ലണ്ടന്‍: വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എട്ട് ഇസ്രഈലി കമ്പനികള്‍ക്കും ഗസയിലേക്കുള്ള സഹയം എത്തിക്കുന്നത് തടയുന്ന ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പിനുമെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണ്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം നടന്ന നെസറ്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് യു.കെ ഇസ്രഈലി സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത്.

വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന സെറ്റില്‍മെന്റ് പദ്ധതിയായ E1 ടെന്‍ഡര്‍ കിഴക്കന്‍ ജറുസലേം, ബെത്‌ലഹേം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഫലസ്തീന്‍ ജനവാസ മേഖലകളെ ബാധിക്കുമെന്ന് ടൈംസ് ഓഫ് ഇസ്രഈലും റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കില്‍ വീടുകള്‍ നിര്‍മിക്കുന്ന ഹാര്‍ ഹെവ്‌റോണ്‍ ഡെവലപ്‌മെന്റ്, ഹെംദത്ത് ഷോമ്രോണ്‍, എസ്.ജി (വെല്‍വല്‍) കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്നീ എട്ട് കമ്പനികളുടെ ആസ്തികള്‍ മരവിപ്പിക്കുകയും ഡയറക്ടര്‍മാരുടെ അയോഗ്യരാക്കിയതായും ബ്രിട്ടണ്‍ അറിയിച്ചു. മാത്രമല്ല ദ്വി രാഷ്ട്ര പരിഹാരം സംരക്ഷിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പറഞ്ഞു.

‘ദ്വി രാഷ്ട്ര പരിഹാരം സംരക്ഷിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയസമീപനത്തിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് E1 വിഷയത്തില്‍ എന്റെ നിലപാട് വ്യക്തമായി പറയുന്നത്: ലേലത്തില്‍ പങ്കെടുക്കരുത്, നിര്‍മാണം നടത്തരുത്, രണ്ട് രാഷ്ട്ര പരിഹാരം ഇല്ലാതാക്കിക്കൊണ്ട് ലാഭമുണ്ടാക്കുകയും ചെയ്യരുത്,’ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഗസ മുനമ്പിലേക്ക് വെള്ളം, ഭക്ഷണം, ഇന്ധനം എന്നീ അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന മാനുഷിക സഹായ ട്രക്കുകള്‍ പതിവായി തടഞ്ഞതായി പറയുന്ന Tzav 9 (ത്സാവ് 9) എന്ന ഗ്രൂപ്പിനെതിരെയും യു.കെ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹമാസിനെതിരായ യുദ്ധം ഇസ്രഈല്‍ കൈകാര്യം ചെയ്ത രീതിയും അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ഇസ്രഈല്‍ സര്‍ക്കാരിന്റെ പദ്ധതികളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രിട്ടന്റെയും ഇസ്രഈലിന്റെയും ബന്ധം വഷളാകാന്‍ കാരണം.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ ലണ്ടന്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കിഴക്കന്‍ ജറുസലേമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അടച്ചുപൂട്ടുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രഈല്‍ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ മാസം ബ്രിട്ടീഷ്, ഇസ്രഈലി നയതന്ത്ര പ്രതിനിധികള്‍ അവസാന നിമിഷം ധാരണയിലെത്തിയിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്.

 

Content Highlight: Britain imposes sanctions on eight Israeli companies and a group that blocks aid to Gaza