ഭൗമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഇന്നലെ നടന്ന പ്രസ് മീറ്റിൽ വെച്ചാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഔദ്യോഗികമായി  അണിയറപ്രവർത്തകർ അനൗൺസ് ചെയ്തത്. സിനിമയുടെ സംവിധായകനായ റെജിൻ എസ് .ബാബു, പ്രൊഡ്യൂസറായ ബസാം കടിയാർ, അഭിനേതാക്കളായ രേവതി ശർമ്മ, സാഗർ സൂര്യ, നിൽജ, മേരി ഫിലിപ്, സെന്തിൽ എന്നിവരാണ് പ്രസ് മീറ്റിൽ പങ്കെടുത്ത് സംസാരിച്ചത്. പ്രൊഡ്യൂസറായ ബസാം കടിയാറാണ് പ്രഖ്യാപനം നടത്തിയത്.

‘റെജിനോട് ഞാൻ ആദ്യം മുതൽ നമ്മൾ ഇത് തുടങ്ങുന്ന സമയം തന്നെ പറയുന്നുണ്ട്, എന്തുകൊണ്ട് നമുക്ക് ഇതിന് ഭൗമ1 എന്ന് പറഞ്ഞ് ഇട്ടൂടാ എന്ന്. ഡെലിബ്രെറ്റിലി അത് ഭൗമ1 എന്ന് ഇടണ്ടെന്നും, പക്ഷേ ഇതിനൊരു കഥ ഇങ്ങനെ പോകുന്നുണ്ട്, ഇത് സക്സസ്ഫുൾ ആവുകയാണെങ്കിൽ നമ്മൾ ഉറപ്പായിട്ടും ഇതിന്റെ സെക്കൻഡ് പാർട്ട് ചെയ്യും എന്ന് ഞങ്ങൾ അന്ന് തീരുമാനിച്ച കാര്യമാണ്. ഇന്നിപ്പോൾ വളരെ കോണ്ഫിഡന്റായിട്ട് വളരെ സന്തോഷത്തോടെ ഒരുപാടൊരുപാട് നന്ദിയോടെ ഞങ്ങൾ അനൗൺസ് ചെയ്യുകയാണ് ഭൗമ2 തീർച്ചയായും ഉണ്ടാകും,’ ബസാം കടിയാർ പറഞ്ഞു.

സിനിമയുടെ സംവിധായകനായ റെജിൻ എസ് .ബാബുവും പ്രേക്ഷരോട് നന്ദി പറഞ്ഞ് സംസാരിച്ചു. ഇത്രയും വലിയ സിനിമകൾക്കിടയിൽ ഭൗമക്ക് ഇങ്ങനെയൊരു റെസ്‌പൊൺസും വിജയവും കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് സംവിധായകൻ പറഞ്ഞത്.

ഭൗമ.Photo: Facebook.com

‘ഭൗമയുടെ റിലീസിനു ശേഷം നമ്മൾ ചേരുന്ന പ്രസ് മീറ്റാണിത്. എല്ലാവരോടും ആദ്യം തന്നെ നന്ദി പറയുകയാണ്. കാരണം ഒരുപാട് വലിയ റിലീസുകളുടെ കൂട്ടത്തിൽ നമ്മളുടെ ഈ സിനിമ ഇറങ്ങുമ്പോൾ ഞങ്ങൾക്ക് തന്നെ ഒരു ചെറിയ പേടി ഉണ്ടായിരുന്നു. ഭയങ്കര എക്സ്പെക്റ്ററേഷനുള്ള വലിയ സിനിമകളുടെ കൂടെയാണ് നമ്മൾ ഇറക്കിയത്. ശരിക്കും പറഞ്ഞാൽ നമ്മുടെ സിനിമയും ബഡ്ജറ്റ് കൊണ്ട് വലിയൊരു സിനിമ ആണെങ്കിൽ പോലും ബാക്കിയുള്ളവരുടെ സ്കെയിൽ വെച്ച് നോക്കുമ്പോൾ നമ്മളുടെ കമ്പാരിറ്റീവിലി അതിനു താഴെ നിൽക്കുന്ന ഒരു സിനിമയാണ്.

പക്ഷേ സബ്ജക്ടിന്റെ ഒരു യൂണിക്നെസ്സ് കൊണ്ട് നമ്മൾ ഈ സിനിമ റിലീസ് ചെയ്തിട്ട് നമ്മളെ പോലും ഞെട്ടിപ്പിക്കുന്ന രീതിയിൽ വളരെ സന്തോഷകരമായ ഒരു റിസൾട്ടാണ് നമുക്ക് ഈ ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരുടെ റെസ്പോൺസിൽ നിന്നും കിട്ടിയിട്ടുള്ളത്. അപ്പോൾ അതിന് നമ്മൾ കൃത്യമായിട്ട് എല്ലാ ഓഡിയൻസിനോടും അതിന് സപ്പോർട്ട് ചെയ്ത ആൾക്കാരെയും അഡ്രസ്സ് ചെയ്ത് നന്ദി പറയുകയാണ്,’ സംവിധായകൻ പറഞ്ഞു.

Content Highlight: The suspense continues, the filmmakers announced Bouma2.