മനാമ: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ.ആര്‍.ജി.സി) ചേര്‍ന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിച്ചെന്ന കേസില്‍ ബഹ്റൈനില്‍ 64 പേര്‍ക്ക് ജീവപര്യന്തം തടവ്. മറ്റ് അഞ്ച് പേര്‍ക്ക് 15 വര്‍ഷം തടവും വിധിച്ചു.

ശിക്ഷിക്കപ്പെട്ടവരില്‍ 60 പേരും ശിയാ മുസ്‌ലിം പുരോഹിതന്മാരാണെന്ന് മനുഷ്യാവകാശ സംഘടനയായ ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഡെമോക്രസി (ബി.ഐ.ആര്‍.ഡി) അറിയിച്ചു.

ഇന്നലെ (തിങ്കളാഴ്ച)യാണ് ബഹ്റൈന്‍ പ്രോസിക്യൂഷന്‍ ശിക്ഷാവിവരം പുറത്തുവിട്ടത്. ജൂലൈ അഞ്ചിന് ആരംഭിച്ച വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചതെന്ന് ബി.ഐ.ആര്‍.ഡി വ്യക്തമാക്കി.

അറസ്റ്റിലായത് പുരോഹിതന്മാരും മതപ്രവര്‍ത്തകരും

തിങ്കളാഴ്ച ശിക്ഷിക്കപ്പെട്ടവരില്‍ 56 പേര്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ അറസ്റ്റിലായവരാണ്.

ദുറാസിലെ ഇമാം അല്‍ സാദിഖ് ഗ്രാന്‍ഡ് മോസ്‌കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ശെയ്ഖ്  മുഹമ്മദ് സന്‍ഖൂര്‍, ശെയ്ഖ് അലി അല്‍ സദാദി, റാസ് റമ്മാനിലെ ഗ്രാന്‍ഡ് മോസ്‌കിലെ ഇമാമായിരുന്ന സയ്യിദ് മൂസ അല്‍ അല്‍വദായി എന്നിവരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ബഹ്റൈനിലെ ശിയാ സമൂഹത്തിന്റെ ആത്മീയ നേതാവായി കണക്കാക്കപ്പെടുന്ന ശെയ്ഖ് ഈസ ഖാസിം ഉള്‍പ്പെടെ 13 പേരെ അവരുടെ അസാന്നിധ്യത്തിലാണ് വിചാരണ ചെയ്തത്. ഇവരില്‍ ഭൂരിഭാഗവും ഇറാനിലാണെന്നാണ് ബഹ്റൈന്‍ അധികൃതരുടെ വിശദീകരണം.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് ഐ.ആര്‍.ജി.സി.യുമായി ബന്ധമുള്ള ഒരു തീവ്രവാദ സംഘടന രൂപീകരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഇറാന്റെ പരമോന്നത നേതാവിനോടുള്ള കൂറ് വളര്‍ത്തുന്നതിനായി അനുമതിയില്ലാതെ പണം സമാഹരിച്ചെന്നും ഇതിനായി പള്ളികള്‍, മതപ്രഭാഷണങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവ ഉപയോഗിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

ചില പ്രതികള്‍ക്ക് ഒരു ലക്ഷം ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 2.65 ലക്ഷം ഡോളര്‍) വരെ പിഴയും കോടതി വിധിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന എട്ട് ദശലക്ഷത്തിലധികം ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 2.1 കോടി ഡോളര്‍) കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

പ്രമുഖ ശിയാ മതനേതാവിനും ജീവപര്യന്തം

ബഹ്റൈനിലെ ശിയാ സമൂഹത്തിന്റെ ആത്മീയ നേതാവായി കണക്കാക്കപ്പെടുന്ന ശെയ്ഖ് ഇസ ഖാസിമിനും ജീവപര്യന്തം തടവ് വിധിച്ചതായി ബി.ഐ.ആര്‍.ഡി അറിയിച്ചു. 2018 മുതല്‍ ഇറാനില്‍ താമസിക്കുന്ന ഖാസിം വിചാരണ വേളയില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഖാസിമിനെതിരായ നടപടി പ്രതികാരപരമാണെന്ന് ബി.ഐ.ആര്‍.ഡിയുടെ അഭിഭാഷക ഡയറക്ടര്‍ സയ്യിദ് അഹമ്മദ് അല്‍വാദെയ് പ്രതികരിച്ചു.

‘എണ്‍പതുകളുടെ അവസാനത്തോട് അടുത്ത ഒരാളെ ശിക്ഷിക്കുന്നതിലൂടെ പ്രായോഗികമായി എന്ത് ഫലമാണ് ഉണ്ടാകുകയെന്ന് അറിയാം. ഇത് പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല,’ അദ്ദേഹം പറഞ്ഞു.

