വ്യത്യസ്തമായതും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങളെ ദീർഘകാലം അവതരിപ്പിച്ച് സിനിമാമേഖലയിൽ തുടരാനാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് നടി ശോഭിത ധൂലിപാല. തനിക്ക് എപ്പോഴും ഒരു കുടുംബം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും കുടുംബ ജീവിതത്തെക്കുറിച്ചുള്ള പദ്ധതികളെക്കുറിച്ചും ശോഭിത ധൂലിപാല ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
‘തങ്ങളുടെതായ നിബന്ധനകളിലും രീതികളിലും ജീവിക്കുന്ന, ഒരൊറ്റ ചട്ടക്കൂടിൽ ഒതുങ്ങാതെ, വൈവിധ്യമാർന്നതും സങ്കീർണ്ണവുമായ ജീവിതസാഹചര്യങ്ങളുള്ള സ്ത്രീകളെ അവതരിപ്പിക്കാനാണ് ആഗ്രഹം. ഒരേ വേഷങ്ങൾ ചെയ്യാതെ സ്വന്തമായി വ്യക്തിത്വമുള്ള സ്വയം തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ ദീർഘകാലം അവതരിപ്പിച്ച് അഭിനയരംഗത്ത് തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്’, നടി പറഞ്ഞു.
തന്റെ മാതാപിതാക്കളുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അവർ ചിലപ്പോഴൊക്കെ തന്നെ ട്രോളുന്നവരാണെന്നും അങ്ങനെയാണെങ്കിൽ കൂടി അവർ യഥാർത്ഥ മനുഷ്യരാണ് എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ താൻ എപ്പോഴും മനസിൽ കാണുന്നത് അതുപോലെയുള്ളൊരു ചിത്രമാണ് അതായത് അതുപോലെയുള്ളൊരു ജീവിതമാണെന്നും ശോഭിത പറഞ്ഞു.

ശോഭിത ധൂലിപാല.Photo. Screen Grab/Facebook.com
‘എനിക്ക് കുട്ടികളെ ഇഷ്ടമാണ്. എനിക്കൊരു കുടുംബം വേണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ എനിക്ക് കൂടുതലായി ഊന്നിപ്പറയാൻ പറ്റുന്ന കാര്യമല്ല ഇതെന്ന് എനിക്കറിയാം. കാരണം ഇത്തരം കാര്യങ്ങൾ സംഭവിക്കേണ്ട സമയത്ത് സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യത്തിന് അമിതമായ പ്രാധാന്യം നൽകുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ വിചാരിക്കുന്നു,’ താരം വ്യക്തമാക്കി.
ഒരു നടനുമായി ഒരിക്കലും പ്രണയബന്ധത്തിലേർപ്പെടില്ലെന്ന് താൻ കർശനമായി തീരുമാനിച്ചിരുന്നുവെങ്കിലും, വിവാഹം കഴിക്കുന്നതിനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ കാലക്രമേണ മാറുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ആ കാഴ്ചപ്പാടുകളെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ കാര്യങ്ങളെ നോക്കി കാണുന്ന രീതിയിലും വിലയിരുത്തുന്ന രീതിയിലും താൻ കുറച്ച് ധൃതി കാണിച്ചിട്ടുണ്ടാകാമെന്നാണ് ശോഭിത പറയുന്നത്. കുടുംബജീവിതത്തോടൊപ്പം തന്നെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ, തന്റെയുള്ളിലുള്ള സ്പാർക്ക് ഇനിയും വളരെക്കാലത്തേക്ക് അണയാതെ തെളിഞ്ഞ് നിലനിൽക്കുമെന്നാണ് താൻ കരുതുന്നതെന്നും നടി വ്യക്തമാക്കി.
പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വെട്ടുവം എന്ന തമിഴ് പാൻ- ഇന്ത്യൻ ആക്ഷൻ- ഡ്രാമ ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ആര്യയാണ് നായകവേഷത്തിലെത്തുന്നത്. വൻ മുതൽമുടക്കിൽ മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം 2027 ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്.
Content Highlight: Sobhita Dhulipala said she wanted to have a family while continuing to play female characters in films for the long term.
