‘മതരഹിതരായി ഒന്നിച്ചിരുന്ന്, മതി മറന്ന് പഠിച്ച ദിനങ്ങള്’ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടക്കുന്നത്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘സ്കൂൾ ബാർ’ എന്ന കവിതയിലെ ഈ വരികൾ കേരളത്തെ ഒരു മതനിരപേക്ഷസമൂഹമാക്കി മാറ്റുന്നതിൽ പൊതു വിദ്യാലയങ്ങൾ വഹിച്ച പങ്കിനെയാണ് സൂചിപ്പിക്കുന്നത്.
‘വിദ്യ നല്കിയിട്ട് ലാഭമില്ലായ്കയാല്, മദ്യശാലയ്ക്ക് വിറ്റു വാദ്യാലയം’ എന്ന വരികൾ ‘വർഗീയവാദികൾക്ക് വിറ്റു വിദ്യാലയം’ എന്ന് തിരുത്തി വായിക്കേണ്ടിവരും.
വർഗീയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കേരളത്തിൻ്റെ ക്ലാസ് മുറികൾ തുറന്നു കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.
സംഘപരിവാർ സംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മാസികയായ മയിൽപ്പീലിയുടെ ‘യംങ് സ്കോളർ എക്സാം’ നടത്തുന്നതിനുള്ള അനുമതിയാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.

വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തരവ് പിൻവലിക്കുകയും തടിയൂരാൻ ശ്രമിക്കുകയും ചെയ്തു. കുട്ടികളിൽ വർഗീയ ഹിന്ദുത്വബോധം കലർത്താനാണ് ഈ കാവി നിറമുള്ള മയിൽപ്പീലിയുടെ ലക്ഷ്യമെന്ന് നാം തിരിച്ചറിയണം.
ഈ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് മത്സരമായ യംങ് സ്കോളർ എക്സാമാണ് പ്രൈമറി-യുപി വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുവാൻ മറ്റൊരു സംഘപരിവാർ സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി.അനൂപ് കുമാറിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത്.

വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് ഈ ഉത്തരവ് നൽകിയതെന്ന് ന്യായീകരിക്കാനാണ് മുസ്ലിം ലീഗ് ഇപ്പോൾ ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ അധ്യാപക സംഘടനാ നേതാവായ അനിൽകുമാറിനെ സമീപകാലത്താണ് സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് ലീഗ് മന്ത്രി നോമിനേറ്റ് ചെയ്തതെന്ന കാര്യം മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചരണം.
കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കേണ്ടതെന്താണെന്ന് മന്ത്രിക്ക് തീരുമാനിക്കാൻ ആർ.എസ്.എസിന്റെ നിർദേശവും, അഭിപ്രായവും വേണമെന്നതിന്റെ തെളിവാണിത്.
ഇതിൻ്റെ തുടർച്ചയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയത് എന്നതിൽ സംശയമില്ല. മന്ത്രി അറിഞ്ഞപ്പോൾ തന്നെ നടപടിയെടുത്തു എന്നാണ് ഇപ്പോൾ പറയുന്നത്.
ബാലഗോകുലത്തിന്റെയും മയിൽപീലിയുടെയും സന്ദേശവും പ്രചാരണവും ഇതിനോടകം തന്നെ സ്കൂളുകളിൽ എത്തിക്കഴിഞ്ഞു. സ്കൂൾതലത്തിലുള്ള പരീക്ഷ കഴിഞ്ഞതിനു ശേഷമാണ് മന്ത്രി ഉത്തരവ് റദ്ദാക്കിയത്.
സംഘപരിവാർ രാഷ്ട്രീയം വിഷം കലർന്നതുപോലെ കുട്ടികൾക്കിടയിൽ പരന്നതിനുശേഷമുള്ള വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ്റെ ഇടപെടൽ മതനിരപേക്ഷ കേരളത്തെ പരിഹസിക്കുന്നതാണ്.
സിനിമാ താരം ഉണ്ണി മുകുന്ദൻ ബ്രാൻഡ് അംബാസിഡറായ സ്കോളർഷിപ്പ് പ്രോഗ്രാമിന് അനുമതി നൽകിയത് ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുടെ യുറീക്ക വിജ്ഞാനോത്സവത്തോട് താരതമ്യം ചെയ്യുന്നത് അറിവിനെയും അജ്ഞതയും തമ്മിൽ തുലനം ചെയ്യുന്നത് പോലെയാണ്.

