മാര്‍വല്‍ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടേത്. എന്‍ഡ് ഗെയിമിന് ശേഷം മാര്‍വല്‍ ഒരുക്കുന്ന തങ്ങളുടെ ബ്രഹ്‌മാസ്ത്രം ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നേടാന്‍ പോകുന്ന കളക്ഷന്‍ പ്രവചനാതീതമാണ്. വരുന്ന ഓരോ അപ്‌ഡേറ്റുകളിലും ഹൈപ്പ് ഉയര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്.
ഡിസംബര്‍ 18ന് ഗ്ലോബല്‍ റിലീസ് നടത്തുന്ന ചിത്രം ഒരുദിവസം മുന്നേ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ ആദ്യദിനം 100 കോടി നേടുന്നത് ഡൂംസ്‌ഡേയിലൂടെയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇപ്പോഴിതാ കേരളത്തിലെ മാര്‍വല്‍ ആരാധകര്‍ക്ക് ഡബിള്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

റിലീസിന് ഒരുമാസം മുന്നേ ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് ആദ്യത്തെ വാര്‍ത്ത. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രാമായണ പോലും രണ്ടാഴ്ച മുന്നേയാണ് ബുക്കിങ് ആരംഭിച്ചത്. ഒരു മാസം മുന്നേയുള്ള ബുക്കിങ് ചിത്രത്തിന്റെ പ്രീ സെയിലിന് വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്. ഇന്ത്യയിലെ ആദ്യ ഷോയും കേരളത്തിലാണ് ആരംഭിക്കുക.
ഡിസംബര്‍ 17 അര്‍ധരാത്രി 12.01നാണ് ചിത്രത്തിന്റെ ആദ്യ ഷോ. ഇതാദ്യമായാണ് ഒരു ഹോളിവുഡ് ചിത്രത്തിന് കേരളത്തില്‍ മിഡ്‌നൈറ്റ് ഫാന്‍സ് ഷോ ഒരുങ്ങുന്നത്. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകള്‍ ഡൂംസ്‌ഡേയെ വരവേല്ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം ഏരീസ് പ്ലെക്‌സ് പോലുളള വമ്പന്‍ സ്‌ക്രീനുകളിലാണ് ആദ്യ ഷോ. മരക്കാറിന് ശേഷം അര്‍ധരാത്രി 12 മണിക്ക് ഷോ നടത്തുന്ന ചിത്രം കൂടിയാണ് ഡൂംസ്‌ഡേ.

വമ്പന്‍ സ്‌ക്രീനുകളിലെത്തുന്ന ചിത്രം കേരളത്തില്‍ റെക്കോഡ് ഓപ്പണിങ് നേടുമെന്നാണ് കണക്കുകൂട്ടലുകള്‍. ഗ്രാന്‍ഡ് റിലീസാണെങ്കില്‍ കേരളത്തില്‍ ഡബിള്‍ ഡിജിറ്റ് ഫസ്റ്റ് ഡേ കളക്ഷന്‍ മാര്‍വല്‍ സ്വന്തമാക്കുമെന്നും ട്രാക്കര്‍മാര്‍ പ്രവചിക്കുന്നു. വമ്പന്‍ സിനിമകളുടെ റിലീസ് ഡൂംസ്‌ഡേയെ ബാധിച്ചില്ലെങ്കില്‍ കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ദീപാവലി റിലീസായെത്തിയ രാമായണ കേരളത്തില്‍ നിന്ന് 50 കോടി എന്ന നാഴികക്കല്ല് താണ്ടാന്‍ പോവുകയാണ്. രാമായണയുടെ ഓളം അടങ്ങുന്നതിന് മുന്നേ ഡൂംസ്‌ഡേയും കേരള ബോക്‌സ് ഓഫീസിന് റീത്ത് വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. റൂസോ ബ്രദേഴ്‌സിലുള്ള വിശ്വാസവും മാര്‍വലിന്റെ വിശ്വരൂപം കാണാനുള്ള ആഗ്രഹവും കൊണ്ട് പലരും അര്‍ധരാത്രിയിലെ ഷോ മിസ് ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

മള്‍ട്ടിവേഴ്‌സ് സാഗയുടെ അവസാനവും പുതിയ സാഗയുടെ തുടക്കവും ഡൂംസ്‌ഡേയിലൂടെയാകുമെന്നാണ് ഫാന്‍ തിയറികള്‍. എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍, വക്കാന്‍ഡിയന്‍സ്, തണ്ടര്‍ബോള്‍ട്ട്‌സ് എന്നിവര്‍ക്കൊപ്പം ലോക്കിയും തോറും ക്യാപ്റ്റനും ഒന്നിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന ആര്‍.ഡി.ജെയുടെ ഡൂമിനെ തോല്പിക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
Content Highlight: Avengers Doomsday first show will start in Kerala on 12 am
