ജാതിവിവേചനത്തിനെതിരെ രംഗത്തെത്തിയ ജഡ്ജി എന്ന രീതിയിലാണ് ജസ്റ്റിസ് കര്ണന് വാര്‍ത്തകളില്‍ നിറയുന്നത്. കര്ണന് ദലിത് പശ്ചാത്തലത്തില്‍ നിന്നുള്ളയാളാണ്. 1955ല്‍ തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ കര്ണത്തം ഗ്രാമത്തിലാണ് ജനനം. മദ്രാസ് ലോ കോളേജില്‍ നിയമപഠനം പൂര്‍ത്തിയാക്കി അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2009ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. പിന്നീട് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ടു.
2011ല്‍ മദ്രാസ് ഹൈക്കോടതിയില്‍ സഹജഡ്ജിമാരില്നിന്ന് ജാതിയുടെ പേരില്‍ വിവേചനവും അപമാനവും നേരിടേണ്ടിവരുന്നു എന്ന് ആരോപിച്ച് അദ്ദേഹം ദേശീയ പട്ടികജാതി കമ്മീഷനെ (National Commission for Scheduled Castes) സമീപിച്ചു. ഒരു വിവാഹച്ചടങ്ങിനിടെ മറ്റൊരു ജഡ്ജി മനപൂര്‍വം കാലുകൊണ്ട് സ്പര്‍ശിച്ച് അപമാനിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഒരു ഹൈക്കോടതി ജഡ്ജി തന്നെ സഹജഡ്ജിമാര്ക്കെതിരേ പട്ടികജാതി കമ്മീഷനെ സമീപിച്ചത് അസാധാരണമായ സംഭവമായിരുന്നു.
2014ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കെതിരെ ജാതിപ്രാതിനിധ്യവും പക്ഷപാതവും ഉന്നയിച്ച് അദ്ദേഹം പരസ്യമായി രംഗത്തുവന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ നീതിയും തുല്യപ്രാതിനിധ്യവും ഉറപ്പാക്കപ്പെടുന്നില്ലെന്നും നിയമനപ്രക്രിയയില്‍ പക്ഷപാതമുണ്ടെന്നും ആരോപിച്ചു.
ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ അദ്ദേഹം കോടതിമുറിയില്‍ പ്രവേശിച്ച് നിയമനപ്രക്രിയയെ ചോദ്യം ചെയ്തതും വലിയ വിവാദമായി.
കര്‍ണന്റെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്ന് 2017 ജനുവരിയിലായിരുന്നു. അന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അദ്ദേഹം കത്തുകളെഴുതി. സുപ്രീംകോടതിയിലെയും വിവിധ ഹൈക്കോടതികളിലെയും 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു.
അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇത് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. കാരണം, ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്രമായ പ്രവര്‍ത്തനവും സംരക്ഷിക്കേണ്ട ഒരു ജഡ്ജി തന്നെ സഹജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
2016ല്‍ കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ കൊളീജിയം തീരുമാനിച്ചു. എന്നാല്‍ ഈ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹം അംഗീകരിച്ചില്ല. സ്വന്തം സ്ഥലംമാറ്റം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയതോടെ ഇത് സുപ്രീംകോടതിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തി.
എന്താണ് സംഭവിച്ചത്?
2017 മെയ് എട്ടിന്, സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നതിനിടെ ജസ്റ്റിസ് കര്ണന് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അതില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ ഏഴ് ജഡ്ജിമാരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കുറ്റക്കാരായി പ്രഖ്യാപിച്ചു.
അദ്ദേഹം ചുമത്തിയ കുറ്റം, ഒരു ദലിത് ജഡ്ജിയെ ജാതിയുടെ പേരില്‍ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്നതായിരുന്നു. അദ്ദേഹം ശിക്ഷയായി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പെടെയുള്ള എട്ട് ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷത്തെ കഠിനതടവ് വിധിച്ചു. ഇവര്‍ക്ക് വിദേശയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും ജഡ്ജിമാര്‍ക്കെതിരെ SC/ST Act പ്രകാരം നടപടിയെടുക്കണമെന്ന നിലപാടും സ്വീകരിച്ചു.
