യുവേഫ നേഷന്‍സ് ലീഗിനും അന്താരാഷ്ട്ര തലത്തിലെ മറ്റ് സൗഹൃദ മത്സരങ്ങള്‍ക്കുമായി ക്ലബ് ഫുട്‌ബോളില്‍ നിന്നുള്ള ഇടവേളയാണിപ്പോള്‍. നവംബര്‍ 11ന് ആരംഭിച്ച ഈ വര്‍ഷത്തെ അവസാനത്തെ ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ ലോക ഫുട്‌ബോളിലെ വമ്പന്‍മാര്‍ എല്ലാം തന്നെ തോല്‍വികളേറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ഫിഫ റാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനക്കാരില്‍ അഞ്ചും തോറ്റുകഴിഞ്ഞു. ആദ്യം തോറ്റത് മുന്‍ ലോകചാമ്പ്യന്‍മാരും ലോക മൂന്നാം നമ്പരുമായ ഫ്രാന്‍സ് ആയിരുന്നു. യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയോട് 3-1നാണ് ഫ്രാന്‍സ് തോറ്റത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ഫ്രാന്‍സിന്റെ തോല്‍വി.

പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള സിനദിന്‍ സിദാന്റെ ആദ്യ തോല്‍വിയാണിത്. സൂപ്പര്‍താരം എംബാപ്പെ ഇല്ലാതെയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. എന്നാല്‍ തുര്‍ക്കിയ്‌ക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ ഫ്രാന്‍സ് 2-1ന് ജയിച്ചു.
രണ്ടാമൂഴം ലോക രണ്ടാം നമ്പരും മുന്‍ ലോകചാമ്പ്യന്‍മാരുമായ അര്‍ജന്റീനയുടേതായിരുന്നു. ഇതിഹാസതാരം ലയണല്‍ മെസിയുടെ വിരമിക്കലിന് ശേഷം നടന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ ഉറുഗ്വായ് 2-1ന് തോല്‍പ്പിച്ചു.
സിംഗപ്പൂരില്‍ നടന്ന ബ്രസീല്‍-ജപ്പാന്‍ സൗഹൃദമത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാനറികള്‍ കീഴടങ്ങി. ഇഞ്ജുറി ടൈമില്‍ സാകമോട്ടോ നേടിയ ഗോളിലായിരുന്നു ജപ്പാന്റെ വിജയം. വിനീഷ്യസ് ജൂനിയര്‍ ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയും ക്യാപ്റ്റന്‍ റാഫീഞ്ഞയും ചുവപ്പ് കാര്‍ഡ് കണ്ടു.

അര്‍ജന്റീനയും ബ്രസീലും തോറ്റ ദിവസം തന്നെ അവസാനത്തെ ഊഴം പോര്‍ച്ചുഗലിന്റേതായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ കളത്തിലിറങ്ങിയ പറങ്കിപ്പട ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ടു. ഡെന്‍മാര്‍ക്കിന് വേണ്ടി റാസ്മസ് ഹൊയ്‌ലണ്ട് ഇരട്ട ഗോളുകള്‍ നേടി.
യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ കൂടി തോറ്റതോടെ പട്ടിക പൂര്‍ത്തിയായി. തുടര്‍ച്ചയായ 43 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ സ്‌പെയിന്‍ സ്വന്തം തട്ടകത്തിലാണ് ഇംഗ്ലണ്ടിനോട് തോറ്റത്.

മത്സരത്തിന്റെ 63ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ എലിയട്ട് ആന്‍ഡേഴ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയിട്ടും ഇംഗ്ലണ്ട് മത്സരത്തില്‍ ജയം കണ്ടെത്തി.കഴിഞ്ഞ 22 ഹോം മത്സരങ്ങളില്‍ സ്‌പെയിന്‍ പരാജയമറിഞ്ഞിട്ടില്ലായിരുന്നു. അതില്‍ 17 എണ്ണത്തില്‍ ജയിക്കുകയും ചെയ്തിരുന്നു.
ഇതിനുമുമ്പ് സ്വന്തം നാട്ടില്‍ പരാജയമറിഞ്ഞത് 2022ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആയിരുന്നു. ലൂയിസ് ഡെ ലാ ഫ്യുന്റെയുടെ സ്‌പെയിനിന്റെ 968 ദിവസം നീണ്ട അപരാജിത കുതിപ്പാണ് ഇംഗ്ലണ്ട് അവസാനിപ്പിച്ചത്.
ഫിഫ റാങ്കിങ്ങില്‍ ആദ്യ ആറില്‍ നാലാമതുള്ള ഇംഗ്ലണ്ട് മാത്രമാണ് കൂട്ടത്തില്‍ തോല്‍വിയറിയാത്തത്. സ്‌പെയിനിനെക്കൂടാതെ ക്രൊയേഷ്യയുമായുള്ള മത്സരത്തിലും ഇംഗ്ലണ്ട് വിജയിച്ചു.
Content Highlight: Fifa top ranked teams lost in the last international break of the year.
