ന്യൂദൽഹി: ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ധൈര്യ മുഖമാണ് ബിൽക്കീസ് ബാനുവെന്ന് ഓൾ ഇന്ത്യ സ്റ്റുഡൻറ് അസോസിയേഷന്റെ (ഐസ) നേതാവ് നേഹ ബോറ.

ബിൽക്കീസ് ബാനു നമുക്കെല്ലാവർക്കും ഉർജ്ജമാണെന്നും അവർക്ക് കൂടുതൽ കരുത്തുണ്ടാകട്ടെയെന്നും നേഹ ബോറ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനെതിരെ ബിൽക്കീസ് ബാനുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നേഹ ബോറയുടെ പ്രതികരണം.

View this post on Instagram

A post shared by Neha (@neowsibora)

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ താത്കാലികമായി നിർത്തിവെച്ച് ഇന്നലെയാണ് (തിങ്കളാഴ്ച) സുപ്രീം കോടതി രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

‘വേദനയുടെയും ഞെട്ടലിന്റെയും കണ്ണീരിലൂടെയാണ് ഈ വാക്കുകൾ ഞാൻ കുറിക്കുന്നത്. എന്റെ ഭാഗം കേൾക്കാതെ സുപ്രീം കോടതി വീണ്ടും ഒരു ഉത്തരവ് പുറപ്പെടുവിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല. പത്രവാർത്തകളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നീതി എന്റെ കൈകളിൽ നിന്നും വഴുതിപ്പോകുന്നു. പഴയ ഭീതികൾ വീണ്ടും വേട്ടയാടുന്നു. ഞാൻ ഭയപ്പെടുകയാണ്,’ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ബിൽക്കിസ് ബാനു പ്രതികരിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവ് ആവർത്തിച്ചുള്ള അനീതിയാണെന്ന് സി.പി.ഐ.എമ്മും അപലപിച്ചു.

കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ രണ്ടുപേർക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്ത സുപ്രീം കോടതിയുടെ ഉത്തരവ് ആവർത്തിച്ചുള്ള അനീതിയാണ്,’ സി.പി.ഐ.എം എക്സിലൂടെ പറഞ്ഞു.

Content Highlight: A courageous face in the fight against fascism; Neha Bora extends support to Bilkis Bano.