മെയ് ഒമ്പതിന് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കര്‍ണനെ കോടതിയലക്ഷ്യക്കുറ്റത്തിന് ആറുമാസം തടവിന് ശിക്ഷിച്ചു. അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും 2017 ഫെബ്രുവരി എട്ടിന് ശേഷം അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകള്‍ പരിഗണിക്കരുതെന്നും സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
ഇതിലെ അസാധാരണമായ ഭരണഘടനാപരമായ വൈരുധ്യം എന്താണെന്നു വെച്ചാല്‍ ഒരു ഹൈക്കോടതി ജഡ്ജി സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നു. തൊട്ടടുത്ത ദിവസം സുപ്രീംകോടതി അതേ ഹൈക്കോടതി ജഡ്ജിയെ ആറുമാസത്തെ തടവിന് ശിക്ഷിക്കുന്നു എന്നതാണ്.
ഇന്ത്യന്‍ ജുഡീഷ്യറിയിലെ ദളിത് പ്രാതിനിധ്യം; കണക്കുകള്‍ എന്താണ് പറയുന്നത്?
2025 ഡിസംബര്‍ ഒമ്പതിന് ലോക്സഭയില്‍ നല്കിയ കേന്ദ്രസര്‍ക്കാരിന്റെ മറുപടിയിലെ കണക്കുകള്‍ ശ്രദ്ധിക്കുക. 2018 മുതല്‍ 2025 നവംബര്‍ 28 വരെ ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 841 ജഡ്ജിമാരുടെ സാമൂഹിക പശ്ചാത്തലം നോക്കാം.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം (2018-2025) 841 പേരാണ് ആകെ നിയമിക്കപ്പെട്ട ജഡ്ജിമാര്‍
പട്ടികജാതി (SC) 32 (3.8%)
പട്ടികവര്‍ഗം (ST) 17 (2%)
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC) 103 (12.2%)
ന്യൂനപക്ഷ വിഭാഗങ്ങള്‍ 46 (5.5%)
മറ്റുള്ളവര്‍ / രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍ 643 (76.5%)
പട്ടികജാതി വിഭാഗത്തില്നിന്നുള്ളവര് വെറും 3.8 ശതമാനം മാത്രമാണ് ഉള്ളത്.
സുപ്രീംകോടതിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു അക്കാദമിക് പഠനം വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കുന്നുണ്ട്. 1993ല്‍ കൊളീജിയം സംവിധാനം നിലവില്‍ വന്നതിനുശേഷം സുപ്രീംകോടതിയിലേക്ക് നിയമിക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജഡ്ജിമാര്‍ വെറും മൂന്നുപേര്‍ മാത്രമാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് (2000)
ജസ്റ്റിസ് ബി.ആര്. ഗവായ് (2019)
ജസ്റ്റിസ് സി.ടി. രവികുമാര്‍ (2021)
1993നുശേഷം നിയമിക്കപ്പെട്ട സുപ്രീംകോടതി ജഡ്ജിമാരില്‍ ഇത് ഏകദേശം രണ്ട് ശതമാനം മാത്രമാണ്.
എന്തുകൊണ്ടാണ് ജുഡീഷ്യറിയില്‍ സംവരണമില്ലാത്തത്?
ഇതാണ് ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാപരമായ കാര്യം. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 124 – സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം, ആര്‍ട്ടിക്കിള്‍ 217 – ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, ആര്‍ട്ടിക്കിള്‍ 224 – അധിക, ആക്ടിങ് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം ഇവയിലൊന്നും ജാതി അടിസ്ഥാനത്തിലുള്ള സംവരണവ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സര്വീസുകളിലേതുപോലെ SC/ST/OBC സംവരണം സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജി നിയമനങ്ങളില്‍ നിലവിലില്ല. നിയമനങ്ങളില്‍ കൊളീജിയം സംവിധാനത്തിനാണ് നിര്‍ണായക പങ്ക്. കീഴ്ക്കോടതികളിലെ നിയമനരീതി വ്യത്യസ്തമാണ്. സംസ്ഥാന സര്‍ക്കാരുകളും ഹൈക്കോടതികളും ചേര്‍ന്നാണ് അവിടത്തെ നിയമനച്ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നത്. അതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ സംവരണവ്യവസ്ഥകളുണ്ട്.
