തന്നിലെ പെര്‍ഫോമറെ സംശയിച്ചവര്‍ക്ക് നവംബറിന്റെ തുടക്കത്തില്‍ മറുപടി കൊടുത്ത നസ്‌ലെന്‍ അടുത്ത ഞെട്ടിക്കലിന് തയാറെടുക്കുകയാണ്. സാക്ഷാല്‍ അമല്‍ നീരദിന്റെ ഫ്രെയിമില്‍ താരം എങ്ങനെ തിളങ്ങുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഓണ്‍ലൈനില്‍ മുഴുവന്‍ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളാണ്.

കഴിഞ്ഞദിവസം പുറത്തുവന്ന ഇന്റര്‍വ്യൂവില്‍ സീനിനെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചുമെല്ലാം നസ്‌ലെന്‍ സംസാരിച്ചു. ചിത്രം വിജയിച്ചതിന്റെ സന്തോഷസൂചകമായി സൂര്യ തനിക്ക് വാച്ച് സമ്മാനിച്ചെന്നും താരം പറഞ്ഞു. സൂര്യ നല്‍കിയ വാച്ച് അഭിമുഖത്തില്‍ നസ്‌ലെന്‍ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ വാച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

നസ്‌ലെന്‍ Photo: Screen grab/ Mathrubhumi

ലോകോത്തര ബ്രാന്‍ഡായ കാര്‍ട്ടിയറിന്റെ ക്ലാസിക് മോഡലാണ് സൂര്യ നസ്‌ലെന് സമ്മാനിച്ചത്. ഒമ്പത് ലക്ഷമാണ് ഈ വാച്ചിന്റെ വില. ആദ്യ തമിഴ് സിനിമയില്‍ തന്നെ തന്റെയൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത നസ്‌ലെന് സൂര്യ നല്‍കിയ സമ്മാനം ഇതിനോടകം സിനിമാപ്രേമികള്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്. നസ്‌ലെന്റേത് നല്ല ‘ബെസ്റ്റ് ടൈമാണെന്ന്’ പലരും അഭിപ്രായപ്പെടുന്നു.

അജിത്തിന്റെ ചിത്രം വേണ്ടെന്ന് വെച്ച നസ്‌ലെനെ ആദ്യം പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തന്നിലെ നടനെ അടയാളപ്പെടുത്തുന്ന കഥാപത്രത്തിലൂടെ തമിഴില്‍ എന്‍ട്രി നടത്തിയതോടെ കുറ്റപ്പെടുത്തിയവര്‍ വരെ താരത്തിന് വേണ്ടി കൈയടിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത സ്റ്റാര്‍ഡം കൃത്യമായി ഉപയോഗിക്കാന്‍ നസ്‌ലെന് സാധിക്കുന്നുണ്ടെന്നാണ് കമന്റുകള്‍.

സൂര്യ,നസ്‌ലെന്‍ Photo: Pinterest

അതേസമയം തന്റെ സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സൂര്യ സമ്മാനം നല്‍കുന്നത് ഇതാദ്യമായിട്ടല്ല. ഈ വര്‍ഷം താരത്തിന്റെ ആദ്യചിത്രമായ കറുപ്പ് സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജി, സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍, എഡിറ്റര്‍ കലൈവാണന്‍, ഛായാഗ്രഹകന്‍ ജി.കെ വിഷ്ണു എന്നിവര്‍ക്ക് 30 ലക്ഷം വിലമതിക്കുന്ന മഹീന്ദ്രി ബി.ഇ 6 ബാറ്റ്മാന്‍ എഡിഷന്‍ കാര്‍ സമ്മാനിച്ചിരുന്നു.

നസ്‌ലെന് നല്‍കിയ സമ്മാനത്തെ സൂര്യയുടെ ഐക്കോണിക് കഥാപാത്രമായി ബന്ധപ്പെടുത്തിക്കൊണ്ടും ചില പോസ്റ്റുകളുണ്ട്. ‘റോളക്‌സിന്റെ വക ഈശ്വരന് കാര്‍ട്ടിയര്‍ വാച്ച്’ എന്നാണ് പല പോസ്റ്റുകളും. വിക്രത്തിലെ റോളക്‌സ് എന്ന കഥാപാത്രത്തെയാണ് പലരും ഇതില്‍ മെന്‍ഷന്‍ ചെയ്യുന്നത്. ചിത്രത്തിന്റെ മറ്റ് ക്രൂ മെമ്പര്‍മാര്‍ക്കും സൂര്യ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Social Media discussion on Suriya’s gift to Naslen after Scene movie success