യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. ഇതോടെ ലോകചാമ്പ്യന്‍മാരുടെ അജയ്യമായ കുതിപ്പിന് അന്ത്യമായി.

തുടര്‍ച്ചയായ 43 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ലാ റോജാസിന് സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മത്സരത്തിന്റെ 63ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ എലിയട്ട് ആന്‍ഡേഴ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയിട്ടും ഇംഗ്ലണ്ട് മത്സരത്തില്‍ ജയം കണ്ടെത്തി.

മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്പാനിഷ് പ്രതിരോധ താരം പൗ കുബാര്‍സി ഹാരി കെയ്നെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ഇംഗ്ലണ്ട് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ ആഴ്‌സണല്‍ താരങ്ങളായ എസ്രി കൊന്‍സയും ബെന്‍ വൈറ്റും സ്‌കോര്‍ 3-0 ലെത്തിച്ചു. 53ാം മിനിട്ടില്‍ ഡെക്ലാന്‍ റൈസിന്റെ കോര്‍ണര്‍ കിക്ക് എസ്രി കൊന്‍സ മനോഹരമായ ഒരു ഹെഡറിലൂടെ വലയിലെത്തിച്ചു.

രണ്ടാം ഗോള്‍ നേടി നാല് മിനിട്ട് തികയും മുമ്പ് ഇംഗ്ലണ്ട് തങ്ങളുടെ മൂന്നാം ഗോളും നേടി. ജൂഡ് ബെല്ലിങ്ഹാം നല്‍കിയ പാസ് പിഴവേതുമില്ലാതെ ബെന്‍ വൈറ്റ് ഗോളാക്കി മാറ്റി.

Photo- England/x.com

63ാം മിനിട്ടില്‍ മത്സരത്തിലെ റെഡ് കാര്‍ഡ് വന്നു. ബോക്‌സിനുള്ളിലേക്ക് മുന്നേറിയ യുവതാരം ലാമിന്‍ യമാലിനെ അവസാന പ്രതിരോധ താരം എന്ന നിലയില്‍ എലിയട്ട് ആന്‍ഡേഴ്‌സണ്‍ ഫൗള്‍ ചെയ്തു. ആന്‍ഡേഴ്‌സണ് ചുവപ്പ് കാര്‍ഡും സ്‌പെയിനിന് പെനാല്‍ട്ടിയും.

പിഴവേതുമില്ലാതെ മിക്കേല്‍ ഒയാര്‍സബാള്‍ പെനാല്‍റ്റി ഇംഗ്ലണ്ടിന്റെ വലയിലെത്തിച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ നിക്കോ വില്ല്യംസ് മൂന്ന് മിനിട്ടിനകം ഗോള്‍ നേടിയതോടെ ലോകചാമ്പ്യന്‍മാര്‍ തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു.

പത്ത് പേരായി ചുരുങ്ങിയ ഇംഗ്ലണ്ടിനെതിരെ സ്‌പെയിന്‍ തുടര്‍ച്ചയായ ആക്രമണം അഴിച്ചുവിട്ടു. രണ്ടാം പകുതിയില്‍ മാത്രം സ്‌പെയിന്‍ തൊടുത്തത് 19 ഷോട്ടുകളാണ്. ഇവയില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഇവ ഗോളാക്കി മാറ്റാന്‍ മാത്രം അവര്‍ക്ക് സാധിച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ ഗോള്‍വല കാത്ത ലീഡ്‌സ് ഗോളി ജെയിംസ് ട്രാഫോഡ് ഷോട്ടുകളെയെല്ലാം ഗോള്‍വരയ്ക്കപ്പുറം നിര്‍ത്തി.

വിജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. സ്‌പെയിന്‍ രണ്ടാമതാണ്.

കഴിഞ്ഞ 22 ഹോം മത്സരങ്ങളില്‍ സ്‌പെയിന്‍ പരാജയമറിഞ്ഞിട്ടില്ലായിരുന്നു. അതില്‍ 17 എണ്ണത്തില്‍ ജയിക്കുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് സ്വന്തം നാട്ടില്‍ പരാജയമറിഞ്ഞത് 2022ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആയിരുന്നു. ലൂയിസ് ഡെ ലാ ഫ്യുന്റെയുടെ സ്‌പെയിനിന്റെ 968 ദിവസം നീണ്ട അപരാജിത കുതിപ്പാണ് ഇംഗ്ലണ്ട് അവസാനിപ്പിച്ചത്.

ഇതിന് മുമ്പുള്ള അവസാന മൂന്ന് മത്സരങ്ങളില്‍ 12 ഗോളുകള്‍ നേടിയ ഇംഗ്ലണ്ട് വഴങ്ങിയത് ഒരു ഗോള്‍ മാത്രമായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വേണ്ടി തുടര്‍ച്ചയായി ആറാം എവെ മത്സരത്തിലാണ് ഗോള്‍ നേടുന്നത്. ഇംഗ്ലണ്ട് തുടര്‍ച്ചയായ പത്താം എവെ മത്സരമാണ് വിജയിക്കുന്നത്.

Content Highlight: Spain’s long unbeaten run came to an end at 43 games, as they failed to turn things around against 10-man England.