സാമൂഹിക പ്രാതിനിധ്യത്തിന്റെ പ്രശ്നം കൊളീജിയം സംവിധാനത്തിന്റെ അടിസ്ഥാനപ്രശ്നമാണ്. അതിന്റെ സുതാര്യതയെയും സാമൂഹിക വൈവിധ്യത്തെയും സംബന്ധിച്ചാണ്.
ജഡ്ജിമാരെ നിയമിക്കാന്‍ പ്രധാനമായും നിലവിലുള്ള ജഡ്ജിമാരുടെ ശുപാര്‍ശകള്‍ക്ക് പ്രാധാന്യം നല്കുന്ന സംവിധാനമാണിത്. ഇവിടെ വരുന്ന ചോദ്യങ്ങള്‍, ഹൈക്കോടതി ജഡ്ജിമാരാകാന് യോഗ്യതയുള്ള ദലിത് അഭിഭാഷകരെ എത്രത്തോളം പരിഗണിക്കുന്നു?
നിയമനത്തിനുള്ള പേരുകള്‍ നിര്‍ദേശിക്കുന്നതില്‍ സാമൂഹിക ബന്ധങ്ങളും കുടുംബപശ്ചാത്തലവും സ്വാധീനം ചെലുത്തുന്നുണ്ടോ?
കൊളീജിയം നിയമനങ്ങളില്‍ സാമൂഹിക വൈവിധ്യം ഉറപ്പാക്കാന്‍ നിര്‍ബന്ധിത മാനദണ്ഡങ്ങളുണ്ടോ?
നിയമനങ്ങളില്‍ സാമൂഹിക പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണോ? എന്നിവയാണ്.
ഇവിടെയാണ് ജസ്റ്റിസ് കര്‍ണ്ണന്റെ സംഭവം വലിയ സാമൂഹിക പ്രസക്തി നേടുന്നത്. ഒരു ദലിത് ജഡ്ജി തന്നെ ജുഡീഷ്യറിയുടെ അകത്തുനിന്ന് ജാതിവിവേചനം നേരിടുന്നുവെന്ന് ആരോപിക്കുന്നു.
അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍:
ജുഡീഷ്യറിയുടെ അകത്തും ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടോ?
ദലിത് ജഡ്ജിമാര്‍ക്ക് തുല്യമായ തൊഴില്‍സാഹചര്യവും സ്ഥാപനപരമായ പരിഗണനയും ലഭിക്കുന്നുണ്ടോ?
ജുഡീഷ്യറിയിലെ അധികാരഘടനയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സ്ഥാപനപരമായ പ്രതികാരനടപടികള്‍ ഉണ്ടാകുന്നുണ്ടോ?
ഇവിടെ അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ സി. റൈറ്റ് മില്‍സിന്റെ The Power Elite എന്ന ആശയം പ്രവര്‍ത്തിക്കുന്നു. അധികാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല. രാഷ്ട്രീയ, സാമ്പത്തിക, ഭരണപരമായ അധികാരകേന്ദ്രങ്ങള്‍ പലപ്പോഴും പരസ്പരം ബന്ധമുള്ള ഒരു ചെറിയ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരിക്കും.
ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് ഈ ആശയം പ്രയോഗിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരുന്നു:
നിയമം വ്യാഖ്യാനിക്കുന്ന അധികാരകേന്ദ്രങ്ങളില്‍ ഏതൊക്കെ സാമൂഹിക വിഭാഗങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്?
ചരിത്രപരമായി വിദ്യാഭ്യാസം, നിയമപരിശീലനം, അഭിഭാഷകവൃത്തി തുടങ്ങിയ മേഖലകളില്‍ മുന്നില്‍ നിന്ന വിഭാഗങ്ങള്‍ക്കാണോ ഉന്നത ജുഡീഷ്യല്‍ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാകുന്നത്?
സാമൂഹികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ഈ അധികാരഘടനയിലേക്ക് പ്രവേശിക്കാന്‍ എന്തെല്ലാം തടസങ്ങളുണ്ട്?
