തൃശൂര്‍: ഇ20 വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ കുറ്റപ്പെടുത്തലും അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രിയും തൃശൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി. ചിലര്‍ ഇ20 യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ‘ഈ പൊട്ടന്മാര്‍ക്ക് അതിന്റെ സയന്‍സ് അറിയില്ല,’ എന്നും തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള ഏക പോംവഴി എഥനോള്‍ മിശ്രിതമാണെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. പെട്രോളിലെ എഥനോള്‍ അളവ് നിശ്ചിത പരിധിയായ 20 ശതമാനം കടക്കില്ലെന്നും, ഇ20 പെട്രോള്‍ ഉപയോഗിച്ചതുകൊണ്ട് വാഹനങ്ങള്‍ക്ക് തകരാറുണ്ടായതായി പരാതികളോ ഇന്‍ഷുറന്‍സ് ക്ലെയിമുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെടുന്നു.

‘ചില മഹാന്മാര്‍ കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്ന് അറിയില്ല. അങ്ങനെയെങ്കില്‍ സി.ബി.ഐ വരും, അപ്പോള്‍ സി.ബി.ഐക്കെ എതിരെ തിരിയും,’ എന്നും ഇ20 വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി പറഞ്ഞു.

കര്‍ണാടകയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമായി. ഇതിനിടെയാണ് ഈ വിഷയത്തില്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രിയായ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്ത് വരുന്നത്.

രാജ്യത്ത് അടുത്ത കാലത്തൊന്നും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ പറ്റുന്ന അവസ്ഥയല്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇപ്പോള്‍ ഇ20 വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെതിരെ കുറ്റപ്പെടുത്തലുമായെത്തുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില സമീപകാലത്ത് കുറയ്ക്കാന്‍ പറ്റുന്ന സ്ഥിതിയില്ലെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ചെന്നൈ മീനമ്പാക്കത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. എണ്ണക്കമ്പനികള്‍ക്ക് 42,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ വലിയ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Petroleum and Natural Gas MoS Suresh Gopi’s Response on E20 Issue