കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരറാണിയായി മാറിയ നടിയാണ് നയന്‍താര. മലയാളത്തിലൂടെ കരിയറാരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡ് വരെ തന്റെ സാന്നിധ്യമറിയിക്കാന്‍ നയന്‍താരക്ക് സാധിച്ചു. ഒറ്റക്ക് ഒരു സിനിമ ചുമലിലേറ്റി ഹിറ്റാക്കാനുള്ള കഴിവ് ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ടാഗ്ലൈനും താരത്തിന് സമ്മാനിച്ചു.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി താരം ഭാഗമായ സിനിമകള്‍ പലതും ബോക്സ് ഓഫീസില്‍ പച്ചപിടിക്കാതെ പോവുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മൂക്കുത്തി അമ്മന്‍ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. 100 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം വെറും 20 കോടിയാണ് ഇതുവരെ നേടിയത്.

നയന്‍താര, മൂക്കുത്തി അമ്മന്‍ 2 Photo: IMDb
നയന്‍താര അവസാനമായി ചെയ്ത 10 സിനിമകളില്‍ എട്ടും ഫ്ളോപ്പാണ്. ഷാരൂഖ് ഖാനൊപ്പമുള്ള ജവാന്, ചിരഞ്ജീവി നായകനായ മന ശങ്കര വരപ്രസാദഗാരു എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഹിറ്റ്. ജവാന് മുമ്പ് നയന്‍താരയുടെ ഹിറ്റെന്ന് പറയാനുള്ള ചിത്രം വിജയ് സേതുപതിക്കൊപ്പമുള്ള കാത്തുവാക്കുല രണ്ട് കാതലാണ്.
തുടര്‍ന്ന് താരത്തിന്റേതായി പുറത്തിറങ്ങിയ ഗോഡ്ഫാദര് (തെലുങ്ക്), കണക്ട് (തമിഴ്), ഗോള്‍ഡ് (മലയാളം), ഇരൈവന്‍ (തമിഴ്), അന്നപൂര്‍ണി (തമിഴ്), പേട്രിയറ്റ് (മലയാളം), ടോക്സിക് ( കന്നഡ), ഹായ് (തമിഴ്) എന്നീ ചിത്രങ്ങള്‍ വന്‍ പരാജയമായി മാറി. ഒ.ടി.ടി റിലീസായെത്തിയ ടെസ്റ്റും മോശം അഭിപ്രായമാണ് സ്വന്തമാക്കിയത്. ഈ ലിസ്റ്റില്‍ ടോക്സിക്, പേട്രിയറ്റ് എന്നീ ചിത്രങ്ങള്‍ അതാത് ഇന്ഡസ്ട്രികളിലെ ഏറ്റവും വലിയ പരാജയങ്ങളാണ്.

നിര്‍മാതാവായി വേഷമിട്ട ലവ് ഇന്‍ഷുറന്‍സ് കമ്പനിയും ബജറ്റ് തിരിച്ചുപിടിക്കാനാകാതെയാണ് കളംവിട്ടത്. ഉയര്‍ന്ന പ്രതിഫലവും ഒരുപാട് നിബന്ധനകളും മുന്നോട്ട് വെക്കുന്ന നയന്‍താര തന്റെ സിനിമകളുടെ പ്രൊമോഷന് പങ്കെടുക്കാത്തതും വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. ടോക്സിക്കിന്റെ പ്രീ റിലീസ് ഇവന്റിലും ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഡിയോ ലോഞ്ചിലും താരം സാന്നിധ്യമറിയിച്ചിരുന്നു.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗ്ലൈനിന് ചേരുന്ന ബോക്സ് ഓഫീസ് പ്രകടനമല്ല നയന്‍താരയുടേതെന്നും വിമര്‍ശനങ്ങളുണ്ട്. നിലവില്‍ മൂന്ന് സിനിമകളാണ് താരം ചെയ്തുകൊണ്ടിരിക്കുന്നത്. സല്മാന് ഖാന്- വംശി പൈദിപ്പള്ളി കോമ്പോയിലൊരുങ്ങുന്ന എസ്.വി.സി 63, സെന്തില്‍ നല്ലസാമിയുടെ രാക്കായി എന്നിവക്കൊപ്പം രജിനികാന്തിന്റെ ധര്മനിലും നയന്‍താര ഭാഗമാണ്.
Content Highlight: Eight out of 10 films of Nayanthara became flop in Box Office