ഇന്ത്യന്‍ ജുഡീഷ്യറിയിലെ അധികാരകേന്ദ്രങ്ങളില്‍ ചരിത്രപരമായി മുന്നിട്ടുനില്‍ക്കുന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആനുകൂല്യങ്ങള്‍ ലഭിച്ച വിഭാഗങ്ങളാണ്. പ്രത്യേകിച്ച് പരമ്പരാഗതമായി ഉയര്‍ന്ന ജാതികളായി കണക്കാക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത നിയമമേഖലകളിലും ജുഡീഷ്യല്‍ നിയമനങ്ങളിലും ചരിത്രപരമായ മുന്‍തൂക്കമുണ്ടെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ഉന്നത ജാതികളില്‍പ്പെട്ട പുരുഷന്മാരാണ് ഇന്ത്യയിലെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ചരിത്രപരമായി വലിയൊരു വിഭാഗം എന്ന നിരീക്ഷണത്തെ പിന്തുണയ്ക്കുന്ന അക്കാദമിക് പഠനങ്ങളുണ്ട്.
2026-ലെ ഒരു പ്രധാന കണക്ക്:
2021 ജനുവരി ഒന്ന് മുതല്‍ 2026 ജനുവരി 30 വരെ ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 593 ജഡ്ജിമാരില്‍ 436 പേര് ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി മറുപടിയെ ഉദ്ധരിച്ച് LiveLaw റിപ്പോര്‍ട്ട് ചെയ്തു. ഇത് 73.52 ശതമാനമാണ്.
നിയമവിദ്യാഭ്യാസത്തിലെ സാമൂഹിക അസമത്വം
ജുഡീഷ്യറിയിലെ പ്രാതിനിധ്യക്കുറവ് ജഡ്ജിമാരുടെ നിയമനത്തില്‍ മാത്രം ആരംഭിക്കുന്നതല്ല. അതിനുമുമ്പുള്ള ഘട്ടങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രമുഖ നിയമകലാലയങ്ങളിലേക്കുള്ള പ്രവേശനം, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം, മികച്ച നിയമപരിശീലനം ലഭിക്കാനുള്ള സാമ്പത്തികശേഷി, സുപ്രീംകോടതിയിലും ഹൈക്കോടതികളിലും പ്രാക്ടീസ് ചെയ്യാനുള്ള അവസരം, മുതിര്‍ന്ന അഭിഭാഷകരുടെ കീഴില്‍ പരിശീലനം നേടാനുള്ള സാമൂഹിക ബന്ധങ്ങള്‍, ജഡ്ജി നിയമനത്തിനായി പരിഗണിക്കപ്പെടുന്ന തരത്തിലുള്ള പ്രൊഫഷണല്‍ നെറ്റ്വര്ക്കുകള്, ഇവയെല്ലാം ഒരുപോലെ ലഭ്യമല്ല.
ചരിത്രപരമായി വിദ്യാഭ്യാസത്തിലും സ്വത്തിലും സാമൂഹിക ബന്ധങ്ങളിലും മുന്നിലുണ്ടായിരുന്ന വിഭാഗങ്ങള്‍ക്ക് ഈ മേഖലകളില്‍ പ്രവേശിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ജാതിയും വര്‍ഗവും പരസ്പരം പ്രവര്‍ത്തിക്കുന്ന ഒരു ഘടനയാണിത്.
ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു പഠനമാണ് ഇന്ത്യയിലെ ദേശീയ നിയമസര്വകലാശാലകളെക്കുറിച്ചുള്ള ഗവേഷണം. NLSIU (National Law School of India University) വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ഒരു പഠനത്തില്‍, 26.5% വിദ്യാര്‍ത്ഥികള്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. 32.5% പേര് മറ്റ് ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത്, നിയമവിദ്യാഭ്യാസത്തിലെ സാമൂഹിക അസമത്വം പിന്നീട് നിയമമേഖലയിലെ തൊഴില്‍ അവസരങ്ങളെയും സ്വാധീനിക്കാമെന്നതാണ്.
