസ്റ്റ് ബന്ധമെന്ന ആരോപണം സ്റ്റേറ്റ് കൊണ്ട് വരുന്നു, അതൊരു ദേശീയസുരക്ഷാ പ്രശ്നം ആയി ചിത്രീകരിക്കുന്നു ഒടുവിൽ തീവ്രവാദവിരുദ്ധ നിയമപ്രയോഗവും.

സാമൂഹികനീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും യഥാർത്ഥ സായുധ ഗൂഢാലോചനകളും തമ്മിലുള്ള വ്യത്യാസം നിയമപരമായി പരിശോധിക്കപ്പെടാതെ ഒരു വിഭാഗത്തെ ചപ്പായടിക്കുന്നു എന്നതിലാണ് പ്രശ്നം.

ക്രൈസ്തവരുടെ കാര്യത്തിലേക്ക് വരുമ്പോൾ പ്രധാനമായും മതപരിവർത്തനത്തെ സുരക്ഷാ സാംസ്കാരിക ഭീഷണിയായി അവതരിപ്പിക്കുന്ന പ്രവണതയുണ്ട്. മതപ്രചാരണത്തെ സാമൂഹിക സംഘർഷത്തിന്റെ കാരണമായി അവതരിപ്പിക്കുക, വ്യക്തികളുടെ മതപരിവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകളെ പൊതുക്രമത്തിന്റെയും സുരക്ഷയുടെയും വിഷയമാക്കുക, ചില സന്ദർഭങ്ങളിൽ മതപരിവർത്തന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങളുണ്ടാവുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്യുക.

എന്നാൽ നിർബന്ധിത മതപരിവർത്തനം നിയമപരമായി തടയുന്നതും സ്വമേധയാ മതം സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ നിയന്ത്രിക്കുന്നതും രണ്ടാണ് എന്നത് മറച്ചു വയ്ക്കുക.

ഇവിടെ ഒരു ഭൂരിപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു എന്ന പേരിൽ ന്യൂനപക്ഷത്തെ അപകടകാരിയായി ചിത്രീകരിക്കുകയും ആ ന്യൂനപക്ഷത്തിനെതിരായ അക്രമത്തെ പോലും സുരക്ഷയുടെ പേരിൽ ന്യായീകരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

ഇവിടെ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയൊരു ടാക്ടിക്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാകുന്നുണ്ട്. 2002 ഫെബ്രുവരിയിൽ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിൽ നടന്ന ഒരു യോഗത്തിൽ താൻ പങ്കെടുത്തതായും ന്യൂനപക്ഷ സമുദായത്തിനെതിരെ ‘ഹിന്ദുക്കൾക്ക് അവരുടെ കോപം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്ന്’ മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായും സുപ്രീം കോടതിയിൽ സത്യവാങ്മൂലം കൊടുത്തത്തിന്റെ പേരിലാണ് മോഡി ഷാ സഖ്യം കള്ളക്കേസിൽ കുടുക്കി സഞ്ജീവ് ഭട്ടിനെ തടവിൽ ഇട്ടിരിക്കുന്നത് എന്നത് ഇതിന് കൃത്യമായ ഒരുദാഹരണമാണ്.

സഞ്ജീവ് ഭട്ട്

ശ്രദ്ധിക്കേണ്ട കാര്യം ഭരണകൂടം അദർ ആക്കി മാറ്റി നിൽക്കുന്നവരോട് ഐക്യപ്പെട്ട് തനിക്കറിയാവുന്ന ഒരു കാര്യം രാജ്യത്തിന്റെ പരമോന്നത കോടതിയിൽ പറഞ്ഞ ഒരുന്നതോദ്യോസ്ഥന്റെ അവസ്ഥയാണിത് എന്നതാണ്.

ഇത്രയും മോഡി ഷാ സഖ്യത്തിന്റെ രാമരാജ്യത്താണ് നടക്കുന്നതെങ്കിൽ, ഇനി ഇപ്പറഞ്ഞത് പോലെയുള്ള കാര്യങ്ങൾ എങ്ങനെയാണ് രാമായണത്തിലെ OG രാമരാജ്യത്ത് നടന്നിരുന്നത് എന്ന് നോക്കാം.

