ഒരു സാംസ്കാരിക ഇടനാഴിയായി തുടങ്ങി രജത ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന മാനവീയം വീഥി ഇന്ന് സാംസ്കാരിക പ്രവർത്തകരും സംഘപരിവാർ നിയന്ത്രണത്തിലുള്ള കോർപ്പറേഷനും തമ്മിലുള്ള ഏറ്റുമുട്ടലിലിന് വേദിയായിരിക്കുകയാണ്. പാരീസിലെ സാംസ്കാരിക തെരുവുകളുടെ മാതൃകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ട മാനവീയം വീഥി ഇന്ന് ബി.ജെ.പി ഭരിക്കുന്ന നഗരസഭയുടെ കീഴിലാണ്.
സാംസ്കാരിക കലാപരിപാടികൾക്കും കൂട്ടായ്മകൾക്കും രാത്രിയുടെ നിറവിലും തിളങ്ങിനിൽക്കുന്ന ഒരിടമാണ് മാനവീയം വീഥി. തിരുവനന്തപുരത്തെ വെള്ളയമ്പലം റോഡിലെ വയലാർ രാമവർമ്മയുടെ പ്രതിമ മുതൽ ആൽത്തറ ജംഗ്ഷനിലെ ജി. ദേവരാജൻ, പി. ഭാസ്കരൻ എന്നിവരുടെ പ്രതിമകൾ വരെ 180 മീറ്റർ നീളുന്ന പാതയാണിത്.
1995 ലാണ് സാംസ്കാരിക ഇടനാഴി എന്ന ആശയമായി മാനവീയം വീഥി രൂപം കൊള്ളുന്നത്. ആദ്യകാലങ്ങളിൽ തെരുവുനാടകങ്ങൾ മാത്രം അവതരിപ്പിച്ചുകൊണ്ടിരുന്ന ഈ പാതയിൽ പിന്നീട് സാംസ്കാരിക കൂട്ടായ്മകളുടെയും കലാപരിപാടികളുടെയും ചുവർ ചിത്രങ്ങളുടെയും വർണക്കാഴ്ചകൾ നിറഞ്ഞതായി. നാടക പ്രവർത്തകനായ രഘുത്തമനും അഭിനയ തിയേറ്റർ ഗ്രൂപ്പും ചേർന്നാണ് മാനവീയം വീഥിക്ക് തുടക്കമിട്ടത്.

ഇ.കെ നായനാർ മുഖ്യമന്തിയായിരുന്ന ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് 2001ൽ സർക്കാരിന്റെ മാനവീയം പദ്ധതിയിൽ ഈ പാതയെ ഉൾപ്പെടുത്തുകയും ഇതേ വർഷം ഏപ്രിലിൽ അന്നത്തെ നിയമസഭാ സ്പീക്കർ ആയിരുന്ന എം. വിജയകുമാർ പാതയെ ഒരു സാംസ്കാരിക വീഥിയായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സാംസ്കാരിക കലാസാഹിത്യ രംഗത്ത് നിന്നുള്ള പ്രമുഖരുടെ കൂട്ടായ്മകളും കലാപരിപാടികളും നിറഞ്ഞ ഈ പാത ശ്രദ്ധേയമായി. കേരള സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇടം പിടിച്ചതോടെ സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥി മാറി. ഏകദേശം 3.40 കോടി രൂപ ചെലവഴിച്ച ഇവിടം ആധുനിക രീതിയിൽ നവീകരിച്ചു. ഇപ്പോൾ സാംസ്കാരിക കൂട്ടായ്മയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി 2026 ഒക്ടോബർ 22ന് രജത ജൂബിലി ആഘോഷങ്ങൾക്ക് ഇവിടെ തുടക്കമായി.
മാനവീയം പദ്ധതിയുടെ തുടക്കത്തിലും അതിന്റെ ആശയരൂപീകരണത്തിലും പ്രധാന പങ്കുവഹിച്ചയാളും മുൻ സാംസ്കാരിക മന്ത്രിയുമായ എം. എ ബേബിയാണ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.
