തിരുവനന്തപുരം: വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തത് 15,627 പോസ്റ്റുകള്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസത്തിനിടെയാണ് ഇത്രയും പോസ്റ്റുകള്‍ നീക്കിയത്. സേവ്യര്‍ ചിറ്റിലപ്പള്ളി എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

എഡിറ്റ് ചെയ്ത വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടി എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇത് പ്രകാരം 4201 പരാതിയില്‍ 3472 എണ്ണത്തില്‍ നടപടി സ്വീകരിച്ചു എന്നും രമേശ് ചെന്നിത്തല മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്വീകരിച്ചിരുന്ന നിലപാട്.

മുഖ്യമന്ത്രിയുടെ പല നിലപാടുകള്‍ക്കെതിരെയും പ്രതികരിച്ച നോക്യാപ് റിപ്പോര്‍ട്ടര്‍ ദേശാഭിമാനി തുടങ്ങി മാധ്യമങ്ങളുടെ പോസ്റ്റ് മെറ്റ റിമൂവ് ചെയ്തിരുന്നു. സംഭവം വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. നോക്യാപ്പ് ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്ത നടപടിക്ക് പിന്നാലെ ചീഫ് എഡിറ്റര്‍ അലി ഹൈദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നോ ക്യാപ്പിന്റെ പേജ് പുനസ്ഥാപിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സഹയോഗ് പോര്‍ട്ടല്‍ മുഖേനയാണ് പൊലീസ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ വിശദീകരണം.

Content Highlight: 15,627 social media posts were removed after V.D. Satheesan assumed office as Chief Minister