ദണ്ഡകാരണ്യത്തിലെ രാക്ഷസരെ ഒരു സുരക്ഷാഭീഷണിയായി കാണുന്നുണ്ട് രാമായണത്തിൽ. ആരണ്യകാണ്ഡത്തിൽ ദണ്ഡകാരണ്യത്തിലെ മുനിമാർ രാമനെ സമീപിച്ച് രാക്ഷസർ തങ്ങളുടെ യാഗങ്ങളും തപസ്സുകളും തടസ്സപ്പെടുത്തുന്നുവെന്നും തങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്, മുനിമാരുടെ ജീവിതരീതിയെയും യാഗങ്ങളെയും സംരക്ഷിക്കേണ്ട ഒരു ക്രമമായി അവതരിപ്പിക്കുന്നു.
അതിനെ തടസ്സപ്പെടുത്തുന്ന രാക്ഷസരെ ആ ക്രമത്തിന്റെ ശത്രുക്കളായി നിർവചിക്കുന്നു.

ആരാണ് ഇത് നിർവചിക്കുന്നത്? സ്‌മൃതികളും സൂത്രങ്ങളുമാണ് ഭരണം നിയന്ത്രിക്കുന്നത്, അത് ക്രോഡീകരിച്ചതോ, മുനിമാരും. ഇപ്പൊ എങ്ങനെ ഇരിക്കണ്? അപ്പൊ ആ നിയമങ്ങൾ വഴി രാക്ഷസർ തേയും എന്നുറപ്പല്ലേ? ഇപ്പറഞ്ഞ ദണ്ഡകാരണ്യം അയോദ്ധ്യയുടെ കീഴിലല്ല.

ആരണ്യകാണ്ഡം 3.34-ൽ രാവണൻ ശൂർപ്പണഖയോട് രാമൻ എന്തിനാണ് ദണ്ഡകാരണ്യത്തിൽ പ്രവേശിച്ചതെന്ന് ചോദിക്കുന്നുണ്ട്. രാമന്റെ സാന്നിധ്യത്തെ രാവണൻ തന്റെ അധികാരമേഖലയിലേക്കുള്ള കടന്നുകയറ്റമായി കാണുന്നു.

മുനിമാർ പറയുമ്പോൾ വെറുതെയങ്ങ് കേറി ഇടപെടുമെങ്കിൽ ആണെങ്കിൽ രാമന് ഇന്നത്തെ ട്രമ്പിന്റെയോ നെതന്യാഹുവിന്റെയോ സ്വഭാവമാണെന്ന് പറയേണ്ടി വരും.

Territorial Sovereignty എന്ന ആശയം അന്നുമുണ്ട്. അപ്പോൾ രാമന്റെ ഇടപെടൽ ഒരു പ്രദേശത്തെ ആഭ്യന്തര സംഘർഷത്തിൽ പുറത്തുനിന്നുള്ള അധികാരകേന്ദ്രത്തിന്റെ ഇടപെടൽ ആയി മാറുന്നുണ്ട്. ഇത് സാധ്യമാക്കിത്തീർക്കുന്നത് രാമനും മുകളിലുള്ള ശക്തി പൗരോഹിത്യത്തിനുണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്.

രാമൻ മുനിമാരുടെ സംരക്ഷണത്തിനായി രാക്ഷസർക്കെതിരെ യുദ്ധം ചെയ്യുന്നു. ഇത് നമ്മൾ കേട്ടു പഴകിയ വേർഷനാണ്. എന്നാൽ രാവണന്റെ കാഴ്ചപ്പാടിൽ, തന്റെ അധികാരപരിധിയിലെ ജനസ്ഥാനത്ത് രാമൻ കടന്നുകയറി ഖരനെയും സൈന്യത്തെയും വധിച്ചിരിക്കുകയാണ്. രാമൻ അയോധ്യയിൽ ഉള്ളപ്പോൾ രാവണൻ ഇത്തരമൊരു പ്രവൃത്തി അയോദ്ധ്യയിൽ കയറി ചെയ്താൽ അത് രാമൻ അനുവദിക്കുമോ എന്നതാണ് ചോദ്യം.

ഇവിടെ രാക്ഷസരെ ധാർമികവും സാമൂഹികവുമായ അപരരായി അദർ ആയി ചിത്രീകരിക്കുന്നു. അവരുടെ സാന്നിധ്യവും പ്രവൃത്തികളും മുനിമാരുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായി അവതരിപ്പിക്കുന്നു.

ആ ഭീഷണി നേരിടാൻ സൈനികശക്തി ഉപയോഗിക്കുന്നത് ന്യായീകരിക്കപ്പെടുന്നു (Legitimisation of Force). ഇന്നത്തെ അധിനിവേശങ്ങളിൽ ഉപയോഗിക്കപ്പെടുന്ന അതേ ഫോർമുലയാണ്.ഇന്ന് വടക്കുകിഴക്കൻ ഇന്ത്യയിലെ ജനവിഭാഗങ്ങൾ, കശ്മീരികൾ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ ആദിവാസികൾ എന്നിവരെക്കുറിച്ചുള്ള ഔദ്യോഗിക സുരക്ഷാഭാഷ്യങ്ങൾ രൂപപ്പെടുന്നതും ഇതേ അച്ചിലാണെന്ന് പറയേണ്ടി വരും.