രജത ജൂബിലിയുടെ ഭാഗമായി ഗായിക പുഷ്പവതിയുടെ ‘പുഷ്പവതി പാടുന്നു’ എന്ന സംഗീത പരിപാടി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഭരിക്കുന്ന നഗരസഭ പരിപാടിക്ക് അനുമതി നിഷേധിച്ചു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
കോർപ്പറേഷനും സാംസ്കാരിക പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിന് തുടക്കമാകുന്നത് ജന്തർ മന്തറിലെ സമരത്തിന്റെ ഭാഗമായി സി.ജെ.പി പാർട്ടിയുടെ തിരംഗ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബർ 16ന് മാനവീയം വീഥിയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ശേഷമാണ്. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിൽ കലക്ടീവ് ഫോർ ഡെമോക്രസി കൂട്ടായ്മയുടെ നേതാക്കൾക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. പൊലീസിന്റെ അനുമതി ഇല്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടർന്ന് മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടികൾക്കും സമാനമായ മറ്റു പരിപാടികൾക്കും മാത്രമേ അനുമതി നൽകൂയെന്നും പ്രതിഷേധ പരിപാടികൾ അനുവദിക്കില്ലെന്നും പറഞ്ഞ് കോർപ്പറേഷൻ രംഗത്തെത്തി. കോർപ്പറേഷൻ അമിതാധികാരം ഉപയോഗിച്ച് താല്പര്യമില്ലാത്ത പരിപാടികളെ തടയാൻ ശ്രമിക്കുകയാണെന്നാണ് തിരുവനന്തപുരത്തെ സാംസ്കാരിക പ്രവർത്തകരുടെ വാദം.
ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച ബി.ജെ.പി ഭരിക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് കോർപ്പറേഷനും പൊലീസിനും അപേക്ഷ നൽകിയതെന്നും യാതൊരു കാരണവും പറയാതെയാണ് കോർപ്പറേഷൻ അനുമതി നിഷേധിച്ചതെന്നും മാനവീയം സാംസ്കാരിക കൂട്ടായ്മ ആരോപിച്ചു.

photo: Face Book .com / Pushpavathy Poypadath
അവർ പാട്ടിനെ എന്തിനു ഭയപ്പെടുന്നു? ഇത് രാഷ്ട്രീയ പകപോക്കലാണ്. സ്വതന്ത്രമായി മാനവീയം വീഥിയിൽ സാംസ്കാരിക പരിപാടികൾ നടന്നിരുന്നതാണ് -ഗായിക പുഷ്പവതി.
പരിപാടികൾക്ക് അനുമതി നൽകുന്നതിൽ നഗരസഭ വിവേചനം കാട്ടുന്നുണ്ടെന്നും മുമ്പ് ബി.ജെ.പി സംഘടിപ്പിച്ച പരിപാടികൾക്ക് അനുമതി നൽകാനുള്ള മാനദണ്ഡം എന്തായിരുന്നെന്നും സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ചോദിച്ചു.
പുഷ്പവതിയുടെ പാട്ടിന് നിയന്ത്രണം ഏർപ്പെടുത്തി എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
‘ഇത്തരം സർഗാത്മക പ്രവർത്തനങ്ങൾ നടക്കുന്ന ഒരു ഇടമായ മാനവീയം വീഥിയിൽ എന്തിനാണ് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തുന്നത്. കോർപ്പറേഷൻ അത് പുനപരിശോധിക്കണം. വീഥിയിൽ സർഗാത്മക പ്രവർത്തനങ്ങൾ നടക്കട്ടെ’ മന്ത്രി പറഞ്ഞു.
