ടെല്‍അവീവ്: സയണിസം അതിന്റെ അന്ത്യത്തിലെത്തിയിരിക്കുകയാണെന്ന് ഇസ്രഈല്‍ സാമൂഹിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഓസ് അല്‍മോഗ്. ലിബറല്‍ ചിന്താഗതിക്കാരായ ഇസ്രഈലികള്‍ എത്രയും പെട്ടെന്ന് രാജ്യം വിട്ട് പോവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എ മിസ്സിങ് കണ്ട്രി: ഈസ് ഇറ്റ് ടൈം ടു ലീവ് ഇസ്രഈല്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് അല്‍മോഗ് തന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുസ്കത്തിന്റെ തലക്കെട്ടിന് ആദ്യ അധ്യായത്തില്‍ തന്നെ അദ്ദേഹം അതെയെന്ന് ഉത്തരം നല്‍കുന്നുണ്ട്.
പരമ്പരാഗത സയണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍, ഇസ്രഈലിലേക്കുള്ള കുടിയേറ്റത്തെ ‘അലിയ’ (ഉയര്‍ച്ച) എന്നും, രാജ്യം വിട്ടുപോകുന്നതിനെ ‘യെരിദ’ (പതനം അഥവാ വഞ്ചന) എന്നുമാണ് വിശേഷിപ്പിക്കുന്നത്.
ഈ പവിത്രമായ വിശ്വാസത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട്, നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടുന്നത് ഒരു വഞ്ചനയല്ലെന്നും മറിച്ച് മൂല്യാധിഷ്ഠിതവും ധാര്‍മികവുമായ ഒരു രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം പറയുന്നു.
ഒരുകാലത്ത് സ്വതന്ത്രവും വിവേകപൂര്ണവുമായിരുന്ന ഇസ്രഈല്‍ ഇന്ന് യാഥാര്‍ത്ഥ്യത്തില്‍ നിലനില്‍ക്കുന്നില്ലെന്നും, അതൊരു ‘നഷ്ടപ്പെട്ട രാജ്യമായി’ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം പുസ്തകത്തില്‍ കുറിച്ചു.
ഇസ്രഈലി സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തിയിരുന്ന അടിസ്ഥാന സാമൂഹിക കരാര്‍ തകര്‍ന്നുവെന്നും തീവ്ര യാഥാസ്ഥിതിക ജൂത വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക ഒറ്റപ്പെടലും, സര്‍ക്കാര്‍ സഹായങ്ങളെ ആശ്രയിച്ചുള്ള ജീവിതവും, സൈനിക സേവനത്തില്‍ നിന്നുള്ള ഇളവുകളും മതേതര-ലിബറല്‍ വിഭാഗങ്ങള്‍ക്ക് മേല്‍ താങ്ങാനാവാത്ത നികുതി-സൈനിക ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്നും അല്‍മോഗ് പറയുന്നു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുമ്പോഴും, കേവലം ഒരു ഭരണമാറ്റം കൊണ്ടോ നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് നീക്കിയതുകൊണ്ടോ ഇസ്രഈലിനെ രക്ഷിക്കാനാവില്ലെന്ന് അല്‍മോഗ് ഉറപ്പിച്ചു പറയുന്നു. ഇസ്രഈലിലെ മതപരവും തീവ്രദേശീയവുമായ ധ്രുവീകരണം നെതന്യാഹുവിന് മുന്‍പേ തുടങ്ങിയതാണെന്നും, അദ്ദേഹം അതിനെ രാഷ്ട്രീയ ആയുധമാക്കി വളര്‍ത്തുക മാത്രമാണ് ചെയ്തതെന്നും അല്‍മോഗ് നിരീക്ഷിക്കുന്നു.
2023-ലെ ജുഡീഷ്യല്‍ പരിഷ്കരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പരാജയവും, ഒക്ടോബര്‍ 7 ആക്രമണവും തുടര്‍ന്നുണ്ടായ യുദ്ധവും ഇസ്രഈലി സമൂഹത്തിന്റെ ഉള്ളിലെ ജീര്‍ണതകളെ പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം പറയുന്നു.
ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ടെക് മേഖലയിലെ വിദഗ്ധര്‍ തുടങ്ങി ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ നിശ്ശബ്ദമായി രാജ്യം വിടുന്ന പ്രതിഭാ പലായനം ഇസ്രഈലിന്റെ സമ്പദ്വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഭാവിയെ തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
മുന്‍ ഇസ്രഈലി നാവികസേനാ കമാന്‍ഡര്‍ സീവ് അല്മോഗിന്റെ മകനാണ് ഓസ് അല്‍മോഗ്. പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ സാമൂഹിക ഘടനയെയും ‘സബ്ര’ സംസ്കാരത്തെയും കുറിച്ച് ആധികാരികമായി പഠിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം.
വിരമിച്ച ശേഷം താനും ഇസ്രഈല്‍ വിട്ട് ഗ്രീസിലെ ഏഥന്‍സില്‍ സ്ഥിരതാമസമാക്കുകയാണെന്ന് അല്‍മോഗ് വ്യക്തമാക്കി. ‘ഇതൊരു ഭീകരമായ മാനസിക പ്രതിസന്ധിയാണ്; സ്വന്തം ഭാഷയും വീടുമാണ് ഉപേക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Zionism is coming to an end; Israelis must leave the country: Jewish historian issues call