രാമൻ കൃത്യമായ ഒരു സാമ്രാജ്യത്വവാദിയാണ് എന്ന് വ്യക്തമാകുന്ന സാഹചര്യമുണ്ടോ രാമായണത്തിൽ?

ഉണ്ട് എന്നാണ് ഉത്തരം. ബാലിയുമായുള്ള യുദ്ധത്തിൽ രാമൻ ഒരു അധിനിവേശവാദി മാത്രമല്ല ഒരു വംശീയ വാദി എന്ന നിലയിലേക്ക് കൂടി തരം താഴുന്നുണ്ട്. സുഗ്രീവനുമായുള്ള സഖ്യം തന്നെ രാമൻ നീതിക്കു വേണ്ടി വിശന്നിട്ടു ഉണ്ടാക്കിയതൊന്നുമല്ല, രാഷ്ട്രീയ താത്പര്യത്തിനുവേണ്ടിയാണ്.

രാമന് സീതയെ കണ്ടെത്തണം. അതിനായി വനപ്രദേശങ്ങളെയും അവിടത്തെ ജനങ്ങളെയും സൈനികശക്തിയെയും കുറിച്ച് അറിവുള്ള ഒരു സഖ്യകക്ഷി ആവശ്യമാണ്. കബന്ധന്റെ നിർദേശപ്രകാരം രാമൻ സുഗ്രീവനുമായി സഖ്യമുണ്ടാക്കുന്നു. ആ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ രാമൻ സുഗ്രീവനെ ബാലിയിൽനിന്ന് രക്ഷിക്കാമെന്ന് ഉറപ്പുനൽകുന്നു.

ബാലിയെ വധിച്ച് സുഗ്രീവന് കിഷ്കിന്ധയുടെ രാജ്യം തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. പകരമായി സീതയെ കണ്ടെത്താൻ സുഗ്രീവന്റെ സഹായം ലഭിക്കുന്നു. ഇത് ധാർമിക ഇടപെടലൊന്നുമല്ല, വ്യക്തമായ രാഷ്ട്രീയ-സൈനിക ഡീൽ മാത്രമാണ്.

രാമൻ, ബാലിയെ നേരിട്ട് അഭിമുഖീകരിക്കാതെ മരത്തിനു പിന്നിൽ ഒളിച്ചുനിന്നാണ് അമ്പെയ്തു കൊല്ലുന്നത്, മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിയുടെ കാര്യത്തിലാണ് ഇടപെടുന്നത്, സുഗ്രീവനുമായുള്ള രാഷ്ട്രീയസഖ്യത്തിന്റെ ഭാഗമായാണ് അല്ലാതെ ധാർമിക ഉയർത്തിപ്പിടിക്കാനല്ല ബാലിയെ കൊല്ലുന്നത്.

ഒളിയമ്പേറ്റ് വീണ ബാലി, രാമൻ തന്നെ ഉയർത്തിപ്പിടിക്കുന്നു എന്ന് പറയുന്ന ധർമ്മത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് രാമനെ വിചാരണ ചെയ്യുന്നുണ്ട്. താൻ രാമന്റെ രാജ്യത്തെ ആക്രമിച്ചിട്ടില്ല, രാമനുമായി തനിക്ക് വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നില്ല, താൻ രാമനെ യുദ്ധത്തിന് വെല്ലുവിളിച്ചിരുന്നില്ല. വനത്തിൽ ജീവിക്കുന്ന തന്നെ എന്തിനാണ് രാമൻ ഇങ്ങനെ ആക്രമിച്ചത്?

നേരിട്ട് യുദ്ധം ചെയ്യാതെ ഒളിച്ചുനിന്ന് അമ്പെയ്തത് ക്ഷത്രിയധർമ്മത്തിന് യോജിച്ചതാണോ? താൻ ചെയ്ത കുറ്റം എന്താണെന്ന് നേരിട്ട് ചോദിക്കുകയോ വിചാരണ ചെയ്യുകയോ ചെയ്തിരുന്നോ? എന്നിങ്ങനെയുള്ള ബാലിയുടെ ചോദ്യങ്ങൾക്കു മറുപടിയായി, സുഗ്രീവൻ ജീവിച്ചിരിക്കെ ബാലി അയാളുടെ ഭാര്യയായ രൂമയെ സ്വന്തമാക്കി. അത് ധർമ്മലംഘനമാണ്. സഹോദരന്റെ ഭാര്യയെ കൈവശപ്പെടുത്തിയത് ശിക്ഷാർഹമായ കുറ്റമാണ്.

