സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. മോളിവുഡിലെ ബ്രാന്‍ഡ് സംവിധായകനായ അമല്‍ നീരദ് അണിയിച്ചൊരുക്കുന്ന ചിത്രം 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലാണ്. സമീപകാലത്ത് ഏറ്റവും വലിയ താരനിരയിലൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
ആദ്യഭാഗം പോലെ വയലന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നതെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. നസ്‌ലെന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, കുഞ്ചാക്കോ ബോബന്‍, നദിയ മൊയ്തു, രജിഷ വിജയന്‍, ചന്തു സലിംകുമാര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുകയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ധീരജ് പ്രഭു എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ട്രെയ്‌ലറില്‍ കണ്ടതിനെക്കാള്‍ വ്യത്യസ്തമായ ഒന്നാണ് തന്റെ കഥാപാത്രമെന്നും നസ്‌ലെനും ടീമുമായി അധികം കോമ്പിനേഷനില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ചന്തു സലിംകുമാറിനെക്കുറിച്ചും താരം സംസാരിച്ചു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ബോഗെയ്ന്‍വില്ലക്ക് ശേഷം ഞാനും അമലും ഒന്നിക്കുന്ന പടമാണ് ഇത്. അമലിന്റെ പടങ്ങളില്‍ അടുപ്പിച്ച് അഭിനയിക്കാന്‍ പറ്റിയ ചുരുക്കം ആളുകളിലൊരാളാണ് ഞാന്‍. ഈ സിനിമ ചെയ്യാന്‍ വേറൊരു കാരണം കൂടിയുണ്ട്. എന്റെ സിനിമക്ക് കൂവിയ ഒരുത്തന്‍ ഇതിലുണ്ടെന്ന് ഞാനറിഞ്ഞു. അവനെ കൈയില്‍ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു.

ഒരു ദിവസം അമല്‍ വിളിച്ചിട്ട് ഈ സിനിമയെക്കുറിച്ച് പറഞ്ഞു. ആരൊക്കെയാണ് ബാക്കി സ്റ്റാര്‍സ് എന്ന് ചോദിച്ചപ്പോള്‍ ഓരോരുത്തരുടെ പേര് പറഞ്ഞ് തന്നു. അപ്പോഴാണ് ഞാന്‍ കുറച്ച് കാലമായി കൈയില്‍ കിട്ടാന്‍ കാത്തിരുന്നവനുണ്ടെന്ന് അറിഞ്ഞത്. ‘കഥയൊന്നും കേള്‍ക്കണ്ട ഞാന്‍ റെഡിയാണ്’ എന്ന് പറഞ്ഞ് ഞാന്‍ അമലിനോട് ഓക്കെ പറഞ്ഞു. അവനും ഞാനുമായി അധികം കോമ്പിനേഷന്‍ സീനൊന്നും ഇല്ല,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

കല്യാണരാമന്‍ എന്ന ചിത്രത്തില്‍ നവ്യയുടെ കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ കൊണ്ടുപോകുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൂവിയതെന്നും ചന്തു സലിംകുമാര്‍ മറുപടി നല്‍കി. ഇന്റര്‍വ്യൂവില്‍ താന്‍ പറഞ്ഞതിന്റെ പകുതി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ തെറ്റിദ്ധരിച്ചെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.
Content Highlight: Kunchacko Boban saying he did Bachelor Party D’eux only for Chandu Salimkumar