മാനവീയം വീഥി കോർപ്പറേഷന്റെ പരിധിയിലുള്ളതാണെന്നും കോർപ്പറേഷൻ കേരളത്തിലെ കലാകാരന്മാരുടെയും പൊതുവായി ജനങ്ങളുടെയും അഭിപ്രായത്തെയും വികാരത്തെയും ഉൾക്കൊള്ളുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കലാകാരന്മാർക്ക് അവസരം നിഷേധിക്കുകയാണെങ്കിൽ സാംസ്കാരിക വകുപ്പ് തന്നെ അതിന് അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മനുഷ്യർക്ക് വേണ്ടി തുറന്നിട്ട വീഥിയുടെമേൽ ചിലർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അസ്വാതന്ത്ര്യങ്ങളെ എതിർക്കുന്നു. യുവജനങ്ങളുടെയും കലാപ്രവർത്തനങ്ങളുടെയും സ്വാതന്ത്രവേദിയായ മാനവീയം വീഥിയുടെ തനിമയെ നിലനിർത്താൻ വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാർ നടപടികളെടുക്കണം.’ -എഴുത്തുകാരൻ സക്കറിയ
മാനവീയം വീഥി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കലാപ്രവർത്തനങ്ങൾ സുഗമമായി നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന് കത്തയച്ചു.
’25 വർഷമായി മാനവീയം വീഥിയിൽ നാടകങ്ങൾ, സിനിമ പ്രദർശനങ്ങൾ, ചിത്ര ശില്പകലകളുടെ പ്രദർശനം തുടങ്ങിയവ അവതരിപ്പിക്കുന്നുണ്ട്. സർക്കാർ ഇടപെടലിലൂടെ ഇവിടെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താൻ സാഹചര്യമൊരുങ്ങിയിരുന്നു. സാധാരണക്കാരായ കലാകാരന്മാർക്കും ആസ്വാദകർക്കും സാമ്പത്തിക ബാധ്യത കൂടാതെ ഒത്തുചേരാൻ പറ്റിയ ഇടമാണ് മാനവീയം. ഇപ്പോൾ അത്തരം പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത വിധത്തിൽ അധികൃതർ നിബന്ധനകൾ ഏർപ്പെടുത്തുന്നു. മാനവീയം വീഥിയുടെ രജതജൂബിലി വർഷമായതിനാൽ മന്ത്രി ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം,’ അടൂർ ആവശ്യപ്പെട്ടു.
നിലവിൽ മാനവീയം വീഥിയിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോർപ്പറേഷൻ. രേഖകൾ ഇല്ലാത്ത സംഘടനകൾക്ക് പരിപാടികൾ നടത്താൻ അനുമതി ഇല്ലെന്നും രജത ജൂബിലി ആഘോഷങ്ങളെ കുറിച്ചോ മാനവീയം സാംസ്കാരിക കൂട്ടായ്മ എന്ന സംഘടനയെക്കുറിച്ചോ തനിക്കറിവില്ലെന്നും സമിതിയിൽ നഗരസഭ അംഗങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും തിരുവനന്തപുരം നഗരസഭാ മേയർ വി. വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തിൽ നഗരസഭയുടെ കീഴ്വഴക്കങ്ങൾ അനുസരിച്ചാണ് പരിപാടികൾക്ക് അനുമതി നൽകുന്നത്. മറിച്ച് ഒരു വ്യക്തിയുടെ പരിപാടി എന്ന് നോക്കിയല്ല’ വി. വി രാജേഷ് കൂട്ടിച്ചേർത്തു.

Photo: Face Book.com/ Unnikrishnan
സംഭവത്തിൽ പ്രതിഷേധിച്ച് 18ലധികം സാംസ്കാരിക കൂട്ടായ്മകൾ മാനവീയം വീഥിയിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു . ‘നമ്മുടെ മാനവീയം നമ്മുടെ ശബ്ദം’, ലെറ്റ് ദി സ്ട്രീറ്റ് സിങ് എന്നീ പേരുകളിൽ പാട്ടും നൃത്തവും കലാപരിപാടികളും അരങ്ങേറി. നഗരസഭയുടെ തീരുമാനം ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സാംസ്കാരിക പ്രവർത്തകർ വിമർശിച്ചു.
Contnet Highlight: The rss encroachment on freedom of expression; ‘Manaveeyam Veedhi’ confronts bans through song.