അതിനുള്ള ശിക്ഷയായിട്ടാണ് താൻ ബാലിയെ വധിച്ചതെന്ന് രാമൻ പറയുന്നു. (ഒരുമാതിരി അരിയെത്ര എന്ന് ചോദിക്കുമ്പോൾ മണ്ണെണ്ണ 2ലിറ്റർ എന്ന് പറയുന്ന പോലത്തെ മറുപടി) താൻ രാമന്റെ രാജ്യത്തോ നഗരത്തിലോ ജീവിക്കുന്നവനല്ല, കിഷ്കിന്ധയിലെ ഭരണാധികാരിയാണ്, പിന്നെ തന്നെ ശിക്ഷിക്കാൻ എന്ത് അധികാരമാണുള്ളത് ബ്രോ എന്ന് ബാലി രാമനോട് ചോദിക്കുമ്പോൾ, രാമൻ നൽകുന്ന മറുപടി രാമനെന്ന വ്യാജബിംബത്തെ സ്വയം സ്ട്രിപ്പ് ചെയ്തു ഉള്ളിലെ സാമ്രാജ്യത്വവാദിയെ വെളിവാക്കുന്ന ഒന്നാണ്.

‘ഈ ഭൂമി മുഴുവൻ , പർവതങ്ങളും വനങ്ങളും ഉൾപ്പെടെ, ഇക്ഷ്വാകു വംശത്തിന്റേതാണ്. അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ശിക്ഷിക്കാനും സംരക്ഷിക്കാനുമുള്ള അധികാരവും അവർക്കുണ്ട്.’ ഇതാണ് മറുപടി. സംശയമുള്ളവർക്ക് കിഷ്കിന്ധാകാണ്ഡം 18.6–11 എടുത്ത് നോക്കാവുന്നതാണ്.

‘ഞങ്ങൾ പരമമായ സ്വധർമ്മത്തിൽ സ്ഥിതി ചെയ്തുകൊണ്ട്, ഭരതന്റെ ആജ്ഞ ശിരസാവഹിച്ച്, സദാചാരത്തിൽ നിന്നും ധർമമാർഗത്തിൽ നിന്നും വ്യതിചലിച്ചവരെ (തെറ്റ് ചെയ്തവരെ) വിധിപ്രകാരം ശിക്ഷിക്കുന്നു.’ (ശ്ലോകം 11)

ഇതല്ലേ പുതിയ ഭാഷയിൽ ട്രംപ് പറയുന്നത് എന്നൊന്ന് ആലോചിച്ചു നോക്കുക. അത് കൂടാതെ സാകേതം ഉപേക്ഷിച്ചു എന്നൊരു കാര്യം ചെയ്യുമ്പോൾ, സ്വയം ജീവിക്കുന്ന രക്തസാക്ഷി എന്നൊരു നറേറ്റീവ് ഉണ്ടാക്കിയെടുക്കുന്ന രാമന് കൃത്യമായി അറിയാവുന്ന കാര്യം ഭരതൻ ഒരിക്കലും സ്വയം രാജാവാകാൻ ആഗ്രഹിക്കില്ല എന്നും അതുകൊണ്ട് തന്നെ താൻ തിരികെയെത്തുമ്പോൾ ഭരതൻ തനിക്ക് രാജ്യം സമർപ്പിക്കുമെന്നുമാണ്.

വനവാസകാലത്ത് ചിത്രകൂടപർവ്വതത്തിൽ വെച്ച്, ഭരതൻ ചതുരംഗപ്പടയുമായി വരുന്നത് കണ്ട ലക്ഷ്മണൻ തെറ്റിദ്ധരിക്കുകയും ഭരതൻ തങ്ങളെ വധിക്കാനാണ് വരുന്നതെന്ന് സംശയിച്ച് കോപിക്കുകയും ചെയ്യുന്ന സമയത്ത് ലക്ഷ്മണനെ ശാന്തനാക്കിക്കൊണ്ട് രാമൻ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

‘അല്ലയോ മഹാബാഹുവായ ലക്ഷ്മണാ, ഭരതൻ ഒരിക്കലും സ്വയം രാജ്യം ആഗ്രഹിക്കുന്നില്ല. ധർമ്മനിഷ്ഠനും ആത്മജ്ഞാനിയുമായ ഭരതൻ സഹോദരസ്നേഹമുള്ളവനാണ് (ഭ്രാതൃവത്സലനാണ്).’

