ദീപാവലി റിലീസുകളില്‍ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ 2. രാമായണ, സീന്‍ എന്നീ ചിത്രങ്ങളുമായി ക്ലാഷിനെത്തിയ മൂക്കുത്തി അമ്മനെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. ഔട്ട്‌ഡേറ്റഡായ തിരക്കഥയ്‌ക്കൊപ്പം കാര്‍ട്ടൂണുകളെ തോല്പിക്കുന്ന വി.എഫ്.എക്‌സും കൂടിയായപ്പോള്‍ പ്രേക്ഷകരെ മടുപ്പിച്ച സിനിമാനുഭവമായി മൂക്കുത്തി അമ്മന്‍ മാറി.

തമിഴ്‌നാട്ടില്‍ പകുതിയിലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത മൂക്കുത്തി അമ്മന്‍ 2 ആദ്യ ആഴ്ചയില്‍ തന്നെ പലയിടത്ത് നിന്നും വാഷൗട്ടായി. സീന്‍, രാമായണ എന്നീ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡുണ്ടെങ്കിലും മൂക്കുത്തി അമ്മന്റെ വിതരണക്കാരായ ഉദയനിധിയുടെ റെഡ് ജയന്റ്‌സ് കാരണം പല തിയേറ്ററുകളും പ്രതിസന്ധിയിലാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

100 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ വെറും 20 കോടി മാത്രമാണ് മൂക്കുത്തി അമ്മന് നേടാനായത്. ഭക്തി സിനിമകള്‍ക്ക് മാര്‍ക്കറ്റ് കിട്ടുന്നത് കണ്ട് ഒരുക്കിയ മൂക്കുത്തി അമ്മന്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണതാണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

സീനിനും രാമായണക്കും സെക്കന്‍ഡ് ക്വാളിറ്റി സ്‌ക്രീനുകള്‍ നല്‍കി പ്രധാന സ്‌ക്രീനുകള്‍ മൂക്കുത്തി അമ്മന് നല്‍കിയ ഉദയനിധിയുടെ നീക്കം തമിഴ് പേജുകളില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. രണ്ടാം വാരത്തില്‍ സീനും രാമായണയും കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ജന നായകന് ശേഷം ഈ വര്‍ഷം ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായ ചിത്രമായി മൂക്കുത്തി അമ്മന്‍ മാറി.

 

നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ മൂക്കുത്തി അമ്മന് വലിയ ഫാന്‍ബേസുണ്ട്. ചിത്രത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് മൂക്കുത്തി അമ്മന്‍ 2 ഒരുങ്ങിയത്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം ആദ്യഭാഗത്തിന്റെ വില കളഞ്ഞെന്നാണ് പലരുടെയും കമന്റുകള്‍.

സുന്ദര്‍ സി ഇതുവരെ ചെയ്ത ഹൊറര്‍ സിനിമകളുടെ അതേ ടെംപ്ലേറ്റിലേക്ക് മാര്‍വല്‍, ഡി.സി സിനിമകളിലെ സീനുകള്‍ ഒരു മടിയുമില്ലാതെ അടിച്ചുമാറ്റിയാണ് മൂക്കുത്തി അമ്മന്‍ 2 ഒരുക്കിയതെന്നാണ് പലരുടെയും കമന്റുകള്‍. ഒ.ടി.ടി റിലീസിന് ശേഷം മൂക്കുത്തി അമ്മന്‍ 2 എയറിലാകുമെന്നും പലരും അഭിപ്രായപ്പെടുന്നു. നയന്‍താര, ഉര്‍വശി എന്നിവര്‍ക്കൊപ്പം റജീന കസാന്ദ്ര, ദുനിയ വിജയ്, സ്‌നേഹ, ഖുശ്ബു എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Content Highlight: Mookuthi Amman 2 became a huge flop with just a collection of 20 crores