കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർത്ഥികൾ നൽകിയ ഭേദഗതി ഹരജി സർവകലാശാലയുടെ എതിർപ്പുകൾ തള്ളിക്കൊണ്ട് ഹൈക്കോടതി അംഗീകരിച്ചു.

ഈ സാഹചര്യത്തിൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്തെത്തി. വിദ്യാർത്ഥികളുടെ ഭേദഗതി ഹരജിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി വിശദമായ വാദം കേൾക്കും.

വിദ്യാർത്ഥികളോട് പ്രതികാരബുദ്ധിയോടെയാണ് വി.സിയും ബന്ധപ്പെട്ടവരും പെരുമാറുന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷയെഴുതാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, ദീർഘകാലം അധ്യാപികയായിരുന്ന വി.സിയും മുൻ വിദ്യാർത്ഥി സംഘടനാ നേതാവായ മന്ത്രിയും വാശിയോടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവുകയാണ് ചെയ്തത്. തുടർന്ന് നാല് വിദ്യാർത്ഥികളുടെ സസ്പെൻഷൻ രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും, മാപ്പ് എഴുതി നൽകിയാൽ മറ്റ് 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന നിലപാടെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സസ്പെൻഷൻ കാലയളവ് ഹാജർ കണക്കിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഹാജരില്ലെന്ന് വാദിക്കാനാണ് സിസ തോമസ് ശ്രമിച്ചത്. എന്നാൽ സുപ്രീം കോടതി ഈ വാദങ്ങൾ തള്ളുകയും, വിഷയത്തിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് നിർദേശിക്കുകയുമായിരുന്നു. കോടതി വിധി അനുകൂലമായാൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ നടത്താമെന്ന് സുപ്രീം കോടതിയിൽ സർവകലാശാലയ്ക്ക് സമ്മതിക്കേണ്ടിവന്നതായും തോമസ് ഐസക് വ്യക്തമാക്കി.

കേസ് വീണ്ടും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചിലെത്തിയപ്പോൾ, സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നും നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഭേദഗതി ഹരജി നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സർവകലാശാലയുടെ എതിർവാദങ്ങൾ തള്ളിയ കോടതി, തുറന്ന മനസോടെ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയതോടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

ജെ.എൻ.യു, ജാമിയ മില്ലിയ, അലിഗഢ് സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി സമരങ്ങൾക്കൊടുവിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുകയും പ്രതികാര നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്ത മാതൃക കേരളത്തിലെ അധികാരികളും കണ്ടുപഠിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Content Highlight:Court allows amendment petition by Kalady University students; Thomas Isaac criticizes the Vice-Chancellor and the government.