Dalit Justice Defenders എന്ന ഗവേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ നിയമമേഖലയിലെ ചില ഗൗരവമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമുഖ അഭിഭാഷകരുടെ മേഖലയില്‍ ഉയര്‍ന്ന ജാതികളുടെയും സമ്പന്ന കുടുംബങ്ങളുടെയും സ്വാധീനം, അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ സാമ്പത്തികവും സാമൂഹികവുമായ പിന്തുണയിലെ അസമത്വം, ദലിത് അഭിഭാഷകര്‍ക്ക് പ്രൊഫഷണല്‍ നെറ്റ്വര്ക്കുകളില് നേരിടേണ്ടിവരുന്ന തടസങ്ങള്‍, ബാര്‍ അസോസിയേഷനുകളിലെ അധികാരസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ കുറഞ്ഞ പ്രാതിനിധ്യം, ഇതിന്റെ പ്രധാന നിരീക്ഷണം, നിയമമേഖലയിലെ വിജയം വ്യക്തിയുടെ കഴിവിനെ മാത്രം ആശ്രയിക്കുന്നില്ല; കുടുംബബന്ധങ്ങള്‍, സാമ്പത്തികശേഷി, സാമൂഹിക ബന്ധങ്ങള്‍ എന്നിവയ്ക്കും വലിയ പങ്കുണ്ട് എന്നതാണ്.
അംബേദ്കറുടെ ചിന്തയില്‍ പ്രധാനപ്പെട്ട ഒരു ആശയമാണ് Graded Inequality (ശ്രേണീകൃത അസമത്വം).
ജാതിവ്യവസ്ഥയില്‍ എല്ലാവരും തുല്യരല്ല. ഓരോ ജാതിക്കും മറ്റൊരു ജാതിയേക്കാള്‍ മുകളിലോ താഴെയോ എന്ന തരത്തിലുള്ള ശ്രേണീകരണമുണ്ട്.
ഇത് സാമൂഹിക ജീവിതത്തില്‍ മാത്രമല്ല, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, ഭരണസംവിധാനം തുടങ്ങിയ മേഖലകളിലും അധികാരബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ജുഡീഷ്യറിയുടെ കാര്യത്തില്‍ ഈ ആശയം പ്രയോഗിക്കുമ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. ജാതിവ്യവസ്ഥയുടെ ചരിത്രപരമായ ആനുകൂല്യങ്ങള്‍ അനുഭവിച്ച വിഭാഗങ്ങള്‍ക്കാണോ നിയമം വ്യാഖ്യാനിക്കാനും നീതി നിര്‍ണയിക്കാനുമുള്ള അധികാരസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രവേശനം ലഭിക്കുന്നത്?
ഇന്ത്യന്‍ ജുഡീഷ്യറിയിലെ പ്രശ്നം ദലിത് ജഡ്ജിമാരുടെ എണ്ണക്കുറവ് മാത്രമല്ല. നിയമവിദ്യാഭ്യാസം മുതല്‍ അഭിഭാഷകവൃത്തി, സീനിയര്‍ അഭിഭാഷക പദവി, കൊളീജിയം, സുപ്രീംകോടതി നിയമനം എന്നിവ വരെയുള്ള അധികാരശൃംഖലയില് സാമൂഹിക അസമത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്.
അധികാരം എല്ലാവര്ക്കും ഒരുപോലെ വിതരണം ചെയ്യപ്പെടുന്നില്ല
അംബേദ്കറുടെ Annihilation of Caste എന്ന കൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ് Graded Inequality. ജാതിവ്യവസ്ഥയില്‍ അസമത്വം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലളിതമായ വിഭജനമല്ല. ഓരോ ജാതിയും മറ്റൊരു ജാതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത അധികാര-അവകാശ സ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്. അതായത്, ചില വിഭാഗങ്ങള്‍ക്ക് സാമൂഹിക അംഗീകാരവും അധികാരവും ലഭിക്കുന്നു.
ചിലര്‍ക്ക് പരിമിതമായ അധികാരവും അവസരങ്ങളും ലഭിക്കുന്നു. മറ്റു ചിലര്‍ക്ക് ചരിത്രപരമായി വിദ്യാഭ്യാസം, സ്വത്ത്, സാമൂഹിക അന്തസ്, അധികാരസ്ഥാനം എന്നിവയില്‍നിന്ന് പുറത്താക്കല്‍ എന്നിവ നേരിടേണ്ടിയും വരുന്നു.
