ദുൽഖറിനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശം ലോ ഒകതാര. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമികുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ഇപ്പോഴിതാ പുതിയ ചിത്രമായ ആകാശം ലോ ഒകതാരയിൽ തന്റെ ചേച്ചിയായി അഭിനയിക്കുന്ന സ്വാസികയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. സ്വാസിക തനിക്ക് പ്രായത്തിൽ ഇളയതാണെങ്കിലും സിനിമയിൽ ചേച്ചിയുടെ വേഷത്തിലാണ് എത്തുന്നതെന്നും വളരെ സ്വാഭാവികമായ അഭിനയമാണ് അവരുടേതെന്നും ദുൽഖർ പറഞ്ഞു.

സ്വാസിക,ദുൽഖർ സൽമാൻ . Photo.Screen Grab/ Youtube

‘സിനിമയിൽ എന്റെ ചേച്ചിയായിട്ടാണ് സ്വാസിക അഭിനയിക്കുന്നത്. പക്ഷേ അവർക്ക് എന്നേക്കാൾ പ്രായം കുറവാണ്. എന്നിട്ടും ഈ വേഷം ഏറ്റെടുത്തതിന് നന്ദി സ്വാസിക. നിങ്ങളോടൊപ്പമുള്ള ഓരോ ദിവസവും ഷൂട്ടിങ് ചെയ്യുന്നത് നല്ല അനുഭവമായിരുന്നു. നിങ്ങളുടെ അഭിനയം അത്രത്തോളം വിശ്വസനീയമായതുകൊണ്ട് ഞാൻ ശരിക്കും നിങ്ങളുടെ അനിയനാണെന്ന് തോന്നി പോയി. അത്രയും മികച്ച അഭിനേത്രിയാണ് നിങ്ങൾ,’ ദുൽഖർ പറഞ്ഞു.

ഹൈദരാബാദിൽ നടന്ന ആകാശം ലോ ഒകതാരയുടെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. പവൻ സാധിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമത്തിന് ശേഷം ഈ കഥ കേട്ടപ്പോൾ തന്നെ പ്രത്യേകത തോന്നിയെന്നും തന്റെ കരിയറിൽ ഏറെക്കാലം ഓർമിക്കപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നും ദുൽഖർ ചടങ്ങിൽ പറഞ്ഞു.

ആകാശം ലോ ഒകതാര,ദുൽഖർ സൽമാൻ . Photo. IMDb. Screen Grab/ Youtube

ചിത്രത്തിന്റെ സംവിധായകൻ പവന് കഥയെക്കുറിച്ച് വ്യക്തമായ ധാരണയും ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു. സംഗീത സംവിധായകൻ ജി.വി. പ്രകാശ് കഥ കേട്ടപ്പോൾ തന്നെ ചിത്രം വലിയ വിജയമാകുമെന്ന് പറഞ്ഞത് തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയെന്നും താരം പറഞ്ഞു. അല്ലു അരവിന്ദിന്റെ സമർപ്പണത്തെയും ഊർജത്തെയും പ്രശംസിച്ച ദുൽഖർ, ചിത്രത്തിലെ നായിക സാത്വികയുടെയും പ്രധാന വേഷങ്ങളിലെത്തുന്ന ശ്രുതി ഹാസൻ, റൂഹാനി ശർമ എന്നിവരുടെയും പ്രകടനത്തെ കുറിച്ചും അഭിനന്ദിച്ചു.

Content Highlight: Actor Dulquer Salmaan is speaking about Swasika, who plays his elder sister in Aakasham Lo Okathara