‘അച്ഛനാലോ, എന്നാലോ, കൈകേയിയാലോ പ്രേരിപ്പിക്കപ്പെട്ടാൽ പോലും ധർമ്മാത്മാവായ അവൻ രാജ്യം ആഗ്രഹിക്കുകയില്ല. അവന്റെ മനസ് ഒരിക്കലും ചഞ്ചലപ്പെടുന്നതല്ല. എന്നെ വീണ്ടും അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വേണ്ടി മാത്രമാണ് അവൻ ഇപ്പോൾ വരുന്നത്.’
അയോദ്ധ്യാകാണ്ഡം (96: 16-18)

കിഷ്കിന്ധയിലെ ഭരണാധികാരിയെ ശിക്ഷിക്കാൻ രാമന് എന്ത് അധികാരം എന്ന ചോദ്യത്തിന് അയോദ്ധ്യയും ഇക്ഷ്വാഹു വംശവും ലോക പൊലീസ് ആണെന്ന, ഇന്നത്തെ ഭാഷയിൽ അമേരിക്കനിസവും ഹിറ്റ്‌ലറിസവും (സാമ്രാജ്യത്വം + വംശം) ചേർന്ന മറുപടിയാണ് രാമൻ പറയുന്നത്. ചെയ്യുന്നതും അതേ മോഡസ് ഓപ്പറാന്റി തന്നെയാണ്.

ബാലിയുടെ വാദം കേൾക്കുന്നതിനോ കുറ്റം പരിശോധിക്കുന്നതിനോ അവസരം നൽകിയില്ല. പിന്നെ നേരിട്ട് ഏറ്റുമുട്ടാതെ ഒളിച്ചിരുന്ന് ആയുധം പ്രയോഗിച്ചത് കൊണ്ട് തന്നെ ഇതൊരു ധർമ്മയുദ്ധമാണെന്നുള്ളതിനും ആർക്കും ഒരു സംശയവുമില്ലല്ലോ അല്ലേ? If you are bad, I’m your dad ആറ്റിട്യൂഡ്. അതൊക്കെ രാമന്റെ ഇഷ്ടം.

അപ്പോൾ ധർമ്മം നിർവചിക്കുന്നത്, കുറ്റക്കാരനെന്ന് തീരുമാനിക്കുന്നത്, ശിക്ഷിക്കാനുള്ള അധികാരം ഒക്കെ തനിക്കാണെന്ന് രാമൻ കരുതുന്നു. രാഷ്ട്രീയ ഇടപെടലിന് ധർമ്മത്തിന്റെ ഭാഷയിൽ സമ്മതവും ന്യായീകരണവും സൃഷ്ടിക്കുന്നു. പിന്നീട് രാമൻ പറയുന്നത് ശുദ്ധ വംശീയ അധിക്ഷേപമാണ്.

രാമൻ വേട്ടയാടലിന്റെ ഉദാഹരണം കൊണ്ടുവരുന്നു. വനത്തിൽ ജീവിക്കുന്ന മൃഗങ്ങളെ വേട്ടയാടുമ്പോൾ അവയെ നേരിട്ട് അഭിമുഖീകരിച്ച് യുദ്ധം ചെയ്യണമെന്നില്ലെന്നും ബാലീ ഒരു മൃഗം ആണെന്നും അതിനാൽ അങ്ങനെ അമ്പെയ്യുന്നതിൽ തെറ്റില്ലെന്നും വാദിക്കുന്നു. (കിഷ്കിന്ധാകാണ്ഡം 18.39–40) വായിക്കുന്ന നമുക്ക് ഇതെന്നാ മര്യാദാ പുരുഷോത്തമനാടാ ഉവ്വേ എന്ന ഡിസ്ഗ്സ്റ്റിംഗ് ഫീൽ വരുന്നു.

സത്യത്തിൽ കാര്യം ഇത്രേയുള്ളൂ, സുഗ്രീവൻ സഖ്യകക്ഷിയാണ്, ബാലിയെ കൊന്ന് രാജ്യം സുഗ്രീവനെ ഏൽപ്പിച്ചാൽ മാത്രമേ സീതയെ കണ്ടെത്താൻ സുഗ്രീവന്റെയും സൈന്യത്തിന്റെയും സഹായം ലഭിക്കുകയുള്ളു. ഇത്രയുമൊക്കെ ചെയ്ത് കൂട്ടിയിട്ട് ബാലിയോട് ധർമത്തേക്കുറിച്ച് ക്ലാസ് എടുക്കുന്നത് കുറച്ചു ഓവറാണെന്നു മാത്രം. അല്ലെങ്കിലും __ ഉം ഉപദേശവും, രണ്ടും കൂടി അത്ര നല്ലതല്ലല്ലോ.

