തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിനുപിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ മറ്റു മന്ത്രിമാർ.  മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് കൂടിയാലോചനകളില്ലാതെയാണെന്നും ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും മന്ത്രിമാർ ആരോപിച്ചു.

പി.എസ്.സി അംഗങ്ങളുടെ നിയമനം,  ഗുരുവായൂർ ദേവസ്വം നിയമനം ബന്ധപ്പെട്ട വിഷയങ്ങളിലാണ് മന്ത്രിസഭയിലെ തർക്കത്തിന് തുടക്കമിട്ടത്.

പ്രധാനമായും  റവന്യു മന്ത്രി എ.പി. അനിൽ കുമാറാണ് വിഷയം ഉന്നയിച്ചത്. ഇതോടെ എ.പി. അനിൽ കുമാറിനെ പിന്തുണച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫടക്കമുള്ള മറ്റു മന്ത്രിമാർ സംസാരിക്കുകയും ശക്തമായ നിലപാട് മന്ത്രിസഭയിൽ ഉയർത്തുകയും ചെയ്തു.

മന്ത്രിമാരുമായി കൂടിയാലോചിക്കാതെ പല വകുപ്പുകളിലും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും ഇത് ശരിയായ രീതിയല്ലെന്നും അനിൽ കുമാർ പറഞ്ഞു.

തീരുമാനങ്ങൾ എടുക്കുന്നതിൽ ഒന്നും അറിയുന്നില്ലെന്ന് സണ്ണി ജോസഫും ആർ.എസ്.പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ഷിബു ബേബി ജോണും പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പിലടക്കം അസാധാരണമായ തീരുമാനം ഉണ്ടാകുകയും ആ തീരുമാനങ്ങൾ ആരാണ് എടുക്കുന്നതെന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉയരുകയും ചെയ്തിരുന്നു.

 സണ്ണി ജോസഫ് അടക്കമുള്ള വകുപ്പ് മന്ത്രിമാർ മാധ്യമങ്ങളുടെ ചോദ്യങ്ങളുടെ മുന്നിൽ മറുപടി പറയാൻ ബുദ്ധിമുട്ടിയിരുന്നു.

ജി.എൻ.എ യിൽ നിന്നും മറ്റു കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിനെതിരെ മന്ത്രിമാർ നേരത്തെ വിമർശങ്ങൾ ഉയർത്തിയിരുന്നു.

യു.ഡി. എഫ് സർക്കാർ അധികാരത്തിലേറി ആറുമാസമാകുന്ന ദിവസത്തിലാണ് മന്ത്രിസഭയിൽ തർക്കമുണ്ടാകുന്നത്.

തീരുമാനങ്ങൾ എടുക്കുന്നതിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന മന്ത്രിമാരുടെ ആരോപണത്തിൽ നിർണായക തീരുമാനങ്ങൾ പെട്ടെന്ന് എടുക്കേണ്ടി വരുന്നത് കൊണ്ടാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

തർക്കങ്ങൾക്കിടെ പി.എസ്.സി അംഗങ്ങളുടെ ലിസ്റ്റിനും ഗുരുവായൂർ ദേവസ്വം നിയമനങ്ങൾക്കും മന്ത്രിസഭാ അംഗീകാരം നൽകി.

Content Highlight: Ministers oppose Chief Minister V.D Satheeshan; dispute in the Cabinet