ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങൾക്കൊന്നും ഒരു അവസരവും നൽകാതെ ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുതാരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റിൽ പല താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. റൊണാൾഡോയാണോ മെസിയാണോ മികച്ച താരമെന്നതിന് ജർമൻ ഇതിഹാസം തോമസ് മുള്ളർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റൊണാൾഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് എക്കാലത്തെയും മികച്ച താരമായി മുള്ളർ തെരഞ്ഞെടുത്തത്.

അർജന്റൈൻ നായകന്റെ പ്രകടന മികവ് കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്ന തരത്തിലാണെന്നും ഗോളുകൾ നേടാനും റെക്കോഡുകൾ സ്വന്തമാക്കാൻ അനായാസം സാധിക്കുമെന്നുമാണ് മുള്ളർ പറഞ്ഞത്. ഡി.എ.ഇസെഡ്.എന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു മുള്ളർ മെസിയെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘എന്റെ അഭിപ്രായത്തിൽ ലയണൽ മെസിയാണ് ഗോട്ട്. കാരണം അദ്ദേഹത്തിന്റെ പ്രകടനം ആളുകളെ സ്റ്റേഡിയത്തിലേക്ക് മത്സരം കാണാൻ കൊണ്ടെത്തിക്കുന്ന തരത്തിലാണ്. അദ്ദേഹത്തിന് അനായസം ഗോളുകൾ നേടാനും റെക്കോഡുകളും ട്രോഫികളും തന്റെ പേരിലാക്കാനും സാധിക്കും. ക്രിസ്റ്റ്യാനോയും ടൈറ്റിലുകളുടെയും സ്റ്റാറ്റ്‌സിന്റെയും കാര്യത്തിൽ ശക്തനായ മത്സരാർത്ഥിയാണ്. എന്നാൽ കൂടുതൽ ഗംഭീരമായ പ്രകടനം മെസിയുടേതാണ്,’ മുള്ളർ പറഞ്ഞു.

മെസി അടുത്തിടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസി അർജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചിരുന്നത്. മത്സരത്തിൽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയർവെൽ മത്സരം ഗംഭീരമാക്കിയത്.

ക്ലബ്ബ് തലത്തിലും ഇതിഹാസ കരിയറാണ് മെസി പടുത്തുയർത്തിയത്. ബാഴ്‌സലോണയിൽ കളിച്ചാണ് മെസി ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്. 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്.

2021ലാണ് മെസി 21 വർഷത്തെ തന്റെ ബാഴ്സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. ബാഴ്സയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയിൽ നിന്നും 2023ൽ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്കും താരം കൂടുമാറി.

 

Content Highlight: Thomas Muller talks about Lionel Messi