സായ് പല്ലവി സീതയായി എത്തുന്ന നിതേഷ് തിവാരിയുടെ രാമായണ എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ സീത ആയുധങ്ങളേന്തി യുദ്ധം ചെയ്യുന്ന രംഗങ്ങൾ പുറത്തുവന്നതോടെ കഥാപാത്രത്തെ ഇത്തരത്തിൽ അവതരിപ്പിച്ചതിനെതിരെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സീതയെ യോദ്ധാവായി അവതരിപ്പിച്ച തീരുമാനം വാൽമീകി രാമായണത്തിന് നിരക്കുന്നതല്ലെന്നായിരുന്നു വിമർശനങ്ങളുടെ പ്രധാന വാദം.

എന്നാൽ സീതയുടെ ഈ അവതരണത്തിന് പിന്നിലെ ആശയം വിശദീകരിച്ചിരിക്കുകയാണ് സംവിധായകൻ നിതേഷ് തിവാരി. രാമായണത്തിന്റെ മറ്റ് ചില പതിപ്പുകളാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്താൻ തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി. സീതയെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി മാത്രം കാണാതെ, ശക്തിയുടെ അവതാരമായും യോദ്ധാവായും അവതരിപ്പിക്കുന്ന പരാമർശങ്ങൾ ഈ കൃതികളിലുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

രാവണ. Photo. Screen Grab/ Youtube

ദി ഫെഡറലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സംസ്കൃത കൃതിയായ അദ്ഭുത രാമായണത്തെയും പതിനഞ്ചാം നൂറ്റാണ്ടിലെ ഒഡിയ കൃതിയായ ബിലങ്ക രാമായണത്തെയും കുറിച്ചാണ് നിതേഷ് തിവാരി പരാമർശിച്ചത്.

‘ഈ രാമായണ പതിപ്പുകൾ സീതയെക്കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. സഹനത്തിന്റെ പ്രതീകം മാത്രമല്ല സീത. സജീവമായി യുദ്ധം ചെയ്യുന്ന യോദ്ധാവായും പ്രപഞ്ചശക്തിയായ ശക്തിയുടെ അവതാരമായും ഈ കൃതികൾ സീതയെ അവതരിപ്പിക്കുന്നുണ്ട്,’ നിതേഷ് തിവാരി പറഞ്ഞു.

ഈ കൃതികളിൽ പരാമർശിക്കുന്ന ഒരു സംഭവവും സംവിധായകൻ വിശദീകരിച്ചു. രാമന് നേരിടാൻ കഴിയാത്ത സഹസ്ര രാവണനെതിരെ സീത മഹാകാളിയുടെ രൂപം സ്വീകരിച്ച് യുദ്ധം ചെയ്യുന്നതാണ് ആ സംഭവം. ആയിരം തലയുള്ള രാക്ഷസരാജാവായ സഹസ്ര രാവണനെ രാമൻ പരാജയപ്പെടുത്താൻ കഴിയാതെ നിൽക്കുന്ന ഘട്ടത്തിലാണ് സീത മഹാകാളിയായി അവതരിച്ച് അവനെ വധിക്കുന്നതെന്നും നിതേഷ് തിവാരി പറഞ്ഞു.

‘ഈ പതിപ്പുകളിൽ രാമൻ പരാജിതനായി നിൽക്കുന്ന സമയത്ത് സീത മഹാകാളിയുടെ ഉഗ്രരൂപം സ്വീകരിക്കുകയും ആയിരം തലയുള്ള രാക്ഷസരാജാവായ സഹസ്ര രാവണനെ വധിക്കുകയും ചെയ്യുന്നുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സീതയുടെ യോദ്ധാവായ അവതരണത്തിനെതിരെ നടൻ മുകേഷ് ഖന്നയും രംഗത്തെത്തിയിട്ടുണ്ട്. വാൽമീകി രാമായണത്തിൽ സീത യുദ്ധം ചെയ്യുന്നതായി പരാമർശമില്ലെന്നും സീത ഭക്തിയുടെയും ത്യാഗത്തിന്റെയും പ്രതീകമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചിത്രത്തിലെ രംഗങ്ങൾ കണ്ടിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും മുകേഷ് ഖന്ന വ്യക്തമാക്കിയിട്ടുണ്ട്.

രാവണ. Photo. Screen Grab/ Youtube

രൺബീർ കപൂർ രാമനായും യാഷ് രാവണനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രമാണ് രാമായണ: റൈസ് ഓഫ് എ ലെജൻഡ്. രവി ദുബെ, അനുപം ഖേർ, കാജൽ അഗർവാൾ, വിവേക് ഒബ്റോയ്, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

Content Highlight:Director Nitesh Tiwari has explained the concept behind this portrayal of Sita.