ഇനി രാമന്റെ ലങ്ക അക്രമണത്തിലേക്ക് വരാം. രാമന്റെ ലക്ഷ്യം സീതയെ മോചിപ്പിക്കലായിരുന്നെങ്കിൽ, രാവണനെ കീഴടക്കി സീതയെ തിരികെ കൊണ്ടുവന്നാൽ പോരേ? എന്തിനാണ് രാവണന്റെ ഭരണകൂടത്തെ തന്നെ അട്ടിമറിച്ച് വിഭീഷണനെ രാജാവായി വാഴിക്കുന്നത്? സീതയുടെ മോചനത്തിനായി ആരംഭിച്ച സൈനികനീക്കം ലങ്കയുടെ ഭരണകൂടമാറ്റത്തിലേക്കും എത്തുന്നു. വിഭീഷണൻ രാവണന്റെ സഹോദരനാണ്.

സീതയെ തട്ടിക്കൊണ്ടുപോയ നടപടിയെ അദ്ദേഹം എതിർക്കുകയും സീതയെ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. രാവണൻ അത് അംഗീകരിക്കാത്തതിനെത്തുടർന്ന് വിഭീഷണൻ ലങ്ക വിട്ട് രാമന്റെ പക്ഷത്ത് ചേരുന്നു.

യുദ്ധത്തിനുമുമ്പുതന്നെ വിഭീഷണനെ ലങ്കയുടെ ഭാവി രാജാവായി അംഗീകരിക്കുന്ന രാഷ്ട്രീയനീക്കം രാമൻ സ്വീകരിക്കുന്നു. ഇവിടെ രാമൻ, ശത്രുരാജ്യത്തിനുള്ളിൽ നിന്നുതന്നെ ഒരു രാഷ്ട്രീയ എതിരാളിയെ കണ്ടെത്തുന്നു, അയാളെ സ്വന്തം സൈനിക സഖ്യത്തിന്റെ ഭാഗമാക്കുന്നു, യുദ്ധവിജയത്തിനുശേഷം അയാളെ ഭരണാധികാരിയാക്കുന്നു.

രാമൻ ലങ്കയെ വെറുതെയങ്ങു അയോദ്ധ്യയുടെ ഭാഗം ആക്കുന്നില്ല. സൈനിക ഇടപെടലിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിയെ മാറ്റി തനിക്ക് അനുകൂലമായ ഭരണകൂടം സ്ഥാപിക്കുക എന്നതാണ് ചെയ്യുന്നത്. ഈ ഭൂമി മുഴുവൻ, പർവതങ്ങളും വനങ്ങളും ഉൾപ്പെടെ ഇക്ഷ്വാകു വംശത്തിന്റേതാണ് എന്ന് കക്ഷി വളരെ obviously പറഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ ഒരു അയോദ്ധ്യ/ ഇക്ഷ്വാഹു ഭരണത്തിന്റെ കീഴിലാണ് വിഭീഷണന്റെ ഭരണം ഉണ്ടാവുക എന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല എന്നതാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ അമേരിക്ക ഇറാഖ് യുദ്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. രണ്ടു വിഷയങ്ങളും കൂടി താരതമ്യം ചെയ്യുമ്പോൾ എന്റെയും ചേട്ടന്റെയും ശബ്ദം ഒരേ പോലെയിരിക്കുന്നു എന്ന ശ്രീനിവാസൻ ഡയലോഗ് ഓർമ വരുന്നു. കാരണം ഈ രണ്ട് സംഭവങ്ങളിലും കൺവിൻസിങ് ആയ വേറൊരു കാരണം പറഞ്ഞു മറ്റൊരു രാജ്യത്തേക്ക് സൈനികമായി പ്രവേശിക്കുന്നു. അവിടുത്തെ ഭരണാധികാരിയെ പുറത്താക്കുന്നു. തുടർന്ന് ആ രാജ്യത്ത് തനിക്ക് അനുകൂലമായ ഭരണക്രമം സ്ഥാപിക്കുന്നു. ഇനിയും സാമ്യങ്ങളുണ്ട്.

ലങ്കയിൽ യുദ്ധത്തിന് ഒരു ധാർമികമോ രാഷ്ട്രീയമോ ആയ ന്യായീകരണം നിർമ്മിക്കുന്നുണ്ട് രാമൻ. രാമന്റെ പ്രഖ്യാപിത ലക്ഷ്യം സീതയെ രാവണന്റെ തടവിൽനിന്ന് മോചിപ്പിക്കുക എന്നതാണ്. സീതയെ തട്ടിക്കൊണ്ടുപോയത് രാവണന്റെ കുറ്റമാണ്. അതിനാൽ സൈനികനടപടിക്ക് നീതിയുടെ ഭാഷയിൽ ന്യായീകരണം ലഭിക്കുന്നു.