ഇതിനെ ജുഡീഷ്യറിയുമായി ബന്ധിപ്പിക്കാം. ഒരു ദലിത് വിദ്യാര്‍ത്ഥിക്ക് നിയമവിദ്യാഭ്യാസം നേടുന്നതുമുതല്‍ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനാകുന്നതുവരെ നിരവധി ഘടനാപരമായ തടസങ്ങള്‍ നേരിടേണ്ടിവരാം. അതേസമയം, ചരിത്രപരമായി വിദ്യാഭ്യാസത്തിലും സാമൂഹിക ബന്ധങ്ങളിലും മുന്നിലുള്ള കുടുംബങ്ങളില്‍നിന്നുള്ള ഒരാള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. ഇവിടെ പ്രശ്നം വ്യക്തികളുടെ കഴിവല്ല. കഴിവ് വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അംഗീകരിക്കപ്പെടാനും ലഭിക്കുന്ന അവസരങ്ങളിലെ അസമത്വമാണ് വിഷയം.
ജസ്റ്റിസിന്റെ പേര് കര്ണന് എന്നാണ്. ഇവിടെ കൗതുകകരമായ ഒരു താരതമ്യം സാധ്യമാണ്. പുരാണത്തിലെ കര്ണന് കഴിവുണ്ട്. അര്‍ജുനനും മേലെ താന്‍ അര്‍ച്ചറി മികവ് പുറത്തെടുക്കാം എന്ന് പുരണത്തിലെ കര്ണന് പറയുമ്പോള്‍, ജന്മം കൊണ്ട് അയാളാരാണ് എന്ന ചോദ്യമുയരുന്നു. അപ്പോള്‍ അയാളുടെ സാമൂഹിക പദവി അയാളുടെ കഴിവിനേക്കാള്‍ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
അതേയവസ്ഥ ഇന്നും തുടരുന്നു. ജസ്റ്റിസ് കര്‍ണന്റെ കാര്യത്തിലും ഒരു സമാനമായ ചോദ്യം ഉയരുന്നുണ്ട്. ഒരു വ്യക്തി ഭരണഘടനാപരമായ അധികാരസ്ഥാനത്ത് എത്തിയാലും അയാളുടെ സാമൂഹിക പശ്ചാത്തലം സ്ഥാപനത്തിനുള്ളിലെ അംഗീകാരത്തെയും ബന്ധങ്ങളെയും സ്വാധീനിക്കുന്നുണ്ടോ?
അംബേദ്കറുടെ ചിന്തയില്‍ ഇതിന്റെ കോര്‍ എന്നത്, ജാതിവ്യവസ്ഥ മനുഷ്യരുടെ കഴിവുകളെ അടിസ്ഥാനമാക്കിയല്ല സാമൂഹിക പദവി നിര്‍ണയിക്കുന്നത്. മറിച്ച്, ജന്മം അടിസ്ഥാനമാക്കി മനുഷ്യര്‍ക്ക് വ്യത്യസ്തമായ സാമൂഹിക സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നു. കര്‍ണന്റെ കഥ ഈ വൈരുധ്യത്തിന്റെ ഇതിഹാസപരമായ ആവിഷ്കാരമായി കാണാവുന്നതാണ്.
അംബേദ്കറുടെ ആത്മകഥാപരമായ എഴുത്തുകളിലും ജീവിതവിവരണങ്ങളിലും സ്കൂള്‍കാലത്തെ ജാതിവിവേചനത്തിന്റെ അനുഭവങ്ങളായി സ്കൂളില്‍ മറ്റു കുട്ടികളോടൊപ്പം ഇരിക്കാന്‍ കഴിയാത്തത്, വെള്ളം സ്വയം എടുത്തു കുടിക്കാന്‍ അനുവാദമില്ലാത്തത്, ഉയര്‍ന്ന ജാതിക്കാരനായ ഒരാള്‍ വെള്ളം ഒഴിച്ചുകൊടുക്കേണ്ടിവന്നത് തുടങ്ങിയ കാര്യങ്ങള്‍ പറയുന്നുണ്ട്.
