നവംബര്‍ മാസം സിനിമാപ്രേമികളെ സംബന്ധിച്ച് വിഷ്വല്‍ ട്രീറ്റുകളുടെ നീണ്ടനിരയാണ്. രാമായണയും സീനും തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുമ്പോള്‍ റിലീസിന് തയാറെടുക്കുന്ന സിനിമകളും പ്രതീക്ഷ നല്‍കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച സിനിമകള്‍ നവംബറിന്റെ രണ്ടാം പകുതിയില്‍ തിയേറ്ററുകളിലെത്തും.

അത്തരത്തില്‍ ഈ മാസം ഏറെ പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് കോസ്മിക് സാംസണ്‍. സന്ദീപ് പ്രദീപിനെ നായകനാക്കി നവാഗതനായ അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 27നാണ് തിയേറ്ററുകളിലെത്തുക. പുറത്തുവന്ന അപ്‌ഡേറ്റുകളിലെല്ലാം സൂപ്പര്‍ഹീറോ ഴോണറിലുള്ള ചിത്രമാണ് കോസ്മിക് സാംസണ്‍ എന്നാണ് സൂചന.

പാന്‍ ഇന്ത്യന്‍ റിലീസിനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതയിടുന്നത്. കേരളത്തിന് പുറത്ത് ഗ്രാന്‍ഡ് റിലീസാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്യുന്നത്. കേരളത്തിന് പുറത്ത് വമ്പന്‍ ടീമുകളാണ് കോസ്മിക് സാംസണിന്റെ വിതരണക്കാര്‍. ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സാണ് നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ധര്‍മ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കോസ്മിക് സാംസണ്‍. ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ചത്താ പച്ചയുടെ നോര്‍ത്ത് ഇന്ത്യന്‍ വിതരണം കരണ്‍ ജോഹറായിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമയും കൂടി കരണ്‍ ഏറ്റെടുത്തതോടെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.

മലയാളം പോലെ ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സിനിമകളെ സമീപകാലത്ത് ബോളിവുഡിലെ വമ്പന്മാര്‍ ഏറ്റെടുക്കുകയാണ്. പനോരമ, ധര്‍മ പ്രൊഡക്ഷന്‍സ് പോലുള്ള പ്രൊഡക്ഷന്‍ ഹൗസുകള്‍ മലയാള സിനിമകളുടെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നത് സിനിമാപ്രേമികള്‍ക്കും സന്തോഷം നല്‍കുന്നുണ്ട്. കണ്ടന്റുകള്‍ക്ക് പ്രാധാന്യമുള്ള ഇത്തരം ചെറിയ സിനിമകള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

എക്കോയ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രമാണ് കോസ്മിക് സാംസണ്‍. ചിത്രത്തിന്റെ മറ്റ് വിതരണക്കാരും വമ്പന്മാരാണ്. കര്‍ണാടകയില്‍ കെ.വി.എന്‍ പ്രൊഡക്ഷന്‍സും ആന്ധ്ര/ തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എ.പി.ഇന്റര്‍നാഷണല്‍സുമാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. മിന്നല്‍ മുരളിയുടെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് കോസ്മിക് സാംസണ്‍ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Karan Johar acquires North Indian distribution rights of Cosmic Samson movie