സിനിമയിലെ താരങ്ങളുടെ സൗന്ദര്യവും രൂപമാറ്റങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്. കോസ്മെറ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് തുറന്നുപറയുന്നവർക്ക് പലപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടിവരാറുണ്ട്. അത്തരത്തിൽ തന്റെ രൂപത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരിൽ ‘പ്ലാസ്റ്റിക് സർജറിയുടെ കട’ എന്ന തരത്തിലുള്ള പരിഹാസങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ശ്രുതി ഹാസൻ.

കോസ്മെറ്റിക് പ്രൊസീജറുകൾ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതിന്റെ പേരിൽ ആരെയും വിധിക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി. ഇതോടൊപ്പം മദ്യപാനത്തിൽനിന്ന് എട്ടുവർഷം വിട്ടുനിന്നതിനെക്കുറിച്ചും പിന്നീട് വീണ്ടും മദ്യപാനം തുടങ്ങിയതിനെക്കുറിച്ചും ശ്രുതി സംസാരിച്ചു.

ശ്രുതി ഹാസൻ. Photo.Facebook.com

നേഹ ധൂപിയയുടെ വ്ലോഗിൽ സംസാരിക്കവെയാണ് കോസ്മെറ്റിക് എൻഹാൻസ്‌മെന്റുകളെക്കുറിച്ച് ശ്രുതി മനസുതുറന്നത്. കുട്ടിക്കാലം മുതൽ പൊതുജനങ്ങൾക്ക് മുന്നിൽ വളർന്ന ഒരാളാണ് താനെന്നും അതുകൊണ്ടുതന്നെ തന്റെ രൂപത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് നിഷേധിച്ച് സംസാരിക്കുന്നതിൽ അർഥമില്ലെന്നും താരം പറഞ്ഞു.

‘ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ഞാൻ വളരെ ശ്രദ്ധിക്കാറുണ്ട്. ആളുകൾക്ക് മുന്നിലാണ് ഞാൻ വളർന്നത്. അതുകൊണ്ട് ഇതിനെക്കുറിച്ച് കള്ളം പറയുന്നത് മണ്ടത്തരമാണ്. ചിലർ കോസ്മെറ്റിക് പ്രൊസീജറുകൾ ചെയ്തിട്ടും അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. മൂന്ന് ആഴ്ച മുമ്പ് നിങ്ങൾ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് ചിലർ പറയും’, ശ്രുതി പറഞ്ഞു.

കോസ്മെറ്റിക് പ്രൊസീജറുകൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഓരോരുത്തർക്കും സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും ശ്രുതി വ്യക്തമാക്കി. എന്നാൽ ഇത്തരം നടപടികൾക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരാളാകാൻ തനിക്ക് താത്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ട്. അതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ അതിനെക്കുറിച്ച് കള്ളം പറയേണ്ട കാര്യമെന്താണ്? അതേസമയം, ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരാളാകാനും എനിക്ക് താത്പര്യമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ, എന്നെ എന്റെ വഴിക്ക് വിടൂ’, എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ.

കോസ്മെറ്റിക് പ്രൊസീജറുകളെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരിൽ നേരിട്ട പരിഹാസങ്ങളെക്കുറിച്ചും ശ്രുതി നേരത്തേ സംസാരിച്ചിട്ടുണ്ട്. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ, താൻ ഇക്കാര്യം തുറന്നുപറഞ്ഞപ്പോൾ ‘പ്ലാസ്റ്റിക് സർജറിയുടെ കട’ എന്ന തരത്തിലുള്ള കമന്റുകൾ ലഭിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

‘ഞാൻ തുറന്നുപറഞ്ഞപ്പോൾ ‘ഇവൾ പ്ലാസ്റ്റിക് സർജറിയുടെ കടയാണ്’ എന്നൊക്കെയുള്ള കമന്റുകൾ വന്നു. എന്നാൽ എനിക്ക് എന്താണ് ചെയ്തത്, എത്രത്തോളം ചെയ്തിട്ടുണ്ട് എന്നറിയാം. മറ്റുള്ളവർ എത്രത്തോളം ചെയ്തിട്ടുണ്ടെന്നും എനിക്കറിയാം. സത്യസന്ധമായി സംസാരിക്കുമ്പോൾ നൽകേണ്ടിവരുന്ന വിലയാണത്. അതിൽ കുഴപ്പമില്ല. ഞാൻ ഒരിക്കലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് എന്റെ തീരുമാനമാണ്’, ശ്രുതി പറഞ്ഞു.

ശ്രുതി ഹാസൻ. Photo. Screen Grab/ Youtube

മദ്യപാനവുമായുള്ള ബന്ധത്തെക്കുറിച്ചും ശ്രുതി അഭിമുഖത്തിൽ സംസാരിച്ചു. എട്ടുവർഷത്തോളം മദ്യപാനത്തിൽനിന്ന് പൂർണമായി വിട്ടുനിന്നിരുന്നുവെന്നും പിന്നീട് വീണ്ടും മദ്യപിക്കാൻ തുടങ്ങിയെന്നുമാണ് താരം വെളിപ്പെടുത്തിയത്. മദ്യപാനം തനിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തി നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും ശ്രുതി പറഞ്ഞു.

Content Highlight: Actress Shruti Haasan speaks openly about cosmetic enhancements.