മനില: ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന 49-ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം.
ട്രംപിന് ഫിലിപ്പീനിസിലേക്ക് സ്വാഗതമില്ല എന്ന മുദ്രാവാക്യത്തോടെ ‘ട്രംപ് ഔട്ട് നൗ’ എന്നെഴുതിയ ബാനറുകൾ പിടിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
വിദ്യാർത്ഥികൾ, തൊഴിലാളികൾ, ഇടതുപക്ഷ സംഘടനകൾ എന്നിവരുൾപ്പെടെ നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധിച്ചത്.
അമേരിക്കൻ ജനത പൂർണമായും തള്ളിക്കളഞ്ഞ ഒരാൾക്ക് ഫിലിപ്പൈൻ സർക്കാർ സ്വീകരണം നൽകുന്നത് തികച്ചും ഭ്രാന്തമായ നടപടിയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബയാൻ സംഘടനയുടെ നേതാവ് റെനാറ്റോ റെയ്സ് പറഞ്ഞു.
‘ഡൊണാൾഡ് ട്രംപിന് ഫിലിപ്പിനിലേക്ക് സ്വാഗതമില്ല. അമേരിക്കൻ ജനത പൂർണമായും തള്ളിക്കളഞ്ഞ ഒരാൾക്ക് നമ്മുടെ സർക്കാർ ഇത്രയും വലിയ സ്വീകരണം നൽകുന്നത് തികച്ചും ഭ്രാന്തമായ നടപടിയാണ്.’ അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ ട്രംപ് തുടങ്ങിവെച്ച യുദ്ധത്തിൽ ഫിലിപ്പൈൻ ജനതയ്ക്ക് കടുത്ത അമർഷമുണ്ടെന്നും ആഗോള വ്യവസ്ഥയെ തകർക്കുന്ന യുദ്ധമാണ് ട്രംപ് തുടങ്ങിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ഫിലിപ്പീനിസിലെ ഇന്ധന പ്രതിസന്ധി ഉയർത്തിയെന്നും തങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളാണ് ഉണ്ടാക്കിയതെന്നും റെനാറ്റോ റെയ്സ് പറഞ്ഞു.
‘ട്രംപ് അമേരിക്കൻ ജനതയോട് മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളോടും മറുപടി പറയേണ്ടി വരും. ട്രംപ് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അദ്ദേഹം വലിയ വില നൽകേണ്ടി വരും.’ അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുക, അമേരിക്കയുടെ നേതൃത്വത്തിലുള്ള പാക്സ് സിലിക്ക പദ്ധതി നിർത്തലാക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.
മനിലയിലെ ലിവസാംഗ് ബോണിഫാസിയോ പാർക്കിൽ നിന്നും സുകാട്ടിൽ നിന്നും ഉച്ചകോടി നടക്കുന്ന വേദിവരെയായിരുന്നു പ്രതിഷേധം നടത്താനുദേശിച്ചത്. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തു. 200ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlight: ‘Trump Out Now’: Protests against Trump in the Philippines ahead of the ASEAN summit