വിഭാഗീയത വളര്‍ത്തുന്നു, വിദേശ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു, രാജ്യത്തോടുള്ള വിശ്വസ്തത ദുര്‍ബലപ്പെടുത്തുന്നു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് 2016ല്‍ ബഹ്റൈന്‍ ഖാസിമിന്റെ പൗരത്വം റദ്ദാക്കിയിരുന്നു. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങളുണ്ടായി. മനുഷ്യാവകാശ സംഘടനകളും ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

ശിയാ മുസ്‌ലിം ഭൂരിപക്ഷമായ ബഹ്റൈന്‍ ഭരിക്കുന്നത് സുന്നി മുസ്‌ലിം രാജകുടുംബമാണ്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവും ബഹ്റൈനിലാണ്. ഇറാന്റെ സ്വാധീനത്തെക്കുറിച്ച് രാജ്യം ഏറെക്കാലമായി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍ ബഹ്റൈനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണം ഇറാന്‍ നേരത്തെയും നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തിനിടെ ഇറാന്‍ ബഹ്റൈനിലേക്ക് ആക്രമണങ്ങള്‍ ആരംഭിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് ശിയാ പുരോഹിതര്‍ക്കെതിരെ ബഹ്റൈന്‍ നടപടികള്‍ ശക്തമാക്കിയത്.

മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 50ലധികം പുരോഹിതരെയും മതപ്രഭാഷകരെയും അധികൃതര്‍ അറസ്റ്റ് ചെയ്തതായി റോയിട്ടേഴ്സ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐ.ആര്‍.ജി.സിയുടെ സഹായത്തോടെ രാജ്യത്ത് കലാപം സൃഷ്ടിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ശ്രമിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.

‘ബഹ്റൈന്റെ പരമാധികാരത്തേക്കാള്‍ ഇറാന്‍ നേതൃത്വത്തോടുള്ള കൂറിന് പ്രാധാന്യം നല്‍കുന്ന ഒരു പ്രത്യയശാസ്ത്രത്തെയാണ് നമ്മള്‍ നേരിടുന്നത്,’ എന്നാണ് ബഹ്റൈന്‍ പൊതു സുരക്ഷാ ഏജന്‍സി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സന്‍ അടുത്തിടെ പറഞ്ഞത്.

വിചാരണ നടപടിയെ ചോദ്യം ചെയ്ത് മനുഷ്യാവകാശ സംഘടനകള്‍

അതേസമയം പുതിയ കോടതി വിധിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പീഡനം, നിര്‍ബന്ധിത കുറ്റസമ്മതം, തെളിവുകള്‍ പരിശോധിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ബി.ഐ.ആര്‍.ഡി വിചാരണയെ വിമര്‍ശിച്ചത്. അഭിഭാഷകരുടെ സാന്നിധ്യമില്ലാതെ പ്രതികളെ ചോദ്യം ചെയ്‌തെന്നും വായിച്ചുനോക്കാത്ത പ്രസ്താവനകളില്‍ ഒപ്പിടാന്‍ സമ്മര്‍ദം ചെലുത്തിയെന്നും സംഘടന ആരോപിച്ചു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്നിവയുള്‍പ്പെടെ 20 മനുഷ്യാവകാശ സംഘടനകള്‍ നേരത്തെയും ഈ കേസിലെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. പീഡനം, രഹസ്യ തടങ്കല്‍, തെളിവുകള്‍ പരിശോധിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നായിരുന്നു സംഘടന ചൂണ്ടിക്കാട്ടിയത്.

‘ പ്രോസിക്യൂഷന്‍ മതനേതാക്കളെ അവരുടെ വിശ്വാസി സമൂഹങ്ങളില്‍നിന്ന് അകറ്റുകയും അവരുടെ കുടുംബങ്ങളെ ഭീഷണിയുടെയും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നടുവിലാക്കുകയും ചെയ്തു,’ അല്‍വാദെയ് പറഞ്ഞു.

എന്നാല്‍, പ്രതികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ചാണ് വിചാരണ നടത്തിയതെന്നാണ് ബഹ്റൈന്‍ പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ക്ക് അഭിഭാഷകരുടെ സഹായം ലഭിച്ചിരുന്നുവെന്നും തെളിവുകള്‍ പരിശോധിക്കാനും സാക്ഷികളെ ചോദ്യം ചെയ്യാനും അവസരം നല്‍കിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

Content Highlight: Bahrain court sentences dozens of Shia Muslims to life in prison