കേരള ബ്ലാസ്റ്റേഴ്സിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ക്ലബ്ബിന്റെ പുതിയ ഉടമകൾ. ബ്ലാസ്റ്റേഴ്സിന്റെ ഭാവിയെ മുന്നിൽ കണ്ട് ‘പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്സ്’ എന്ന പദ്ധതിയാണ് മാനേജ്മെന്റ് മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച പഴയ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ലെജൻഡ് ഇലവൻ പ്രഖ്യാപിക്കും. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഈ ലെജൻഡ് ഇലവന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സിന് വീണ്ടും ബൂട്ട് കെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ലെജൻഡ് ഇലവൻസ് മാച്ച്, ചാരിറ്റി മാച്ച് ഇന്റർനാഷണൽ ടൂർസ്, പ്രത്യേക ഫുട്ബോൾ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.

പഴയ താരങ്ങളെ വീണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകരിലേക്ക് എത്തിച്ചുകൊണ്ട് ചാരിറ്റി മത്സരങ്ങളിലൂടെ സാമൂഹ്യപ്രവർത്തനങ്ങളിൽ ഇടപെടാനായി ഫണ്ട് സ്വരൂപിക്കാനാണ് പുതിയ മാനേജ്മെന്റ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ ഇയാൻ ഹ്യൂം, സി.കെ വിനീത് മുഹമ്മദ് റാഫി, സെഡ്രിക് ഹെങ്ബർട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ബ്ലാസ്റ്റേഴ്സ് ലെജൻഡ്സ് ഇലവന് വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സീസണിലാണ് ബ്ലാസ്റ്റേഴ്സിനെ പുതിയ ഉടമകൾ ഏറ്റെടുത്തത്. ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. എന്നാൽ കഴിഞ്ഞ സീസണിൽ സാമ്പത്തികമായി കനത്ത പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് മാഗ്നം ഗ്രൂപ്പ് ക്ലബ്ബിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനമെടുത്തത്.

പുതിയ മാനേജ്മെന്റിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് ഭാവിയിൽ ഗുണകരമാവുന്ന വലിയ പദ്ധതികളാണ് വരാനിരിക്കുന്നത്. ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടുമായി ബ്ലാസ്റ്റേഴ്സ് കൈകോർക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടും നിലനിന്നിരുന്നു. സഖ്യം ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്താനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഈ സീസണിൽ ആഷ്ലി വെസ്റ്റ് വുഡിന്റെ കീഴിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഓരോ വീതം ജയവും തോൽവിയും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കൊമ്പന്മാർ തകർത്തത്.
എന്നാൽ പിന്നീട് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ 4-1ന്റെ വമ്പൻ തോൽവിയും ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി. പിന്നീട് മുംബൈ സിറ്റി, ചെന്നൈയിൻ എഫ്.സി എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ പിരിയുകയും ചെയ്തു. നവംബർ 29ന് എഫ്.സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയുടെ തട്ടകമായ ഫട്ടോർഡയിലാണ് മത്സരം.
Content Highlight: A ‘Blasters Legend Eleven’ will be announced, featuring former players who have played for Kerala Blasters
