റിലീസിന് മുമ്പ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ നടത്തിയ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയിരിക്കുകയാണ് ബോളിവുഡ് ചിത്രം രാമായണ. ഇന്ത്യന്‍ ഐതിഹ്യ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രമഴുതുകയാണ്. ദീപാവലി റിലീസായെത്തിയ ചിത്രം ഇതിനോടകം ആയിരം കോടിയും കടന്ന് കുതിക്കുകയാണ്.

ഈ വര്‍ഷത്തെ രണ്ടാമത്തെ ആയിരം കോടി തങ്ങളുടെ പേരിലാക്കിയ രാമായണ ബോളിവുഡിലെ അടുത്ത രണ്ടായിരം കോടിയായി മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഓവര്‍സീസ്, നോര്‍ത്ത് ഇന്ത്യ, ആന്ധ്ര/ തെലങ്കാന, കര്‍ണാടക എന്നീ റീജിയണുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ്. എന്നാല്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നത് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്.

ഹിന്ദി സിനിമകള്‍ക്ക് വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാത്ത റീജിയണുകളാണ് ഇവ രണ്ടും. ദീപാവലി റിലീസായെത്തിയ സീനിനായിരുന്നു പ്രാധാന്യം നല്‍കിയത്. എന്നാല്‍ സീനിന്റെ കുതിപ്പിനിടയിലും ഗംഭീര മുന്നേറ്റമാണ് രാമായണ നടത്തുന്നത്. കേരളത്തില്‍ ആദ്യ ആഴ്ചയില്‍ തന്നെ സീനിനെ മറികടക്കാന്‍ രാമായണക്ക് സാധിച്ചിരിക്കുകയാണ്.

ആദ്യദിനം വെറും മൂന്ന് കോടി മാത്രം നേടിയ രാമായണ പത്താം ദിവസം റെക്കോഡ് കളക്ഷനാണ് നേടിയത്. ശനിയാഴ്ചത്തെ ട്രാക്കഡ് കളക്ഷന്‍ മാത്രം ആറ് കോടിക്ക് മുകളിലാണ്. ഒരു ഹിന്ദി സിനിമയുടെ ഏറ്റവുമുയര്‍ന്ന സിംഗിള്‍ ഡേ കളക്ഷനുകളിലൊന്നാണിത്. 11ാം ദിവസമായ ഇന്നും അഞ്ച് കോടിക്ക് മുകളില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയിട്ടുണ്ട്.

ഏഴ് കോടി കളക്ഷന്‍ ഇന്ന് നേടുമെന്നാണ് കണക്കുകൂട്ടല്‍. പത്ത് ദിവസം കൊണ്ട് 39 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഇന്നത്തോടെ 40 കോടി എന്ന നാഴികക്കല്ല് പിന്നിടുമെന്നും ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നു. അടുത്ത ആഴ്ചയോടെ കേരള ബോക്‌സ് ഓഫീസില്‍ 50 കോടി നേടാനുള്ള സാധ്യതയും രാമായണക്ക് മുന്നിലുണ്ട്.

കേരളത്തില്‍ നിന്ന് 50 കോടി നേടുന്ന ആദ്യ ബോളിവുഡ് താരമെന്ന നേട്ടം രണ്‍ബീര്‍ രാമായണിയിലൂടെ സ്വന്തമാക്കാനുള്ള സാധ്യതകളുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായ മമ്മൂട്ടിക്ക് ഇതുവരെയില്ലാത്ത നേട്ടം രണ്‍ബീര്‍ സ്വന്തമാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 2028ല്‍ പുറത്തിറങ്ങുന്ന രാമായണയുടെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ ഏത് ലെവല്‍ അടിയായിരിക്കും അടിക്കുക എന്നത് പ്രവചിക്കാന്‍ കഴിയില്ലെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Ramayana collected six crores from Kerala on 10th day