ഇവിടെ വെള്ളം എന്നത് ഒരു അടിസ്ഥാന ആവശ്യകത മാത്രമല്ല. ആര്‍ക്കാണ് പൊതുസൗകര്യം ഉപയോഗിക്കാനുള്ള അവകാശം, ആരാണ് അത് നിയന്ത്രിക്കുന്നത്, ആരാണ് മറ്റൊരാളുടെ അനുമതിയെ ആശ്രയിക്കേണ്ടത് എന്ന രാഷ്ട്രീയ/അധികാര ചോദ്യമാണ് മുഴങ്ങുന്നത്.
അംബേദ്കറുടെ കാര്യത്തില്‍ വെള്ളം നിയന്ത്രിച്ചിരുന്നത് സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ജാതിബോധമാണ്. കര്‍ണന്റെ കാര്യത്തില്‍ ചോദ്യം ഉയരുന്നത് ജുഡീഷ്യറിയിലെ നിയമനവും അംഗീകാരവും നിയന്ത്രിക്കുന്ന സ്ഥാപനഘടനയെക്കുറിച്ചാണ്. വളരെ ഗുരുതരമായ വിഷയമാണ് ജസ്റ്റിസ് കര്ണന് നമുക്ക് മുന്നില്‍ വയ്ക്കുന്നത്.
അംബേദ്കറുടെ ബാല്യകാലത്ത് അധ്യാപകരുടെ പൊതുവായ വെള്ളം കുടിക്കാന്‍ പോലും അദ്ദേഹത്തിന് അവകാശമുണ്ടായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കുശേഷം അതേ ജാതിവ്യവസ്ഥയെ ഭരണഘടനാപരമായ സ്ഥാപനങ്ങള്‍ക്കുള്ളിലെ അധികാരവിതരണത്തിന്റെ തലത്തില്‍ ചോദ്യം ചെയ്യുന്ന ഒരു ദലിത് ന്യായാധിപനെ നാം കാണുമ്പോള്‍ നമുക്ക് അംബേദ്കറുടെ വാക്കുകള്‍ തന്നെ ഓര്മ വരുന്നു.
‘വളരെ നല്ലൊരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും, അത് നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ മോശക്കാരാണെങ്കില്‍ ആ ഭരണഘടനയും മോശമായിത്തീരും. നേരെമറിച്ച്, ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിലാക്കുന്നവര്‍ നല്ലവരാണെങ്കില്‍ അത് മികച്ചതായി മാറും.’
ഭരണഘടനാ അസംബ്ലിയില്‍ 1949 നവംബര്‍ 25ന് ഡോ. ബി.ആര്. അംബേദ്കര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ ഭാഗമാണിത്. അംബേദ്കറുടെ കാലത്ത് ചോദ്യം ഇതായിരുന്നു- എനിക്ക് പൊതുവായ വെള്ളം കുടിക്കാന്‍ എന്തുകൊണ്ട് അവകാശമില്ല?
ജസ്റ്റിസ് കര്‍ണന്റെ കാലത്ത് ഉയരുന്ന ചോദ്യം ഇതാണ്: ‘ഭരണഘടനാപരമായ ഒരു സ്ഥാപനത്തില്‍ ദലിതര്‍ക്ക് തുല്യമായ പ്രാതിനിധ്യവും അംഗീകാരവും അധികാരവും ലഭിക്കുന്നുണ്ടോ?’
ഈ ചോദ്യങ്ങള്‍ സമൂഹത്തിന്റെ മുന്നിലേക്ക് ചര്‍ച്ചയ്ക്ക് വച്ചിട്ടാണ് ജസ്റ്റിസ് കര്ണന് യാത്രയാകുന്നത്. കര്ണന്, നെപ്പോളിയന്, ഭഗത് സിങ്, എന്നിവര്‍ സിനിമാ ഡയലോഗിലെപ്പോലെ തോറ്റു പോയവരല്ല അതില്‍ രണ്ട് പേരെങ്കിലും; അതില്‍ ഒരാളാകുന്നു ജസ്റ്റിസ് കര്ണന്.
Content Highlight: Arun Angel writes about the forms of discrimination highlighted by Justice Karnan and B.R. Ambedkar