ഇന്ന് ഇറാഖിലാവട്ടെ, 2003ൽ അധിനിവേശത്തിന് അമേരിക്കയും ബ്രിട്ടനും മുന്നോട്ടുവച്ച പ്രധാന ന്യായീകരണങ്ങൾ ഇറാഖ് കൂട്ടനശീകരണ ആയുധങ്ങൾ (WMD) കൈവശം വച്ചിട്ടുണ്ട്, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ പാലിക്കുന്നില്ല, അന്താരാഷ്ട്ര സുരക്ഷയ്ക്ക് സദ്ദാം ഹുസൈൻ ഭരണകൂടം ഭീഷണിയാണ്, എന്നിവയായിരുന്നു.

പക്ഷെ, അധിനിവേശത്തിനുശേഷം ഇറാഖിൽ ആരോപിക്കപ്പെട്ട സജീവ ഡബ്ള്യു.എം.ഡി ശേഖരങ്ങൾ കണ്ടെത്താനായില്ല.

ഇവിടെ സംഭവിക്കുന്നത് ഒരു സൈനികശക്തി യുദ്ധം നടത്തുന്നു എന്നത് മാത്രമല്ല. ആ യുദ്ധത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാവുന്ന രീതിയിൽ അവതരിപ്പിക്കാൻ ധാർമികവും സുരക്ഷാപരവുമായ ഏത് ഷുഗർ കോട്ടിങ് ആണ് ഉപയോഗിക്കുന്നത് എന്നതാണ്.

രണ്ട് സംഭവങ്ങളുടെയും ഒരേ മാതൃകയിലുള്ള ഒടുക്കം എന്ന് പറയുന്നത്, സ്വന്തം താത്പര്യങ്ങൾക്ക് അനുയോജ്യമായ പുതിയ ഭരണക്രമം സ്ഥാപിക്കുന്നു എന്ന കാര്യമാണ്. വിഭീഷണൻ രാവണന്റെ ഭരണത്തെ എതിർക്കുന്നു. രാമന്റെ സൈനികസഖ്യത്തിൽ ചേരുന്നു, ചെറിയ ആളല്ല, രാവണന്റെ സഹോദരൻ മാത്രമല്ല പ്രധാന ഉപദേശകൻ കൂടിയാണ് വിഭീഷണൻ.

അപ്പോൾ തന്ത്രപ്രധാന വിവരങ്ങളാണല്ലോ രാവണന് ലഭിക്കുക. യുദ്ധവിജയത്തിനുശേഷം രാമന്റെ നിർദേശപ്രകാരം ലക്ഷ്മണൻ വിഭീഷണനെ ലങ്കയുടെ രാജാവായി അഭിഷേകം ചെയ്യുന്നു. ഇറാഖിലും ഇതേ പാറ്റേൺ ആവർത്തിക്കപ്പെടുന്നു, ഇറാഖിലെ സദ്ദാം വിരുദ്ധ പ്രതിപക്ഷ നേതാക്കളുമായി അമേരിക്ക ബന്ധം സ്ഥാപിച്ചു.

ഇറാഖിൽ അമേരിക്ക വിഭീഷണനെപ്പോലൊരു വ്യക്തിയെ നേരിട്ട് രാജാവായി വാഴിച്ചില്ല. കാലം മുന്നോട്ട് പോയപ്പോൾ കുറച്ചു കൂടി തങ്ങൾക്ക് അനുകൂലമായ വഴി സാമ്രാജ്യത്വം കണ്ടെത്തി. Coalition Provisional Authority (CPA) എന്ന താത്ക്കാലിക അധിനിവേശ ഭരണസംവിധാനം സ്ഥാപിച്ചു.

അമേരിക്കൻ നയതന്ത്രജ്ഞനായ പോൾ ബ്രെമർ അതിന്റെ അഡ്മിനിസ്ട്രേറ്ററായി.2003 ജൂലൈയിൽ Iraqi Governing Council രൂപീകരിച്ചു. അതിൽ പേരിന് ഇറാഖിലെ വിവിധ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളുണ്ടായിരുന്നെങ്കിലും എന്നാൽ സി.പി.എയുടെ മേൽനോട്ടത്തിലാണ് അത് പ്രവർത്തിച്ചിരുന്നത്.

