ലണ്ടന്‍: ഹലാല്‍ ഭക്ഷണം വില്‍ക്കാന്‍ വിസമ്മതിച്ച ലണ്ടനിലെ ഇന്ത്യന്‍ റസ്‌റ്റോറന്റിന് പുറത്ത് വന്‍ പ്രതിഷേധം. വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധം നടന്നത്. കട അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് റെസ്‌റ്റോറന്റിന് പുറത്ത് നൂറ് കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.

ഭക്ഷണശാലയുടെ പുറത്ത് ‘അഭിമാനത്തോടെ നോണ്‍ ഹലാല്‍’ എന്ന് എഴുതിയിരുന്നു ഇതാണ് പ്രതിഷേധത്തിന് കാരണമായത്. ലണ്ടനിലെ പ്രശസ്തമായ ഹാമര്‍സ്മിത്ത് ഗ്രോവിന് സമീപമുള്ള രംഗ്രേസ് എന്നറിയപ്പെടുന്ന സിങ്‌സ് ഡൈനിങ് എന്ന റെസ്റ്റോറിന് മുന്നിലാണ് ഇങ്ങനെയൊരു ബോര്‍ഡ് വെച്ചിരുന്നത്.

റെസ്‌റ്റോറന്റ് ഉടമയായ ഹര്‍മന്‍ സിങ് കപൂര്‍ മുന്‍പും വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയിലുള്ള മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടിരുന്നു. കൂടാതെ ഗസ വംശഹത്യയെ ന്യായീകരിച്ചുള്ള കപൂറിന്റെ പ്രതികരണവും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന്റെ പേരില്‍ മെട്രോ പൊളിറ്റന്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് പുറത്ത്, ഫലസ്തീന്‍ പതാകകള്‍ വീശിക്കൊണ്ട് പ്രതിഷേധക്കാര്‍ ‘അല്ലാഹു അക്ബര്‍’, ‘ഷെയിം ഓണ്‍ യു’, ‘ഫ്രീ ഫലസ്തീന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് കേള്‍ക്കാമായിരുന്നു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകളും റെസ്റ്റോറന്റിന് പുറത്തുണ്ടായിരുന്നു. ‘ഫോള്‍ട്ടി ടവേഴ്‌സ്’ എന്ന പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ ജോണ്‍ ക്ലീസ് റെസ്റ്റോറന്റിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോണ്‍ ക്ലീസ് ആണ് സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളില്‍ കപൂറിന്റെ ഭാര്യ ഖുഷി, ക്ലീസിന് നന്ദി പറഞ്ഞുകൊണ്ട് റെസ്റ്റോറന്റിന്റെ ജനലിന് നേരെ ഒരു ബോര്‍ഡ് പിടിച്ചത് കാണാമായിരുന്നു.

താന്‍ പോസ്റ്റ് ചെയ്ത ഒരു തമാശ വീഡിയോയുടെ പേരിലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും, തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്നതിന് പകരം പൊലീസ് തന്നെ വേട്ടയാടുകയാണെന്നും കസ്റ്റഡിയിലാകുന്നതിന് മുന്‍പ് പങ്കുവെച്ച വീഡിയോയില്‍ കപൂര്‍ ആരോപിച്ചു.

Content Highlight: ‘Non-Halal with Pride’ Sign: Mockery of the Gaza Genocide – Massive Protest Outside Indian Restaurant in London