2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 എന്ന ചിത്രത്തിന് ശേഷം 2026 വരെ ഏറ്റവും സങ്കടത്തോടെ കഴിഞ്ഞവരായിരുന്നു തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ആരാധകര്‍. മറ്റുള്ള താരങ്ങളുടെ ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ കൊണ്ടാടിയപ്പോള്‍ സൂര്യയുടെ വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രങ്ങളെല്ലാം നിരാശ പകരുകയായിരുന്നു. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ പലതും മികച്ച പ്രശംസ സ്വന്തമാക്കിയപ്പോള്‍ സൂര്യ എന്ന താരത്തെ തിയേറ്ററില്‍ ആഘോഷിക്കാനുള്ള അവസരം ലഭിക്കാതെ നിരാശയിലായിരുന്നു ആരാധകര്‍.

സൂര്യ. Photo: Scene Movie

കറുപ്പ് എന്ന ചിത്രത്തിലൂടെ തന്റെ തിയേറ്റര്‍ ശാപം അവസാനിപ്പിച്ചുകൊണ്ട് പതിന്മടങ്ങ് ശക്തിയോടെയാണ് ബോക്‌സ് ഓഫീസിലേക്ക് നടിപ്പിന്‍ നായകന്‍ സൂര്യ തിരിച്ചെത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി മാര്‍ക്ക് പിന്നിട്ട ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റോം-കോം ഴോണറിലൊരുക്കിയ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീനും തിയേറ്ററില്‍ നിന്നും വലിയ വിജയം സ്വന്തമാക്കിയതോടെ ഹാട്രിക്ക് വിജയമാണ് സൂര്യ സ്വന്തമാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ കൊവിഡിന് ശേഷം ഹാട്രിക്ക് വിജയം സ്വന്തമാക്കുന്ന സൗത്ത് ഇന്ത്യന്‍ അഭിനേതാക്കളുടെ കൂട്ടത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തിരിക്കുകയാണ് സൂര്യ. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍, തമിഴ് സൂപ്പര്‍ താരം വിജയ്, മലയാളികളുടെ പ്രിയപ്പെട്ട താരം അല്ലു അര്‍ജുന്‍ തുടങ്ങിയവരാണ് ഈ ലിസ്റ്റിലുള്ള മറ്റ് മൂന്ന് താരങ്ങള്‍.

Photo: X.com

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍, തരുണ്‍ മൂര്‍ത്തി സംവിധാനം തുടരും, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം തുടങ്ങിയവയായിരുന്നു മോഹന്‍ലാലിന്റെ തുടര്‍ച്ചയായി വലിയ വിജയം നേടിയ മൂന്ന് ചിത്രങ്ങള്‍. അതേസമയം വാരിസ്, ലിയോ, ഗോട്ട് തുടങ്ങിയ ചിത്രങ്ങളാണ് വിജയിക്ക് ഹാട്രിക്ക് നേട്ടം സമ്മാനിച്ചത്. സൂര്യയ്ക്ക് സമാനമായി വലിയൊരു തിരിച്ചുവരവായിരുന്നു അല്ലു അര്‍ജുനും നടത്തിയത്. അങ്ങ് വൈകുണ്ഠപുരത്ത് ഹിറ്റായപ്പോള്‍ പുഷ്പയിലൂടെയും പുഷ്പ 2ലൂടെയും പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡത്തിലേക്ക് അല്ലു ഉയരുകയായിരുന്നു.

Content Highlight: Suriya enters  list of south Indian actors with Hat trick hit after covid