ടെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ വീടുകള്‍ റെയ്ഡ് ചെയ്ത് ഇസ്രഈല്‍ സൈന്യം. പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഫലസ്തീന് പത്രപ്രവര്‍ത്തകനായ മുഹമ്മദ് അതീഖിനെ തട്ടികൊണ്ടുപോയതായി ഖുദ്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ സൈന്യം തട്ടിക്കൊണ്ടുപോയ ഫലസ്തീന് പത്രപ്രവര്‍ത്തകരുടെ എണ്ണം 36 ആയി. ഇതില്‍ മൂന്ന് വനിതകളും ഉള്‍പ്പെടുന്നു. ഏകദേശം 300 പത്രപ്രവര്‍ത്തകരെ കൊല്ലുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഹെബ്രോണിന് വടക്കുള്ള ബെയ്ത് ഉമ്മറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഫലസ്തീനികള്‍ക്കെതിരെ കണ്ണീര് വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. തെരുവുകളിലുടനീളം സൈന്യത്തെ വിന്യസിക്കുകയും എല്ലാ കവാടങ്ങളും എക്സിറ്റുകളും ഇരുമ്പ് ഗേറ്റുകള്‍ ഉപയോഗിച്ച് അടച്ചുവെന്നും ഫലസ്തീന് വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ഫവ്വാര് എന്ന അഭയാര്‍ത്ഥി ക്യാമ്പ് സൈന്യം റൈഡ് ചെയ്യുകയും അവിടുത്തെ താമസക്കാര്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര് വാതകവും പ്രയോഗിക്കുകയും ചെയ്തു. അല്‍ ഖലീലിലെ അല്‍ സാഹെബ് ജങ്ഷനില്‍ ചെക്ക്പോയിന്റുകള് സ്ഥാപിച്ച് ഫലസ്തീനികളുടെ വാഹനങ്ങള്‍ പരിശോധിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സൈന്യത്തിന് പുറമേ ഇസ്രഈല്‍ കുടിയേറ്റക്കാരും നിരന്തരം ഫലസ്തനീകളെ വേട്ടയാടുകയാണ്.
Content Highlight: Israeli military rampage in the West Bank; raid and use of tear gas in a refugee camp; journalist abducted.