രാമൻ വെറുതെയങ്ങു ആക്രമിക്കുന്ന ഒരു ചെറിയ മീനല്ല. കൃത്യമായ സൈദ്ധാന്തിക അടിത്തറ രാമന്റെ പ്രവൃത്തികൾക്കുണ്ട്. രാമായണം പൂർണരൂപത്തിൽ ക്രോഡീകരിക്കപ്പെട്ട കാലഘട്ടത്തിൽ അർത്ഥശാസ്ത്രവും നിലവിലുണ്ടായിരുന്നു.

കൗടില്യൻ തന്റെ അർത്ഥശാസ്ത്രത്തിന്റെ തുടക്കത്തിൽ തന്നെ, മുൻകാല ആചാര്യന്മാരുടെ (ഉദാഹരണത്തിന് ബൃഹസ്പതി, ശുക്രാചാര്യൻ എന്നിവരുടെ) രാഷ്ട്രതന്ത്ര ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ ഈ ഗ്രന്ഥം രചിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. അതായത് മൂലരാമായണത്തിന്റെ തുടക്കത്തിലേ ഇപ്പറഞ്ഞ ഗ്രന്ഥങ്ങളും ഉണ്ട്. അർത്ഥശാസ്ത്രത്തിലെ ഉപായങ്ങളായ സാമ, ദാന, ഭേദ, ദണ്ഡങ്ങൾ, മണ്ഡല സിദ്ധാന്തം എന്നിവ യുദ്ധകാണ്ഡത്തിൽ പ്രായോഗികമായി കാണാൻ സാധിക്കുന്നു.

സാമം അല്ലെങ്കിൽ അനുനയം, യുദ്ധം ഒഴിവാക്കാൻ ശ്രീരാമൻ അംഗദനെ രാവണന്റെ അടുത്തേക്ക് ദൂതനായി അയക്കുന്നു. ഭേദം അഥവാ ഭിന്നിപ്പിക്കൽ, രാവണന്റെ സഹോദരനായ വിഭീഷണനെ സ്വന്തം പക്ഷത്തേക്ക് ചേർക്കുന്നത് അർത്ഥശാസ്ത്രത്തിലെ ‘ഭേദ’ തന്ത്രത്തിന്റെ (ശത്രുപക്ഷത്തെ പ്രമുഖരെ അടർത്തിയെടുക്കൽ) മികച്ച ഉദാഹരണമാണ്. കൗടില്യൻ ഇതിനെ ‘ശത്രുവിന്റെ ബലഹീനത മുതലെടുക്കൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

മറ്റെല്ലാ വഴികളും അടഞ്ഞാൽ യുദ്ധം അഥവാ ദണ്ഡം, ഉപയോഗിക്കാം എന്ന അർത്ഥശാസ്ത്ര ലൂപ് ഹോൾ രാമൻ യുദ്ധത്തിനായി ഉപയോഗിക്കുന്നു. ശത്രുവിന്റെ ശത്രു മിത്രമാണ് എന്നതാണ് അർത്ഥശാസ്ത്രം പറയുന്ന രാജമണ്ഡല സിദ്ധാന്തം. രാമൻ വിഭീഷണനുമായി സഖ്യമുണ്ടാക്കിയതിന്റെ അടിത്തറ കൗടില്യന്റെ വിദേശനയ തന്ത്രമാണ്.

ഇത്രയുമൊക്കെ ആണെങ്കിലും സംഘപരിവാറും അവരുടെ അന്ധഭക്തരും രാമൻ മര്യാദാ പുരുഷോത്തമൻ ആണെന്ന് തന്നെ പറയുന്നു. മോഹൻ ഭാഗവതിനെപ്പോലെയുള്ളവർക്ക് ബുദ്ധിയുള്ളത് കൊണ്ടാണ് കക്ഷിപ്പോലെയുള്ള നേതാക്കൾ അന്ധഭക്തരെക്കൊണ്ട് ചുടുചോറ് വാരിക്കുന്നത്.

അവർ വന്ന് രൺബീറിന്റെ പോസ്റ്ററിന് മുന്നിൽ പുഷ്പാർച്ച നടത്തുന്നു. കുറച്ചു വിവരമുണ്ടായിരുന്നെങ്കിൽ പറഞ്ഞെങ്കിലും മനസിലാക്കാമായിരുന്നു. ഇവിടെ അത് നടക്കില്ലല്ലോ. അത് കൊണ്ട് മാർക്ക് ആന്റണി പറയുന്ന പോലെ നമുക്കങ്ങ് സമ്മതിച്ചു കൊടുത്തേക്കാം.
രാമൻ മര്യാദാ പുരുഷോത്തമൻ തന്നെയാണ് തർക്കമില്ല. Raman is an ‘honourable man’.

Content Highlight:The Ramayana is a story of occupation A Re-reading.