ബാലഗോകുലത്തിനും, സംഘപരിവാർ രാഷ്ട്രീയത്തിനും സ്കൂളുകളിൽ കടന്നുകയറാനുള്ള അവസരമൊരുക്കി കൊടുക്കുന്ന സർക്കാർ നയം കേരളത്തിൻ്റെ മതനിരപേക്ഷതയുടെ കടക്കൽ കത്തിവയ്ക്കുന്നതിനു തുല്യമാണ്.
കാസർഗോഡ് കുമ്പള, മഞ്ചേശ്വരം സബ് ജില്ലകളിൽ വി.ഡി. സവർക്കറെ ബ്രട്ടീഷുകാരിൽ നിന്ന് ഏറ്റവും ക്രൂരവും നീണ്ടതുമായ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനിയെന്ന് സ്വാതന്ത്ര്യസമര ക്വിസ് പരിപാടിയിൽ ഉൾപ്പെടുത്തിയ സംഭവം കേരളം മറന്നിട്ടില്ല.
ഇപ്പോഴത്തെ മയിൽപീലി സ്കോളർഷിപ്പിനെ ഉയർത്തിക്കാട്ടി ഇതിൽ എവിടെയാണ് സംഘപരിവാർ രാഷ്ട്രീയം എന്ന് ചോദിക്കുന്നവരോട് ആർ.എസ്.എസ് ഒളിച്ചു കിടത്താൻ ശ്രമിക്കുന്ന കാവിവത്ക്കരണത്തിനുള്ള തുടക്കമാണിതെന്ന് തിരിച്ചു പറയാൻ മലയാളികളുടെ മതനിരപേക്ഷ മനസിന് കഴിയണം.
ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഏതെങ്കിലും അധ്യാപകന്റെയും, വകുപ്പിന്റെയും അബദ്ധമായി ചിത്രീകരിക്കുകയും താൻ അറിഞ്ഞില്ലെന്നുള്ള നിഷ്കളങ്കമായ വിശദീകരണവും നടത്തുന്ന വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ കേരളത്തെ കാവിവത്ക്കരിക്കുന്നതിന് ഇവിടുത്തെ വിദ്യാലയങ്ങളെ അടിയറവ് വെയ്ക്കുകയാണ് ചെയ്യുന്നത്.
‘ഭരണകൂടത്തിന്റെ മദ്ദനോപകരണമാണ് വിദ്യാഭ്യാസം’ എന്ന് പറഞ്ഞത് പൗലോ ഫെയറാണ്. ഇന്ത്യയിൽ സംഘപരിവാർ പ്രൈമറി വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്ന വെട്ടിമാറ്റലുകളും, തിരുത്തലുകളും ഭരണകൂടത്തിന് അനുകൂലമായി ചിന്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ദീർഘവീക്ഷണത്തോടുള്ള പദ്ധതിയുടെ ഭാഗമായാണ്.
നേരിട്ടുള്ള മർദ്ദനത്തിന് പകരം പുതിയ തലമുറയുടെ തലച്ചോറിനെ കാവി പുതയ്ക്കാനുള്ള ഉപകരണമായാണ് സംഘപരിവാർ വിദ്യാഭ്യാസ മേഖലയെ കാണുന്നത്. കേരളത്തിലെ കുട്ടികളെ ‘ക്യാച് ദെം യങ്ലി’ എന്ന ഹിറ്റ്ലർ തന്ത്രത്തിലൂടെ കീഴ്പ്പെടുത്താനുള്ള കുതന്ത്രമാണ് മയിൽപീലിയിലൂടെ ഒളിച്ചു കടത്താൻ ശ്രമിക്കുന്നത്.
ഞങ്ങൾ അധികാരത്തിലെത്തിയാൽ പി.എം.ശ്രീ നടപ്പിലാക്കില്ലെന്ന് പറഞ്ഞു വോട്ട് വാങ്ങിയവർ കരാറിൽ നിന്നും പിൻവാങ്ങാനാവില്ലെന്ന പച്ചക്കള്ളമാണ് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ വ്യാപകമായി സംഘപരിവാർ സംഘടനകളും പ്രവർത്തകരും സിംഗിൾ മാനേജ്മെന്റ് എയ്ഡഡ് സ്കൂളുകൾ വാങ്ങിക്കൊണ്ടിരിക്കുമ്പോൾ ലീഗ് മന്ത്രി നിശബ്ദനാണ്. സംഘപരിവാർ അജണ്ടക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ തീറെഴുതാൻ കോൺഗ്രസ് മന്ത്രി റോജി എം ജോണിന് യാതൊരു മടിയുമില്ല.
ഈ പോക്കാണെങ്കിൽ ‘എവിടെ ഞങ്ങടെ ക്ലാസ്സ്മുറി, ബെഞ്ചുകള്, നിരനിരയായിരുന്ന സ്വപ്നാലയം’ എന്നു മതനിരപേക്ഷ കേരളം ചോദിക്കുന്ന കാലം വിദൂരമല്ല.
Content Highlight:A saffron-colored ‘peacock feather’ in the classrooms.
