പെറു: ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പരിസ്ഥിതി പ്രവർത്തകർക്ക് നീതി ലഭിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
പെറുവിലെ ആമസോൺ മേഖലയായ പുക്കാൾപയിൽ തദ്ദേശീയ പ്രതിനിധികളെയും മിഷനറിമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനനശീകരണം, അനധികൃത സ്വർണ ഖനനം, എണ്ണ ചോർച്ച, മയക്കുമരുന്ന് കടത്ത് എന്നിവയാൽ തദ്ദേശീയ ജനതയുടെ ഭൂമിയും ഉപജീവനമാർഗവും നശിപ്പിക്കപ്പെടുന്നതിനെതിരെ മാർപാപ്പ ശക്തമായി പ്രതികരിച്ചു.
‘ഭൂമിയുടെ നിലവിളിയും പാവപ്പെട്ടവരുടെ നിലവിളിയും വേർതിരിക്കാനാവാത്തതാണ്,’ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2010-നും 2024-നും ഇടയിൽ 57 പരിസ്ഥിതി പ്രവർത്തകർ കൊല്ലപ്പെട്ടതായുള്ള കണക്കുകൾ പരാമർശിച്ച മാർപാപ്പ, ഇവരുടെ രക്തം നീതിക്കായി നിലവിളിക്കുന്നുവെന്നും സഭ എന്നും തദ്ദേശീയ ജനതയ്ക്കൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.
പുറത്തുനിന്നുള്ളവരുടെ ആധിപത്യത്തിനായുള്ള അടങ്ങാത്ത ദാഹവും നിരുത്തരവാദപരമായ ചൂഷണവും അവസാനിപ്പിക്കണമെന്നും, ഭൂമിയെയും അതിനെ പരിപാലിക്കുന്നവരെയും ബഹുമാനിക്കുന്ന പുതിയ സാമ്പത്തിക വികസന മാതൃകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മെർക്കുറി ഉപയോഗിച്ചുള്ള അനധികൃത സ്വർണ്ണ ഖനനം ആമസോൺ നദികളെയും വനങ്ങളെയും ഗുരുതരമായി മലിനമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കൻ ആമസോണിലെ കോണ്ടോർകാൻക്വി പ്രവിശ്യയിൽ അവാജുൺ, വാമ്പിസ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നേരെ വർധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളെയും മാർപാപ്പ രൂക്ഷമായി വിമർശിച്ചു.
ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം 370 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ഇതിന് പിന്നിലുള്ള അഴിമതിയും ഒത്തുകളിയും അവസാനിപ്പിച്ച് ഇരകൾക്ക് നീതിയും നഷ്ടപരിഹാരവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ, പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കാനും യുവതലമുറയെ ചേർത്തുനിർത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. മൂന്ന് രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കേ അമേരിക്കൻ പര്യടനം പൂർത്തിയാക്കി തിങ്കളാഴ്ച അദ്ദേഹം പെറുവിൽ നിന്ന് മടങ്ങും.
Content Highlight:Justice for Amazon Guardians; Pope Leo XIV Speaks Out Against Deforestation and Mining.
